# ഒടുവില്‍ സിനിമയ്ക്ക് പേര് കണ്ടെത്തി സത്യന്‍ അന്തിക്കാട്! കാത്തിരിപ്പ് വെറുതെയായില്ല…

- Link: https://ml.b4blaze.com/film-news/sathyan-anthikkad-movie-makal
- Published: 2021-12-12T11:10:26+05:30
- Author: Rahul

പ്രേക്ഷകര്‍ക്ക് എന്നും ഓര്‍ത്തുവെയ്ക്കാന്‍ നിരവധി ഹിറ്റ് കുടുംബ ചിത്രങ്ങള്‍ സമ്മാനിച്ച
സംവിധായകനാണ് സത്യന്‍ അന്തിക്കാട്. ജയറാമിനെയും മീരാജാസ്മിനെയും കേന്ദ്രകഥാപാത്രങ്ങളാക്കി
അദ്ദേഹം പുതിയ ഒരു സിനിമ സംവിധാനം ചെയ്ത്‌കൊണ്ടിരിക്കുകയാണ്. ജയറാം എന്ന നടന്റെ നല്ലൊരു
തിരിച്ചുവരവിനാണ് സത്യന്‍ അന്തിക്കാട് സിനിമയിലൂടെ ആരാധകര്‍ കാത്തിരിക്കുന്നത്. മാത്രമല്ല,
ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം മലയാളികളുടെ പ്രിയപ്പെട്ട നടി മീരാ ജാസ്മിന്‍ മലയാള സിനിമയിലേക്ക്
തിരിച്ചെത്തുന്നു എന്ന പ്രത്യേകത കൂടി ഈ ചിത്രത്തിനുണ്ട്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2021/12/SATHYAN-aNTHIKKAD-
300x169.jpg?resize=829%2C467&ssl=1)

ഈ പ്രത്യേകതകളെല്ലാം ഉള്ള സിനിമ വാര്‍ത്തകളില്‍ എല്ലാം ഇടംപിടിച്ചെങ്കിലും ചിത്രത്തിന്റെ
പേര് മാത്രമായിരുന്നു ചോദ്യ ചിഹ്നമായി നിന്നത്. ഇപ്പോഴിതാ സിനിമയുടെ പേര് എവിടെ എന്ന്
അന്വേഷിച്ചവര്‍ക്കുള്ള മറുപടിയുമായി സംവിധായകന്‍ സത്യന്‍ അന്തിക്കാട് തന്നെ രംഗത്ത്
എത്തിയിരിക്കുകയാണ്. ‘മകള്‍’ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. പേര് വെളിപ്പെടുത്തിക്കൊണ്ട്
അദ്ദേഹം പങ്കുവെച്ച ഒരു ഫേസ്ബുക്ക് പോസ്റ്റാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. സത്യന്‍ 
അന്തിക്കാടിന്റെ കുറിപ്പ് ഇങ്ങനെയായിരുന്നു…പുതിയ സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാകാറായി.
ഇത് വരെ പേരിട്ടില്ലേ എന്ന് പലരും ചോദിച്ചു തുടങ്ങി. പൊതുവെ വൈകി പേരിടുന്നതാണ് എന്റെയൊരു
പതിവ്. അത് മനഃപൂര്‍വ്വമാണെന്ന് ചിലരൊക്കെ പറയാറുണ്ട്. മനസ്സിനിണങ്ങിയ ഒരു പേര് കണ്ടെത്താനുള്ള
ശ്രമം സിനിമയെപ്പറ്റി ആലോചിക്കുമ്പോള്‍ തന്നെ തുടങ്ങുന്നു എന്നതാണ് വാസ്തവം. അത് തെളിഞ്ഞു
വരാന്‍ ഒരു സമയമുണ്ട്. ഇപ്പോള്‍ പുതിയ സിനിമയുടെ പേര് മനസ്സില്‍ തെളിഞ്ഞിരിക്കുന്നു.‘
മകള്‍’. അത് നിങ്ങളുമായി പങ്കുവയ്ക്കുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2021/12/87339375-300x225.
jpg?resize=863%2C647&ssl=1)

‘ഒരു ഇന്ത്യന്‍ പ്രണയകഥ’യും, ‘കുടുംബപുരാണ’വും, ‘കളിക്കള’വുമൊക്കെ നിര്‍മ്മിച്ച ‘സെന്‍ട്രല്‍
പ്രൊഡക്ഷന്‍സാണ്’ നിര്‍മ്മാതാക്കള്‍. ഡോ. ഇക്ബാല്‍ കുറ്റിപ്പുറത്തിന്റേതാണ് രചന. വിസ്മരണീയമായ
ദൃശ്യാനുഭവങ്ങള്‍ നല്‍കുന്ന എസ്. കുമാറാണ് ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. ജയറാമും,
മീര ജാസ്മിനും വീണ്ടും ഞങ്ങളോടൊപ്പം ചേരുന്നു എന്നതാണ് ഏറ്റവും വലിയ സന്തോഷം. ഞാന്‍
പ്രകാശനിലെ ടീന മോളായി വന്ന ദേവിക സഞ്ജയ് ഇത്തവണയും എന്നെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്.
കാത്തിരിക്കുക. തിയേറ്ററുകളിലൂടെത്തന്നെ ‘മകള്‍’ നിങ്ങള്‍ക്കു മുമ്പിലെത്തും അദ്ദേഹം
കുറിച്ചു.

 
