# ‘സീനി’ലെ സർപ്രൈസ് എലമെന്റ് ലീക്കായിരുന്നില്ലെങ്കിൽ ചിത്രം കൂടുതൽ രസകരമായേനെ; വെളിപ്പെടുത്തലുമായി എഡിറ്റർ അജ്മൽ സാബു

- Link: https://ml.b4blaze.com/film-news/the-film-would-have-been-even-more-engaging-had-the-surprise-element-in-the-scene-not-been-leaked-editor-ajmal-sabu-reveals
- Published: 2026-11-15T13:37:21+05:30
- Author: Sana Fathima

ജിത്തു മാധവൻ സംവിധാനം ചെയ്ത ‘സീൻ’ എന്ന ചിത്രത്തിലെ നിർണായക സർപ്രൈസ് എലമെന്റ് റിലീസിന്
മുമ്പ് ചോർന്നതിനെ തുടർന്ന് എഡിറ്റിങ്ങിൽ വരുത്തിയ മാറ്റങ്ങളെക്കുറിച്ച് തുറന്നുപറഞ്ഞ്
എഡിറ്റർ അജ്മൽ സാബു. ചിത്രത്തിന്റെ ആദ്യ കട്ട് തയ്യാറാക്കുന്ന സമയത്തും ഡബ്ബിങ്ങിന്
പോകുമ്പോഴും ഈ ട്വിസ്റ്റിനെക്കുറിച്ച് പുറത്താർക്കും അറിവുണ്ടായിരുന്നില്ലെന്നും പിന്നീട്
എങ്ങനെയോ വിവരം ചോർന്നതോടെയാണ് എഡിറ്റിങ്ങിൽ മാറ്റങ്ങൾ വരുത്തേണ്ടിവന്നതെന്നും അദ്ദേഹം
പറഞ്ഞു. റിപ്പോർട്ടർ ഫിലിംസിന് നൽകിയ അഭിമുഖത്തിലാണ് അജ്മൽ ഇക്കാര്യം വ്യക്തമാക്കിയത്.

ചിത്രത്തിന്റെ 35-40 മിനിറ്റുകൾക്കിടയിൽ വരുന്ന നിർണായക വെളിപ്പെടുത്തലായിരുന്നു പ്രേക്ഷകരെ
ഏറ്റവും കൂടുതൽ അമ്പരപ്പിക്കേണ്ടിയിരുന്നത്. ഇന്റർവെല്ലിന് മുമ്പ് എത്തുന്ന ഈ രംഗത്തിന്
ആവശ്യമായ ദൈർഘ്യം നൽകിയിരുന്നത് പ്രേക്ഷകർക്ക് കാര്യങ്ങൾ വ്യക്തമായി മനസിലാക്കാനും 
ട്വിസ്റ്റ് ആസ്വദിക്കാനുമായിരുന്നു. എന്നാൽ സർപ്രൈസ് എലമെന്റ് പുറത്തായതോടെ ആ ഭാഗത്തേക്ക്
വേഗത്തിൽ എത്തുന്ന രീതിയിൽ ചിത്രം പുനഃക്രമീകരിക്കേണ്ടിവന്നുവെന്ന് അജ്മൽ പറഞ്ഞു.

‘ഫസ്റ്റ് കട്ട് ചെയ്യുമ്പോഴും ഡബ്ബിങ്ങിന് പോകുന്ന സമയത്തും ഈ എലമെന്റിനെക്കുറിച്ച്
പുറത്താർക്കും അറിയില്ലായിരുന്നു. പിന്നീടാണ് എവിടെ നിന്നോ വിവരം ലീക്കായത്. ചിത്രത്തിൽ
പ്രേക്ഷകരെ ഏറ്റവും കൂടുതൽ സർപ്രൈസ് ചെയ്യിക്കേണ്ട സംഭവമായിരുന്നു 35-40 മിനിറ്റിനിടയിൽ
വരുന്ന റിവീലിങ്. ഇന്റർവെല്ലിന് മുമ്പുള്ള ഈ ഭാഗത്തിന് ആവശ്യമായ ലെങ്ത്ത് നൽകിയിരുന്നു.
കാര്യങ്ങൾ പതുക്കെ അവതരിപ്പിച്ച് പ്രേക്ഷകർക്ക് ആസ്വദിച്ച് മനസിലാക്കാൻ കഴിയുന്ന രീതിയിലായിരുന്നു
ഒരുക്കിയത്.

