# ‘അന്ന് അവിടെ എന്റെ സാന്നിധ്യം ഉണ്ടായിരുന്നു’ പ്രണയകാല ചിത്രങ്ങളുമായി പൃഥ്വിരാജ്

- Link: https://ml.b4blaze.com/film-news/supriya-menon-posts-a-throwback-with-picture-with-prithviraj
- Published: 2022-08-23T16:20:59+05:30
- Author: Gargi

നടനും സംവിധായകനുമായ പൃഥ്വിരാജ് സുകുമാരന്റേത് പ്രണയവിവാഹമായിരുന്നു. ഇപ്പോഴിതാ പ്രണയകാല
ചിത്രം പങ്കുവെച്ച് ഭാര്യയും നിര്‍മ്മാതാവുമായ സുപ്രിയ രംഗത്തെത്തിയിരിക്കുകയാണ്. വിവാഹത്തിന്
മുന്‍പേ തന്നെ പൃഥ്വിയുടെ ജീവിതത്തിലെ പ്രധാന ചടങ്ങില്‍ ഒരു നിഴലായി താന്‍ ഉണ്ടായിരുന്നുവെന്ന
സൂചന നല്‍കുന്ന ചിത്രമാണ് സുപ്രിയ പങ്കുവെച്ചത്. പോക്കിരി രാജയുടെ ഷൂട്ടിങ് വേളയില്‍
പൃഥ്വി പുതിയ കാര്‍ സ്വന്തമാക്കിയപ്പോള്‍ എടുത്ത ചിത്രമാണിത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/07/prithvi-ans-supriya-
2.jpg?resize=1280%2C720&ssl=1)

‘2009 അല്ലെങ്കില്‍ 2010, വര്‍ഷം കൃത്യമായി ഓര്‍ക്കുന്നില്ല. പോക്കിരി രാജയുടെ ഷൂട്ടിങ്
വേളയിലായിരുന്നു പൃഥ്വിരാജ്. ചിത്രത്തില്‍ കാണുന്ന Z4 കാര്‍ പൃഥ്വിരാജ് സ്വന്തമാക്കിയത്
അന്നാണ്. ഔദ്യോഗിക ചിത്രങ്ങളില്‍ ഒന്നും ഉണ്ടായിരുന്നില്ല എങ്കിലും, അവിടെ എന്റെ സാന്നിധ്യം
ഉണ്ടായിരുന്നു’വെന്നാണ് താരം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് പങ്കുവെച്ച് കുറിച്ചത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/08/supriya-1.jpg?resize
=1059%2C592&ssl=1)

അതേസമയം വര്‍ഷം 2010 ആണെന്ന് കുറിച്ചു കൊണ്ട് ഒരു ആരാധകന്‍ രംഗത്തെത്തി. പൃഥ്വിരാജിന്റെ
തേവരയിലെ ഫ്‌ലാറ്റിലേക്ക് ലൈറ്റ് വാങ്ങാന്‍ പനമ്പള്ളി നഗറിലെ കടയില്‍ ഇരുവരും ഒന്നിച്ചെത്തിയിരുന്നത്
താന്‍ ഇപ്പോഴും ഓര്‍ക്കുന്നു എന്നും പ്രവീണ്‍ എന്നൊരാള്‍ കമന്റ് ചെയ്തു. താങ്കള്‍ക്ക്
നല്ല ഓര്‍മ ശക്തിയാണല്ലോ എന്നാണ് സുപ്രിയ ഇതിന് മറുപടി നല്‍കിയത്. 2011 ഏപ്രില്‍ 25ന്
പാലക്കാട് വച്ചായിരുന്നു പൃഥ്വിരാജ്- സുപ്രിയ വിവാഹം. ഇരുവര്‍ക്കും ഒരു മകളാണ് അലംകൃത.
