# ‘പ്രശ്നക്കാരെ‘ വച്ച് പടം ചെയ്തിട്ട് കുഴപ്പമുണ്ടായോ, ഷൈന്റെ കുറിക്ക് കൊള്ളുന്ന ചോദ്യം, അതിനെ വെല്ലുന്ന ഉത്തരം!

- Link: https://ml.b4blaze.com/film-news/sohan-seenulal-about-shine-tom-chacko
- Published: 2023-11-07T13:47:59+05:30
- Author: Gargi

‘പ്രശ്നക്കാരായ’ ശ്രീനാഥ് ഭാസിയെയും ഷൈൻ ടോം ചാക്കോയെയും നായകരാക്കി സിനിമ ചെയ്തപ്പോൾ
എന്തെകിലും കുഴപ്പമുണ്ടായോ… ചോദ്യം ചോദിച്ചത് ഷൈൻ ടോം ചാക്കോ തന്നെയാണ്. ‘ഡാൻസ് പാർട്ടി’
എന്ന സിനിമയുടെ ഓഡിയോ ലോഞ്ചിൽ സംവിധായകൻ സോ​ഹൻ സീനുലാലിനോടാണ് ഷൈൻ ഇത്തരമൊരു ചോദ്യം
ഉന്നയിച്ചത്. സംവിധായകൻ അതിന് കൃത്യമായ മറുപടിയും നൽകി. ‘ശ്രീനാഥിനെയും ഷൈനിനെയും കുറിച്ച്
നല്ലതേ പറയാനുള്ളൂ എന്നും നമ്മൾ വളർത്തുന്ന മൃഗങ്ങളുടെ സ്വഭാവം നമ്മൾ തന്നെ നന്നായി
അറിഞ്ഞിരുന്നാൽ ഒരു പ്രശ്‌നമില്ലെന്നുമായിരുന്നു സോഹന്റെ മറുപടി.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/11/shineee.jpg?resize
=820%2C450&ssl=1)

ഇരുവരുടെയും പൂർണമായ സഹകരണവും കഠിന പ്രയത്നവും കൊണ്ട് സിനിമ നിശ്ചയിച്ച സമയത്തിനുള്ളിൽ
തന്നെ തീർക്കാൻ കഴിഞ്ഞു. നല്ലത് പറയാൻ വേണ്ടിയിട്ടാണെന്ന് ഇത് ചോദിച്ചതെന്ന് അറിയാമെന്നും
സോഹൻ സീനുലാൽ പറഞ്ഞു. ‘‘ ഞാൻ തമാശ പറയുന്നതല്ല ഇവർ എല്ലാ രീതിയിലും എന്റെ കൂടെ സഹകരിച്ചത്
കൊണ്ട് മാത്രമാണ് പറഞ്ഞ ഷെഡ്യൂളിന് ഒരു ദിവസം മുൻപ് ഈ സിനിമ പൂർത്തിയാക്കാൻ സാധിച്ചത്.
ഈ സിനിമയിൽ അഭിനയിച്ച എല്ലാവരും തിരക്കുള്ള ആൾക്കാരാണ്. എങ്കിലും അവരുടെ പരിപൂർണമായ
സഹകരണവും കഠിന പ്രയത്നവും ഉണ്ടായിരുന്നു. ഈ അവസരത്തിൽ ഷൈൻ ടോം ചാക്കോയോടും വിഷ്ണു ഉണ്ണികൃഷ്ണനോടും
ശ്രീനാഥ്‌ ഭാസിയോടും ബാക്കി എല്ലാവരോടും നന്ദി പറയുന്നു ‘‘ – സോഹൻ സീനുലാൽ പറഞ്ഞു.

അതേസമയം, ഷൈന്റെ മറുപടിയും രസകരമായിരുന്നു. ‘‘ ഒരു നിർണായകമായ അവസരത്തിൽ ആണല്ലോ നിങ്ങൾ
ഈ പടം ചെയ്യുന്നത്. കാരണം വിലക്ക് നേരിടുന്ന ശ്രീനാഥ്‌ ഭാസി, വളരെയധികം ചീത്തപ്പേര്
നേരിട്ടുകൊണ്ടിരിക്കുന്ന ഞാൻ. പ്രാവിനെ വളർത്തുന്നതുപോലെ പുലിയെ വളർത്തിയാൽ ശരിയാകുമോ?
എല്ലാവരും പ്രാവ് ആയതുകൊണ്ട് കാര്യമുണ്ടോ.?’’ – ഷൈൻ പറഞ്ഞു. ശ്രീനാഥ് ഭാസി, വിഷ്ണു 
ഉണ്ണികൃഷ്ണൻ, ഷൈൻ ടോം ചാക്കോ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സോഹൻസീനുലാൽ സംവിധാനം
ചെയ്യുന്ന ചിത്രമാണ് ഡാൻസ് പാർട്ടി. സോഹൻ തന്നെയാണ് ചിത്രത്തിന്റെ രചനയും നിർവഹിക്കുന്നത്.