എന്നാൽ വിവരം ലീക്കായതോടെ എങ്ങനെയെങ്കിലും ആ ഭാഗത്തേക്ക് പെട്ടെന്ന് എത്തിക്കണമെന്നായി.
അതേസമയം മറ്റ് കാര്യങ്ങളൊന്നും നഷ്ടപ്പെടാനും പാടില്ലായിരുന്നു. ട്വിസ്റ്റിനെക്കുറിച്ച്
അറിയാത്തവർക്ക് വേണ്ടത്ര ആവേശവും ലഭിക്കണം. ആ സർപ്രൈസ് പുറത്താകാതെ ചിത്രം കാണാൻ കഴിഞ്ഞിരുന്നെങ്കിൽ
കുറച്ചുകൂടി രസകരമായ അനുഭവമായേനെ’, അജ്മൽ സാബു പറഞ്ഞു. ചിത്രത്തിലെ പ്രധാന പ്ലോട്ടുകളിലൊന്ന്
റിലീസിന് മുമ്പ് തന്നെ ചോർന്നതിനെക്കുറിച്ച് സംവിധായകൻ ജിത്തു മാധവനും നേരത്തെ ഒരു 
അഭിമുഖത്തിൽ പ്രതികരിച്ചിരുന്നു. ഇതിന് പിന്നാലെ സിനിമയിലെ ട്വിസ്റ്റിനെക്കുറിച്ച് 
സമൂഹമാധ്യമങ്ങളിലും സിനിമാ ലോകത്തും വലിയ ചർച്ചകൾ ഉയർന്നിരുന്നു. ഈ സാഹചര്യത്തിലാണ്
ചിത്രം വീണ്ടും എഡിറ്റ് ചെയ്ത് നിരവധി മാറ്റങ്ങൾ വരുത്തേണ്ടിവന്നതിനെക്കുറിച്ച് എഡിറ്റർ
വെളിപ്പെടുത്തിയിരിക്കുന്നത്.

‘രോമാഞ്ചം’, ‘ആവേശം’ എന്നീ ചിത്രങ്ങൾക്ക് ശേഷം ജിത്തു മാധവൻ സംവിധാനം ചെയ്ത ചിത്രമാണ്‘
സീൻ’. ആഗോളതലത്തിൽ 200 കോടിയിലധികം രൂപയാണ് ചിത്രം ഇതുവരെ നേടിയതെന്നാണ് റിപ്പോർട്ട്.‘
കറുപ്പ്’, ‘വിശ്വനാഥൻ ആൻഡ് സൺസ്’ എന്നീ ചിത്രങ്ങൾക്ക് ശേഷം സൂര്യ നായകനായെത്തുന്ന ചിത്രമാണിത്.
ഡി.എസ്.പി ഇമ്പരാജ് എന്ന പൊലീസ് ഉദ്യോഗസ്ഥന്റെ വേഷത്തിലാണ് സൂര്യ ചിത്രത്തിൽ എത്തുന്നത്.

സ്റ്റൈലിഷ് മാസ് ലുക്ക്, ആക്ഷൻ രംഗങ്ങൾ, നർമ മുഹൂർത്തങ്ങൾ, ത്രില്ലടിപ്പിക്കുന്ന രംഗങ്ങൾ
എന്നിവ ചേർന്ന പക്കാ എന്റർടെയ്‌നറായാണ് ചിത്രം പ്രേക്ഷകർ ഏറ്റെടുത്തിരിക്കുന്നത്. ആക്ഷനും
കോമഡിയും സമന്വയിപ്പിച്ചുള്ള അവതരണശൈലിയും ചിത്രത്തിന്റെ പ്രധാന ആകർഷണമാണ്. മലയാളി 
താരം നസ്ലൻ ഈശ്വരൻ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുമ്പോൾ നസ്രിയ നസീമും ചിത്രത്തിൽ 
പ്രധാന വേഷത്തിലെത്തുന്നു. ആനന്ദ് രാജ്, ലാൽ, രാജ് പ്രിയൻ എന്നിവരും ചിത്രത്തിലെ താരനിരയിലുണ്ട്.