# മമ്മുക്കയ്ക്ക് എതിരെ സമൂഹ മാധ്യമങ്ങളില്‍ പ്രതിഷേധം: അഭിമുഖങ്ങളില്‍ നടിയുടെ പരാതിയുമില്ല, അമ്മയുടെ നിലപാടുമില്ല

- Link: https://ml.b4blaze.com/film-news/social-media-agains-mamokka
- Published: 2022-05-12T22:57:40+05:30
- Author: Rahul

നടന്‍ മമ്മുക്കയ്ക്ക് എതിരെ സമൂഹ മാധ്യമങ്ങളില്‍ പ്രതിഷേധം ശക്തമാകുന്നു. മലയാള സിനിമാ
ഇന്‍ഡസ്ട്രിയിലെ കുലപതികളില്‍ ഒരാളായി വാഴുന്ന മമ്മുക്ക, മലയാള സിനിമാ മേഖലയിലെ സുപ്രധാനമായ
സമകാലിക വിഷയങ്ങളില്‍ മൗനം പാലിക്കുന്നതിന് എതിരെയാണ് പ്രതിഷേധം ഇരമ്പുന്നത്. തന്റെ
പുതിയ ചിത്രത്തിന്റെ പ്രൊമോഷന് വേണ്ടി മാധ്യമങ്ങള്‍ക്ക് മുമ്പില്‍ എത്തിയിട്ടും ഇരയക്ക്
ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാന്‍ പോലും മമ്മൂട്ടി തയ്യാറാകാത്തതാണ് ആരാധകരെ അടക്കം ചൊടിപ്പിച്ചിരിക്കുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/03/mammootty-cbi.jpg?
resize=600%2C900&ssl=1)

പുഴു ആണ് മമ്മുട്ടിയുടേത് ആയി റിലീസിന് ഒരുങ്ങുന്ന ഏറ്റവും പുതിയ ചിത്രം. ഒ ടി ടിയില്‍
പ്രദര്‍ശനത്തിന് എത്തുന്ന ചിത്രത്തിന്റെ റിലീസിന് മുന്നോടിയായി ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്ക്
അടക്കം അഭിമുഖം നല്‍കാന്‍ മമ്മൂട്ടി തയ്യാറായിട്ടുണ്ട്. എന്നാല്‍ ഒറ്റ അഭിമുഖത്തില്‍
പോലും സമകാലിക വിഷയങ്ങളില്‍ ഒരു വാക്കുപോലും മിണ്ടാത്ത മമ്മുക്ക, സിനിമയുടെ പ്രൊമോഷനില്‍
മാത്രമാണ് ശ്രദ്ധ നല്‍കിയിരിക്കുന്നത്.

അവതാരകര്‍ താരത്തോട് ചോദിക്കുന്ന ചോദ്യങ്ങളിലും യുവ നടിയുടെ പീഡന പരാതി, നടന്‍ വിജയ്
ബാബു, വിജയ് ബാബുവിന് എതിരെ താര സംഘടനയായ അമ്മയുടെ നിലപാടിലുള്ള അഭിപ്രായം, സിനിമാ 
മേഖലയിലെ നടിമാരുടെ സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിന് ഉള്ള ഹേമ കമ്മിറ്റി റിപ്പോര്‍ട്ട
തുടങ്ങിയവയില്‍ ഒന്നും തന്നെ പ്രതിപാതിക്കുന്ന ചോദ്യങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടില്ല.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/05/mammootty-new-1.
jpg?resize=1280%2C720&ssl=1)

അഭിമുഖം ആരംഭിക്കുന്നതിന് മുമ്പ് തന്നെ ഈ വിഷയങ്ങളിലെ ചോദ്യങ്ങള്‍ ഒഴിവാക്കാന്‍ അവതാരകര്‍ക്ക്
നിര്‍ദ്ദേശം ലഭിച്ചിട്ടുണ്ടാകാം എന്നാണ് വിലയിരുത്തല്‍. മമ്മുക്കയുടെ ഒരു ഇന്റര്‍വ്യൂ
ലഭിക്കുക എന്ന അവസരം ജേര്‍ണലിസ്റ്റിക് എത്തിക്‌സിന്റെ പേരില്‍ മാധ്യമങ്ങള്‍ നഷ്ടപ്പെടുത്താന്‍
തയ്യാറായിട്ടുണ്ടാവില്ലാ എന്നും കരുതപ്പെടുന്നു.

അതേസമയം, മമ്മൂട്ടി പോലെയുള്ള മുന്‍ നിര താരങ്ങള്‍ക്ക് ഒരു വിഷയത്തില്‍ അഭിപ്രായം രേഖപ്പെടുത്താന്‍
ഇന്നത്തെ കാലത്ത് ഒരു മാധ്യമത്തിന്റെ മുമ്പില്‍ എത്തേണ്ട കാര്യമില്ലായെന്നും ചിലര്‍
ചൂണ്ടിക്കാണിക്കുന്നു. ഒരു ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ പോലും ശക്തമായ നിലപാട് പ്രകടിപ്പിക്കാനും,
അതിന് പരമാവധി പ്രചാരം നല്‍കാനും കെല്‍പ്പുള്ള മമ്മൂട്ടി ഇതുവരെ ഈ വിഷയങ്ങളി ഒന്നും
പ്രതികരിച്ചില്ലായെങ്കില്‍, അഭിമുഖങ്ങളില്‍ പ്രതികരിക്കും എന്ന് കരുതുന്ന പ്രേക്ഷകര്‍
മണ്ടന്മാര്‍ ആണെന്നും ചിലര്‍ ചൂണ്ടിക്കാണിക്കുന്നു
