# ‘ദളപതി 67’ല്‍ സംവിധായകന്‍ മിഷ്‌കിനും; ആവേശത്തോടെ പ്രേക്ഷകര്‍

- Link: https://ml.b4blaze.com/film-news/thalapathy-67-to-begin-shooting-mysskin-joins
- Published: 2022-10-26T17:30:24+05:30
- Author: Gargi

ലോകേഷ് കനകരാജിന്റെ പുതിയ ചിത്രത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍. വിജയ്‌ക്കൊപ്പമാണ്
ലോകേഷിന്റെ അടുത്ത ചിത്രം. ദളപതി 67 എന്ന് താത്ക്കാലികമായി പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ
പുതിയ അപ്‌ഡേറ്റുകള്‍ പുറത്തുവന്നിരിക്കുകയാണ്. ‘ദളപതി 67’ലെ പുതിയൊരു അഭിനേതാവിനെ 
കുറിച്ചുള്ള വാര്‍ത്തകളാണ് പുറത്തുവരുന്നത്. സംവിധായകന്‍ മിഷ്‌കിന്‍ ചിത്രത്തില്‍ ഒരു
പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുവന്നാണ് റിപ്പോര്‍ട്ട്. തൃഷ കൃഷ്ണന്‍ ആയിരിക്കും
ചിത്രത്തിലെ നായിക എന്ന് ഡിടിനെക്സ്റ്റ് നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/10/dalapathy-67.jpg?
resize=1280%2C720&ssl=1)

സെവന്‍ സ്‌ക്രീന്‍ സ്റ്റുഡിയോസിന്റെ ബാനറില്‍ ലളിത് കുമാറാണ് ചിത്രം നിര്‍മ്മിക്കുന്നത്.
ബോളിവുഡ് താരം സഞ്ജയ് ദത്ത് ചിത്രത്തില്‍ വില്ലനായി അഭിനയിക്കുമെന്ന വാര്‍ത്തകളും പ്രചരിച്ചിരുന്നു.
ആക്ഷന്‍ കിംഗ് അര്‍ജുനും ചിത്രത്തില്‍ ഒരു പ്രധാന വേഷത്തിലുണ്ടാകുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായെങ്കിലും
ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല. ‘ദളപതി 67’ല്‍ എന്തായാലും വന്‍ താരനിര തന്നെ 
അണിനിരക്കുമെന്ന് ഉറപ്പാണ്.

അനിരുദ്ധ് രവിചന്ദര്‍ ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. മാസ്റ്ററിന്
ശേഷം ലോകേഷും വിജയിയും ഒന്നിക്കുന്ന ചിത്രമാണ് ദളപതി 67. ഡിസംബറില്‍ ‘ദളപതി 67’ന്റെ
ചിത്രീകരണം ആരംഭിക്കും. ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷന്‍ ജോലികളുടെ തിരക്കിലാണ് ലോകേഷ്
കനകരാജ്. ലോകേഷ് കനകരാജ് തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ എഴുതുന്നത്.’

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/10/dalapathy.jpg?resize
=480%2C360&ssl=1)

അതേസമയം വര്‍ഷങ്ങള്‍ക്ക് ശേഷം വിജയിയും തൃഷയും ഒന്നിച്ചെത്തുന്നത് കാണാന്‍ കാത്തിരിക്കുകയാണ്
ആരാധകര്‍. 2008 ല്‍ പുറത്തിറങ്ങിയ കുരുവി എന്ന ചിത്രത്തിലാണ് വിജയ്-തൃഷ ജോഡികളെ ഒടുവില്‍
പ്രേക്ഷകര്‍ കണ്ടത്. പുറത്തുവരുന്ന വാര്‍ത്തകള്‍ യഥാര്‍ഥമാണെങ്കില്‍ വിജയിയും തൃഷയും
ഒന്നിച്ചെത്തുന്ന അഞ്ചാമത്തെ ചിത്രമാകും ദളപതി 67. ഇതിന് മുന്‍പ് ഗില്ലി, തിരുപാച്ചി,
ആത്തി, കുരുവി എന്നീ ചിത്രങ്ങളിലാണ് ഇരുവരും ഒന്നിച്ചെത്തിയത്.

കമല്‍ഹാസന്‍ നായകനായെത്തിയ വിക്രം ആയിരുന്നു ലോകേഷിന്റേതായി ഒടുവില്‍ തീയേറ്ററുകളിലെത്തിയ
ചിത്രം. കമല്‍ഹാസനൊപ്പം ഫഹദ് ഫാസില്‍, വിജയ് സേതുപതി എന്നിവരും ചിത്രത്തില്‍ പ്രധാന
വേഷത്തിലെത്തിയിരുന്നു. വംശി പൈഡപ്പള്ളിയുടെ വരിസു ആണ് വിജയ്യുടേതായി അടുത്ത പുറത്തിറങ്ങാനുള്ള
ചിത്രം.
