# ഷൂട്ടിനിടയില്‍ ഉറങ്ങും, സീന്‍ ആവുമ്പോള്‍ എണീറ്റ് വരും!!! ഇന്നലെ പക്ഷെ എണീറ്റില്ല! സുമേഷേട്ടന്റെ ഓര്‍മ്മ പങ്കുവച്ച് സ്‌നേഹ ശ്രീകുമാര്‍

- Link: https://ml.b4blaze.com/film-news/sneha-sreekumar-about-vp-khalid-memories
- Published: 2022-06-25T20:02:43+05:30
- Author: Anu

കഴിഞ്ഞ ദിവസമാണ് സീരിയല്‍ നടന്‍ വിപി ഖാലിദ് ഷൂട്ടിംഗ് ലൊക്കേഷനില്‍ വച്ച് മരണപ്പെട്ടത്.
ഒത്തിരിയൊത്തിരി പൊട്ടിച്ചിരിപ്പിച്ചാണ് മറിമായത്തിലെ സുമേഷേട്ടന്‍ വിടപറഞ്ഞത്. ഖാലിദുമൊത്തുള്ള
അവസാന നിമിഷങ്ങളിലെ ഫോട്ടോ പങ്കുവച്ചാണ് ഞങ്ങളുടെ കാരണവര്‍ യാത്രയായെന്നും പറഞ്ഞാണ്
സ്‌നേഹ ശ്രീകുമാര്‍ അദ്ദേഹത്തിന് ആദരാജ്ഞലികള്‍ നേര്‍ന്നിരുന്നത്.

ഇപ്പോഴിതാ സ്‌നേഹ ശ്രീകുമാര്‍ പങ്കുവച്ച ഹൃദ്യമായ ഓര്‍മ്മക്കുറിപ്പും വൈറലായിരിക്കുകയാണ്.
ഇന്നലെ രാവിലെ സിനിമയില്‍ അഭിനയിച്ച ആളാണ്, ഇന്നില്ല…. എപ്പഴും പറയുമായിരുന്നു മരിക്കുവാണെങ്കില്‍
അഭിനയിച്ചു കൊണ്ടിരിക്കുമ്പോള്‍ മരിക്കണമെന്ന്, അങ്ങനെ തന്നെയായെന്ന് സ്‌നേഹ പറയുന്നു.

ഇന്നലെ രാവിലെ ജൂഡിന്റെ സിനിമയില്‍ ശ്രീയുടെ കൂടെ അഭിനയിച്ചു, ഭക്ഷണവും കഴിച്ചു… ഭക്ഷണത്തിനുള്ള
ബ്രേക്ക് കഴിഞ്ഞു വീണ്ടും ഇക്കയുടെ സീന്‍ ആയിരുന്നു എടുക്കാനുള്ളതു, അതിനു പക്ഷെ ആളില്ല,
എത്ര പെട്ടന്നാണ് എല്ലാം സംഭവിച്ചത്. ഇന്നലെ രാത്രി 11 മണി വരെ ഇക്കയുടെ അടുത്ത് നില്‍ക്കുമ്പോള്‍
ഞങ്ങള്‍ പറയുവായിരുന്നു ചിലപ്പോള്‍ അഭിനയിക്കാന്‍ ഇപ്പൊ എണീറ്റു വരുമെന്ന്..

ഇടയ്ക്കു മറിമായം ഷൂട്ടിനിടയില്‍ ഉറങ്ങും, സീന്‍ ആവുമ്പോള്‍ എണീറ്റ് വന്നു അഭിനയിക്കും…
ഇന്നലെ പക്ഷെ എണീറ്റില്ല… മറിമായത്തിന്റെ രണ്ടാം എപ്പിസോഡ് മുതല്‍ കൂടെയുണ്ട്. ഈ 11
വര്‍ഷവും കൂടെ നില്‍ക്കാന്‍ പറ്റിയത് ഞങ്ങളുടെ ഭാഗ്യം, അത്രേം അനുഭവങ്ങള്‍ ഉള്ള മനുഷ്യന്‍
ആയിരുന്നു. ഗായകന്‍, മജിഷ്യന്‍, ഡാന്‍സര്‍, ആക്ടര്‍ അങ്ങനെ എല്ലാം ആയിരുന്നെന്ന് സ്‌നേഹ
പറയുന്നു.
  പഴയ അനുഭവകഥകള്‍ ഈ 11 വര്‍ഷം പറഞ്ഞിട്ടും തീര്‍ന്നിട്ടില്ല, ഇനിയും ഉണ്ട്
പറയാന്‍ ബാക്കിവച്ചത്.. എത്ര വിഷമം വന്നാലും ആരുടെ മുന്നിലും കരയരുത്, ചിരിക്കണം എന്ന്
പറയുമായിരുന്നു, ഇന്നലെ ഞങ്ങള്‍ അതിനു ശ്രമിക്കുവായിരുന്നു.. ഞങ്ങള്‍ക്ക് നഷ്ടപ്പെട്ടത്
മറിമായം കുടുംബത്തിലെ കാരണവരെയാണ്…സ്‌നേഹ ഫേസ്ബുക്കില്‍ കുറിച്ചു.
