# ‘സംവിധായകൻ മോശമായി പെരുമാറി, അന്ന് എനിക്ക് പ്രായം 20’; സിനിമാ മേഖലയിലെ ദുരനുഭവം വെളിപ്പെടുത്തി സ്വര ഭാസ്‌കർ

- Link: https://ml.b4blaze.com/film-news/the-director-behaved-inappropriately-i-was-20-at-the-time-swara-bhasker-reveals-a-bad-experience-in-the-film-industry
- Published: 2026-11-16T12:36:16+05:30
- Author: Sana Fathima

സിനിമാ ജീവിതത്തിന്റെ തുടക്കകാലത്ത് സംവിധായകനിൽ നിന്ന് മോശം പെരുമാറ്റം നേരിടേണ്ടി
വന്നിട്ടുണ്ടെന്ന വെളിപ്പെടുത്തലുമായി നടി സ്വര ഭാസ്‌കർ. 2011ൽ സിനിമാ മേഖലയിൽ സ്വന്തമായൊരിടം
കണ്ടെത്താൻ ശ്രമിക്കുന്നതിനിടെയായിരുന്നു ദുരനുഭവമുണ്ടായതെന്ന് താരം പറഞ്ഞു. ‘ദി ഫ്രീ
പ്രസ് ജേണലി’ന് നൽകിയ അഭിമുഖത്തിലാണ് സ്വര ഇക്കാര്യം തുറന്നുപറഞ്ഞത്.മധ്യപ്രദേശിലെ 
പച്ച്മർഹിയിൽ നടന്ന ഒരു സിനിമയുടെ ചിത്രീകരണത്തിനിടെയാണ് സംവിധായകന്റെ ഭാഗത്തുനിന്ന്
മോശം പെരുമാറ്റമുണ്ടായത്. അന്ന് തനിക്ക് ഇരുപത് വയസ്സ് മാത്രമായിരുന്നുവെന്നും ഇത്തരം
സാഹചര്യങ്ങൾ കൈകാര്യം ചെയ്യാൻ സഹായിക്കുന്ന വ്യക്തിഗത ടീമോ സിനിമാ മേഖലയിൽ ആവശ്യമായ
ബന്ധങ്ങളോ ഉണ്ടായിരുന്നില്ലെന്നും സ്വര ഓർത്തെടുത്തു.

‘തനു വെഡ്സ് മനു’ എന്ന ചിത്രത്തിൽ അഭിനയിച്ചതിന് തൊട്ടുപിന്നാലെയായിരുന്നു സംഭവം. സംവിധായകന്റെ
പെരുമാറ്റം ലൈംഗികാതിക്രമത്തിന്റെ പരിധിയിൽ വരുന്നതാണെന്ന് അന്ന് തിരിച്ചറിയാൻ പോലും
തനിക്ക് കഴിഞ്ഞിരുന്നില്ലെന്നും താരം പറഞ്ഞു.
ശാരീരികമായ സ്പർശനം ഉണ്ടായിരുന്നില്ല 
എന്നതാണ് സംഭവത്തിന്റെ ഗൗരവം തിരിച്ചറിയാൻ കഴിയാതിരുന്നതിന് കാരണമായി സ്വര ചൂണ്ടിക്കാട്ടുന്നത്.
പിന്നീട് മീ ടൂ പ്രസ്ഥാനം ശക്തമായതോടെയാണ് തനിക്കുണ്ടായ അനുഭവത്തെ മറ്റൊരു രീതിയിൽ 
വിലയിരുത്താൻ തുടങ്ങിയത്. മറ്റ് സ്ത്രീകൾ പങ്കുവെച്ച അനുഭവങ്ങൾ വായിച്ചപ്പോഴാണ് താൻ
നേരിട്ടതും ലൈംഗികാതിക്രമത്തിന്റെ പരിധിയിൽ വരുന്നതാണെന്ന് മനസിലായതെന്നും അവർ വ്യക്തമാക്കി.

