# എന്റെ ഭർത്താവിന് സംഭവിച്ചത് പോലെ എനിക്കും എന്തെങ്കിലും സംഭവിച്ചാൽ ?? താരാകല്യാണി

- Link: https://ml.b4blaze.com/film-news/thara-kallyani-reveals-about-her-husband
- Published: 2020-03-24T10:44:53+05:30
- Author: Rahul

മകള്‍ സൗഭാഗ്യയുടെ വിവാഹം തികച്ചും അപ്രതീക്ഷിതമായിരുന്നുവെന്ന് വെളിപ്പെടുത്തി നടി
താര കല്യാണ്‍. വളരെ ലളിതമായ ചടങ്ങുമാത്രമായിരുന്ന വിവാഹത്തെ സോഷ്യല്‍ മീഡിയയാണ് വലുതാക്കി
കാണിച്ചതെന്നും അതിന് എല്ലാവരോടുമായി നന്ദി പറയുകയാണെന്നും താരം പ്രതികരിച്ചു. ‘മകളുടെ
വിവാഹം എനിക്ക് ശരിക്കും ഒരു സര്‍പ്രൈസ് ആയിരുന്നു. വിവാഹക്കാര്യത്തെക്കുറിച്ച്‌ അവള്‍
എന്നോട് യാതൊന്നും സംസാരിച്ചിരുന്നില്ല. വിവാഹമേ വേണ്ട എന്നായിരുന്നു സൗഭാഗ്യയുടെ തീരുമാനം.
അതോര്‍ത്തപ്പോള്‍ എനിക്ക് വലിയ വിഷമം തോന്നി. കാരണം എന്റെ ഭര്‍ത്താവ് അപ്രതീക്ഷിതമായി
മരണപ്പെട്ടതുപോലെ എനിക്കും എന്തെങ്കിലും സംഭവിച്ചാല്‍ മകള്‍ ഒറ്റയ്ക്കാകുമല്ലോ എന്നായിരുന്നു
എന്റെ ചിന്ത.

പെട്ടെന്നൊരു ദിവസം അവള്‍ വിവാഹത്തിനു സമ്മതമാണെന്നു പറഞ്ഞു. അപ്പോള്‍ തന്നെ ഞാന്‍ 
വിവാഹ തിയതി നിശ്ചയിച്ചു. ഒരു ഫാന്‍സി നമ്ബര്‍ വേണമെന്നായിരുന്നു എന്റെ ആഗ്രഹം. അതുകൊണ്ടാണ്
20-02-2020 എന്ന തിയതി തിരഞ്ഞെടുത്തത്. യഥാര്‍ഥത്തില്‍ വിവാഹക്ഷണക്കത്ത് പോലും അച്ചടിച്ചില്ല.
ചിലരുടെയൊക്കെ നമ്ബര്‍ കണ്ടെത്തി ‍ക്ഷണിക്കുക മാത്രമാണ് ചെയ്തത്. അര്‍ജ്ജുനെ വളരെ വര്‍ഷം
മുന്‍പ് മുതല്‍ അറിയാം. അവന്റെ പ്രീഡിഗ്രി കാലത്ത് ഞാന്‍ അവനെ ഡാന്‍സ് പഠിപ്പിച്ചിട്ടുണ്ട്.

അന്ന് എന്റെ വിദ്യാര്‍ഥികള്‍ ആരും എന്നോട് ഒരു കാര്യത്തിനും മറുത്തൊരു വാക്ക് പറഞ്ഞിരുന്നില്ല.
എന്നാല്‍ ഒരു ദിവസം ഞാന്‍ വഴക്കു പറഞ്ഞപ്പോള്‍ അര്‍ജുന്‍ എന്നോട് തിരിച്ചു സംസാരിച്ചു.
അന്ന് ഞാന്‍ അവനെ പ്രത്യേകമായി ശ്രദ്ധിക്കുകയും അവനെ വിളിച്ച്‌ സംസാരിക്കുകയും ചെയ്ത്
പിണക്കം മാറ്റി. അന്നത്തെ എന്റെ വിദ്യാര്‍ഥി ഭാവിയില്‍ എന്റെ മകളുടെ ഭര്‍ത്താവായി വരുമെന്ന്
പ്രതീക്ഷിച്ചതേയില്ല. അര്‍ജുനെ മരുമകന്‍ എന്നല്ല മകന്‍ എന്നു വിളിക്കാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്.
അവനെ എനിക്ക് അത്രയ്ക്ക് ഇഷ്ടമാണ് ‘. ഒരു ചാനല്‍ പരിപാടിക്കിടെയായിരുന്നു താര കല്യാണിന്റെ
തുറന്നുപറച്ചില്‍.

