# ‘ഇന്നേക്കും എന്നേക്കും ഒരു തലവൻ താ…’; ഒടിടിയിലും തരംഗമാകാൻ രജിനികാന്ത്, ‘ജയിലർ 2’ സ്ട്രീമിങ് തീയതി പുറത്ത്

- Link: https://ml.b4blaze.com/film-news/the-leader-now-and-forever-rajinikanth-set-to-make-waves-on-ott-toojailer-2-streaming-date-revealed
- Published: 2026-11-05T15:28:28+05:30
- Author: Sana Fathima

തിയേറ്ററുകളിൽ വമ്പൻ വിജയമായി മാറിയ രജനികാന്ത് ചിത്രം ‘ജയിലർ 2’ ഒടിടിയിലേക്ക്. ആരാധകർ
ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രത്തിന്റെ ഡിജിറ്റൽ സ്ട്രീമിങ് തീയതി പുറത്തുവിട്ടു.
നവംബർ 12 മുതൽ ആമസോൺ പ്രൈം വീഡിയോയിലൂടെ ചിത്രം സ്ട്രീം ചെയ്യും. തമിഴ്, മലയാളം, തെലുങ്ക്,
കന്നഡ, ഹിന്ദി ഭാഷകളിലാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തുന്നത്.

റിലീസ് ചെയ്ത് ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ ആഗോള ബോക്സ് ഓഫീസിൽ 800 കോടിയിലധികം രൂപ
നേടിയ ചിത്രം കളക്ഷൻ റെക്കോർഡുകളിലും വലിയ മുന്നേറ്റമാണ് നടത്തിയത്. ആദ്യ ഏഴ് ദിവസങ്ങൾക്കുള്ളിൽ
തന്നെ ആഗോളതലത്തിൽ 500 കോടി പിന്നിട്ട സിനിമ തമിഴ് സിനിമാ വ്യവസായത്തിലെ വലിയ വിജയങ്ങളിലൊന്നായി
മാറി. ‘ലിയോ’യുടെ റെക്കോർഡുകൾ മറികടന്നതും ചിത്രത്തിന്റെ നേട്ടമായി വിലയിരുത്തപ്പെടുന്നു.
സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരനാണ് ചിത്രം നിർമിച്ചിരിക്കുന്നത്. കേരളത്തിൽ 
ശ്രീ ഗോകുലം ഗോപാലന്റെ ശ്രീ ഗോകുലം മൂവീസാണ് വിതരണം ചെയ്തത്.

2023ൽ പുറത്തിറങ്ങി വൻ വിജയമായ ‘ജയിലറി’ന്റെ രണ്ടാം ഭാഗമെന്ന നിലയിൽ പ്രഖ്യാപനം മുതൽ
തന്നെ ചിത്രത്തിന് വലിയ പ്രതീക്ഷയുണ്ടായിരുന്നു. നെൽസൺ ദിലീപ്കുമാറിന്റെ സംവിധാനവും
അനിരുദ്ധ് രവിചന്ദറിന്റെ സംഗീതവും ചിത്രത്തിന്റെ പ്രധാന ആകർഷണങ്ങളായി. മാസ് രംഗങ്ങൾക്കും
അതിഥി വേഷങ്ങൾക്കും ഒരുപോലെ കൈയടി ലഭിച്ചു.

രജനികാന്തിനൊപ്പം മലയാളത്തിന്റെ സൂപ്പർതാരം മോഹൻലാലും ചിത്രത്തിലുണ്ടെന്നതാണ് മലയാളി
പ്രേക്ഷകരുടെ പ്രധാന ആകാംക്ഷ. ട്രെയിലറിൽ ഏതാനും നിമിഷങ്ങൾ മാത്രമാണ് മോഹൻലാലിനെ കാണിച്ചതെങ്കിലും
ആ രംഗം ആരാധകർക്കിടയിൽ വലിയ ചർച്ചയായി. മോഹൻലാലിന്റെ കഥാപാത്രത്തെക്കുറിച്ചുള്ള പ്രതീക്ഷകളും
ചിത്രത്തിന്റെ പ്രചാരണത്തിന് കൂടുതൽ ആവേശം പകർന്നു.

സുരാജ് വെഞ്ഞാറമൂട്, എസ്.ജെ. സൂര്യ, വിദ്യ ബാലൻ, മിഥുൻ ചക്രവർത്തി, യോഗി ബാബു, ഹക്കീം
ഷാജഹാൻ തുടങ്ങിയവരും ചിത്രത്തിലെ പ്രധാന താരനിരയിലുണ്ട്. തിയേറ്ററുകളിൽ വലിയ ആഘോഷമായി
മാറിയ ‘ജയിലർ 2’ ഒടിടിയിലെത്തുമ്പോൾ വീണ്ടും റെക്കോർഡുകൾ സൃഷ്ടിക്കുമോ എന്ന ആകാംക്ഷയിലാണ്
ആരാധകർ. രജനികാന്തിന്റെ മാസ് പ്രകടനവും മോഹൻലാലിന്റെ സാന്നിധ്യവും വീണ്ടും വീട്ടിലിരുന്ന്
ആസ്വദിക്കാനുള്ള കാത്തിരിപ്പിലാണ് സിനിമാപ്രേമികൾ.