# ഗോവ ചലച്ചിത്രമേളയിലേക്ക് ‘സർവ്വം മായ’; ഇന്ത്യൻ പനോരമയിൽ ‘ദ കേരള സ്റ്റോറി 2’-വും ഇടംപിടിച്ചു, ഉദ്ഘാടന ചിത്രം ‘ധുരന്ധർ’!

- Link: https://ml.b4blaze.com/film-news/sarvam-maya-heads-to-the-goa-film-festival-the-kerala-story-2-also-secures-a-spot-in-the-indian-panorama-while-dhurandhar-is-the-opening-film
- Published: 2026-11-15T11:02:07+05:30
- Author: Soorya S

ഗോവ അന്താരാഷ്ട്ര ചലച്ചിത്രമേളയോടനുബന്ധിച്ചുള്ള ഇന്ത്യൻ പനോരമയിലേക്കുള്ള ചിത്രങ്ങൾ
പ്രഖ്യാപിച്ചപ്പോൾ മലയാളത്തിന് അഭിമാനമായി അഖിൽ സത്യൻ സംവിധാനം ചെയ്ത ‘സർവ്വം മായ’ 
ഫീച്ചർ വിഭാഗത്തിൽ തിരഞ്ഞെടുക്കപ്പെട്ടു. സംവിധായകൻ മധുർ ഭണ്ഡാർകറിന്റെ നേതൃത്വത്തിലുള്ള
സമിതിയാണ് 25 ഫീച്ചർ സിനിമകളുടെ പട്ടിക തയ്യാറാക്കിയത്. വിവാദമുയർത്തിയ ഹിന്ദി ചിത്രം‘
ദ കേരള സ്റ്റോറി 2 ഗോസ് ബിയോണ്ട്’ പനോരമയിൽ ഇടംപിടിച്ചപ്പോൾ, ആദിത്യ ധർ സംവിധാനം ചെയ്ത‘
ധുരന്ധർ’ ആണ് ഇന്ത്യൻ പനോരമയുടെ ഉദ്ഘാടന ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്.

ഇന്ത്യൻ പനോരമയിലെ മെയിൻ സ്ട്രീം വിഭാഗത്തിൽ കന്നഡ ചിത്രമായ ‘കാന്താര: എ ലെജൻഡ് ചാപ്റ്റർ
1’ തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ഇതിനുപുറമെ, സംവിധായകൻ ഹിമാംശു ശേഖർ ഖത്വയുടെ നേതൃത്വത്തിലുള്ള
സമിതി തിരഞ്ഞെടുത്ത 20 നോൺ ഫീച്ചർ സിനിമകളുടെ പട്ടികയിലും മലയാളത്തിന്റെ സാന്നിധ്യമുണ്ട്.
സന്ദീപ് ഫ്രാൻസിസ് സംവിധാനം ചെയ്ത മലയാളം ഹ്രസ്വചിത്രം ‘സ്വിച്ച് ഓഫ്’, മലയാളി സംവിധായകൻ
വിജീഷ് മണി തമിഴിൽ ഒരുക്കിയ ‘അട്ടപ്പാടി’ എന്നീ ചിത്രങ്ങളാണ് നോൺ ഫീച്ചർ വിഭാഗത്തിൽ
ഇടംനേടിയത്.