# സുരേശന്റെ 1000 കണ്ണുമായി ഓട്ടോയിരുന്ന് സെല്‍ഫി എടുക്കാം!! സെല്‍ഫി ബൂത്തുകള്‍ റെഡി

- Link: https://ml.b4blaze.com/film-news/sureshan-sumalatha-selfie-auto-viral
- Published: 2024-03-29T17:54:36+05:30
- Author: Anu

പ്രഖ്യാപന സമയം മുതല്‍ കൗതുകവും സസ്‌പെന്‍സും നിറച്ച ചിത്രമാണ് ‘സുരേശന്റേയും സുമലതയുടെയും
ഹൃദയഹാരിയായ പ്രണയകഥ’. കാത്തിരിപ്പിനൊടുവില്‍ ചിത്രം റിലീസിന് ഒരുങ്ങിയിരിക്കുകയാണ്.
രതീഷ് ബാലകൃഷ്ണന്‍ പൊതുവാള്‍ ഒരുക്കുന്ന ‘സുരേശന്റേയും സുമലതയുടേയും ഹൃദയഹാരിയായ പ്രണയകഥ’
മാര്‍ച്ച് 16ന് തിയ്യേറ്ററിലെത്തുകയാണ്.

കാത്തിരിപ്പിനൊടുവില്‍ സുരേശനും സുമലതയും നായകനും നായികയുമായെത്തുന്ന ചിത്രം തിയേറ്ററുകളിലേക്ക്
എത്താനൊരുങ്ങുമ്പോള്‍ കേരളത്തിലെ വിവിധ തിയേറ്ററുകളില്‍ സുരേശനും സുമലതയ്ക്കും ഒപ്പം
സെല്‍ഫിയെടുക്കാന്‍ ഒരു സെല്‍ഫി ബൂത്ത് സെറ്റ് ചെയ്തിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍.

സുരേശന്റേയും സുമലതയുടെയും പ്രണയം പൂത്തുലഞ്ഞ 1000 കണ്ണുമായ് എന്ന് ആലേഖനം ചെയ്ത ഓട്ടോറിക്ഷയ്ക്ക്
ഏറെ ആരാധകരുണ്ട്. ഓട്ടോയുടെ ഫ്രെയിമിലാണ് സെല്‍ഫി ബൂത്ത് സെറ്റ് ചെയ്തിരിക്കുന്നത്.
നിരവധി സിനിമാപ്രേമികളാണ് സെല്‍ഫി ബൂത്തിലെത്തി സെല്‍ഫിയെടുക്കുന്നത്.

ഇമ്മാനുവല്‍ ജോസഫും അജിത് തലപ്പള്ളിയുമാണ് സിനിമയുടെ പ്രചാരണാര്‍ത്ഥം സെല്‍ഫി ബൂത്തൊരുക്കിയത്.
ആരാധകലോകം ഹൃദയത്തിലേറ്റെടുത്തിരിക്കുകയാണ് സെല്‍ഫി ബൂത്തിനെ. അടുത്തിടെ സിനിമയുടെ 
വേറിട്ട രീതിയിലുള്ള ഫസ്റ്റ് ലുക്കും വൈറലായിരുന്നു. 1960, 1990, 2023 ഇങ്ങനെ മൂന്ന്
കാലഘട്ടങ്ങളിലുള്ള സുരേശന്റേയും സുമലതയുടെയും പ്രണയ നിമിഷങ്ങളായിരുന്നു ബ്ലാക്ക് ആന്‍ഡ്
വൈറ്റിലും ഓറഞ്ച് നിറത്തിലും നീലയിലും ഇറക്കിയ പോസ്റ്ററിലുണ്ടായിരുന്നത്.
  രാജേഷ് 
മാധവനും ചിത്ര നായരുമാണ് സുമലത ടീച്ചര്‍, സുരേശന്‍ കാവുങ്കല്‍ എന്നീ കഥാപാത്രങ്ങളായി
എത്തുന്നത്. അടുത്തിടെ പുറത്തിറങ്ങിയ സൂപ്പര്‍ ഹിറ്റ് സിനിമയായ ‘ന്നാ താന്‍ കേസ് കൊട്’
ചിത്രത്തിലെ ശ്രദ്ധേയായ പ്രണയ ജോഡികളായിരുന്നു സുരേശനും സുമലതയും. ഇവരുടെ കഥയാണ് രതീഷ്
ബാലകൃഷ്ണന്‍ തന്റെ പുതിയ സിനിമയിലൂടെ പറയുന്നത്.