56 ദിവസത്തെ ചിത്രീകരണ ഷെഡ്യൂളായിരുന്നു ചിത്രത്തിനുണ്ടായിരുന്നത്. എന്നാൽ ഷൂട്ടിങ്ങിന്റെ
ആദ്യ ദിവസങ്ങളിൽ തന്നെ സംവിധായകന്റെ മോശം പെരുമാറ്റം ആരംഭിച്ചു. കരിയറിൽ ചുവടുറപ്പിക്കാൻ
ശ്രമിക്കുന്ന ഘട്ടമായിരുന്നതിനാൽ സിനിമയിൽ നിന്ന് പിന്മാറുന്നതിനെക്കുറിച്ച് ചിന്തിക്കാൻ
പോലും തനിക്ക് കഴിയുമായിരുന്നില്ലെന്ന് സ്വര പറഞ്ഞു. തൊഴിൽപരമായ സ്വപ്നങ്ങളും ഭാവിയും
അപകടത്തിലാകുമെന്ന ഭയം ഇത്തരം സാഹചര്യങ്ങളിൽ സ്ത്രീകളെ നിശബ്ദരാക്കാറുണ്ടെന്നും താരം
ചൂണ്ടിക്കാട്ടി.

“എനിക്ക് ഈ പ്രോജക്റ്റിൽ നിന്ന് പിന്മാറാൻ താൽപ്പര്യമില്ല. ജോലി നഷ്ടപ്പെടുത്താനും 
ആഗ്രഹമില്ല. എനിക്കും ചില സ്വപ്നങ്ങളും ലക്ഷ്യങ്ങളുമുണ്ടല്ലോ. അതൊക്കെ ആഗ്രഹിക്കുന്നത്
ന്യായമല്ലേ?” എന്നായിരുന്നു സ്വരയുടെ ചോദ്യം. ഒടുവിൽ ചിത്രത്തിലെ പ്രധാന നടനോട് കാര്യങ്ങൾ
തുറന്നുപറയുകയും അദ്ദേഹത്തിന്റെ സഹായത്തോടെ സിനിമയുടെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസറെ 
വിവരം അറിയിക്കുകയും ചെയ്തു. തുടർന്ന് എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ തനിക്കൊപ്പം നിലകൊള്ളുകയും
ആവശ്യമായ പിന്തുണ നൽകുകയും ചെയ്തതോടെ ചിത്രീകരണം പൂർത്തിയാക്കാൻ സാധിച്ചുവെന്നും സ്വര
വ്യക്തമാക്കി.

അദ്ദേഹം പിന്നീട് തന്റെ അടുത്ത സുഹൃത്തായി മാറിയെന്നും അന്നുമുതൽ ഇന്നുവരെ തന്റെ മാനേജറായി
തുടരുകയാണെന്നും താരം പറഞ്ഞു.
“അദ്ദേഹം എന്നെ സംരക്ഷിച്ചു. യഥാർഥത്തിൽ എന്റെ സുഹൃത്തായി
മാറി. അന്നുമുതൽ ഇന്നുവരെ അദ്ദേഹം എന്റെ മാനേജരാണ്,” സ്വര പറഞ്ഞു.തൊഴിലിടങ്ങളിൽ ഇത്തരം
അനുഭവങ്ങൾ നേരിടുന്നവർ മൗനം പാലിക്കാതെ സഹായം തേടണമെന്നും വിശ്വസിക്കാവുന്നവരോട് കാര്യങ്ങൾ
തുറന്നുപറയണമെന്നും സ്വര ഉപദേശിച്ചു. എന്തെങ്കിലും തെറ്റായി തോന്നുന്ന സാഹചര്യമുണ്ടായാൽ
അത് തിരിച്ചറിയുകയും പ്രതികരിക്കുകയും ചെയ്യേണ്ടത് പ്രധാനമാണെന്നും താരം കൂട്ടിച്ചേർത്തു.