ടിക് ടോകിലൂടെയും ഡബ്‌സ്മാഷിലൂടെയും പ്രേക്ഷകഹൃദയം കീഴടക്കിയ നടി സൗഭാഗ്യ വെങ്കിടേഷ്
കഴിഞ്ഞ ഫെബ്രുവരിയിലാണ് വിവാഹിതയായത്. അന്തരിച്ച നടന്‍ രാജാറാമിന്റെയും നടിയും നര്‍ത്തകിയുമായ
താരാകല്യാണിന്റെയും മകളാണ് സൗഭാഗ്യ. മുത്തശ്ശി സുബ്ബലക്ഷ്മിയും നടിയാണ്. സുഹൃത്തും 
ടിക്ടോക് പങ്കാളിയുമായ അര്‍ജുന്‍ സോമശേഖറുമായുള്ള നീണ്ട രണ്ടുവര്‍ഷത്തെ പ്രണയത്തിനൊടുവിലായിരുന്നു
വിവാഹം. 2019 ഡിസംബര്‍ 29ന് പത്മനാഭസ്വാമി ക്ഷേത്രത്തില്‍ അര്‍ജുനൊപ്പം നില്‍ക്കുന്ന
ചിത്രം പങ്കുവച്ചായിരുന്നു സൗഭാഗ്യ ആദ്യം വിവാഹസൂചനകള്‍ നല്‍കിയത്. ഏറെ വൈകാതെ തന്നെയായിരുന്നു
ഫെബ്രുവരി 20ന് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വച്ച്‌ താലികെട്ട് നടന്നത്.

ഇതിന് പിന്നാലെയായിരുന്നു വിന്‍സെന്റ് ഇകെഎം എന്ന വ്യാജ അക്കൗണ്ടില്‍ നിന്ന് വിവാഹവേളയില്‍
പകര്‍ത്തിയ വിഡിയോയിലെ ഒരു രംഗം മോശമായി പ്രചരിച്ചത്. തനിക്കെതിരെ നടന്ന സൈബര്‍ ആക്രമണത്തില്‍
ലൈവില്‍ വന്ന് പൊട്ടിക്കരഞ്ഞ താര കല്യാണിനെ പിന്തുണച്ച്‌ നിരവധിപേരായിരുന്നു രംഗത്തെത്തിയിരുന്നത്.
താരകല്യാണിന്റെ ലൈവിനെ സംബന്ധിച്ച്‌ വാര്‍ത്ത എത്തിയത് മുതല്‍ ഗൂഗിള്‍ ഉള്‍പ്പെടെയുള്ള
സെര്‍ച്ച്‌ എഞ്ചിനുകളില്‍ വിവാദ ചിത്രം തേടി നിരവധിപേര്‍ എത്തിയതും ഏറെ വാര്‍ത്തയായിരുന്നു.

ഇതോടെ ഇതുവരെ ആരും ഗൂഗിളില്‍ തിരച്ചില്‍ നടത്തിയിട്ടില്ലാത്ത താരത്തിന്റെ പേര് നിമിഷ
നേരത്തിനുള്ളില്‍ ഗൂഗിളിന്റെ ട്രന്റിങ് ലിസ്റ്റില്‍ ഇടംപിടച്ചു. വൈകുന്നേരവും രാത്രിയും
മലയാളികള്‍ ഭൂരിഭാഗവും ഈ ഫോട്ടോ അന്വേഷിക്കുകയായിരുന്നു. യുഎഇ, ഖത്തര്‍, ബഹറൈന്‍, ഒമാന്‍,
കുവൈത്ത് എന്നീ രാജ്യങ്ങളില്‍ നിന്നായിരുന്നു ഏറ്റവും കൂടുതല്‍ സേര്‍ച്ചിങ് വന്നത്.
താര കല്യാണ്‍ വൈറല്‍, താര കല്യാണ്‍ വൈറല്‍ വിഡിയോ, താര കല്യാണ്‍ വിഡിയോ, താരാ കല്യാണ്‍
ലേറ്റസ്റ്റ് എന്നൊക്കെ ഗൂഗിളില്‍ തിരഞ്ഞവരുണ്ടെന്നായിരുന്നു കണക്ക്.
