# ‘നിയമത്തിന്റെ വഴിയേ നേർക്ക് നേർ’; ഗരുഡന്റെ ട്രെയ്‌ലർ പുറത്ത്

- Link: https://ml.b4blaze.com/film-news/the-way-of-the-law-is-straight-forward-garudan-trailer-is-out
- Published: 2023-10-18T09:45:57+05:30
- Author: Sreekumar

സുരേഷ് ഗോപിയും ബിജു മേനോനും  ഒന്നിക്കുന്ന ലീഗൽ ത്രില്ലറായ ‘ഗരുഡന്റെ’ ട്രെയ്‌ലർ പുറത്തിറങ്ങി.
നവംബർ ആദ്യം റിലീസിന് തയ്യാറെടുക്കുന്ന ചിത്രം മാജിക് ഫ്രെയിംസിൻ്റെ ബാനറിൽ ലിസിറ്റൻ
സ്റ്റീഫൻ ആണ്  നിർമ്മിക്കുന്നത്. അരുൺ വർമ്മയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സുരേഷ്
ഗോപിയും ബിജു മേനോനും മത്സരിച്ചഭിനയിക്കുന്ന ചിത്രമാകും ‘ഗരുഡൻ’ എന്നാണ് ചിത്രത്തിന്റെ
ഇതുവരെ പുറത്തിറങ്ങിയ പോസ്റ്ററുകളും ലൊക്കേഷൻ വീഡിയോയും എല്ലാം നൽകുന്ന സൂചന. ഹിറ്റ്‌
ചിത്രമായ ‘അഞ്ചാം പാതിര’ക്ക് ശേഷം മിഥുൻ മാനുവൽ തോമസ് തിരക്കഥ രചിക്കുന്നു. ലിസ്റ്റിൻ
സ്റ്റീഫന്റെ  മാജിക് ഫ്രെയിംസും മിഥുൻ മാനുവലും ഒന്നിക്കുന്ന ആദ്യ ചിത്രം കൂടിയാണിത്.
നീതിക്കുവേണ്ടി പോരാടുന്ന പോലീസ് ഓഫീസറുടെയും ഒരു കോളേജ് പ്രൊഫസറുടെയും ജീവിതത്തിലൂടെയാണ്
ചിത്രം കടന്നു പോകുന്നത്.ചിത്രത്തിൽ കേരള ആംഡ് പോലീസിന്റെ കമാന്റന്റ് ആയ ഹരീഷ് മാധവനായാണ്
സുരേഷ് ഗോപിയെത്തുന്നത്. നിഷാന്ത് എന്ന കോളേജ് പ്രൊഫസറുടെ വേഷമാണ് ബിജുമേനോൻ ചെയ്യുന്നത്.
11 വർഷത്തിന് ശേഷമാണ് സുരേഷ് ഗോപിയും ബിജു മേനോനും ഒരു ചിത്രത്തിന് വേണ്ടി ഒന്നിക്കുന്നത്.
കളിയാട്ടം, പത്രം, എഫ്ഐആർ,രണ്ടാം ഭാവം, ക്രിസ്ത്യൻ ബ്രദേഴ്സ്, ട്വന്റി-ട്വന്റി തുടങ്ങിയ
നിരവധി ഹിറ്റ് ചിത്രങ്ങളിൽ ഇവർ ഒരുമിച്ചു എത്തിയിരുന്നു. 2010 ൽ രാമരാവണൻ എന്ന സിനിമയായിരുന്നു
സുരേഷ് ഗോപിക്കൊപ്പം ബിജു മേനോൻ അവസാനമായി അഭിനയിച്ചത്. ഭാര്യയും ഒരു കുട്ടിയും ഉള്ള
നിഷാന്ത് ഒരു ലീഗൽ പ്രശ്നത്തിൽ ഉൾപ്പെടുന്നതുമായി ബന്ധപ്പെടുത്തിയാണ് ചിത്രത്തിന്റെ
കഥ വികസിക്കുന്നത്.ലീഗൽ ത്രില്ലർ മൂഡിൽ ഒരുങ്ങുന്ന ‘ഗരുഡൻ’ കൊച്ചിയിലും ഹൈദരാബാദിലുമായിട്ടാണ്
ഷൂട്ടിംഗ് പൂർത്തിയാക്കിയത്. സുരേഷ് ഗോപിക്കൊപ്പം സിദ്ദിഖും ജ​ഗദീഷും വീണ്ടും ഒന്നിക്കുന്നുവെന്ന
പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. നിരവധി ചിത്രങ്ങളിൽ ഒന്നിച്ചഭിനയിച്ച കോമ്പിനേഷനാണ്
സുരേഷ് ഗോപി, സിദ്ദിഖ്, ജഗദീഷ് ടീം.

നീണ്ട ഇടവേളക്കുശേഷം വീണ്ടും ഈ കോംബോ എത്തുന്നതിന്റെ ആകാംക്ഷയിലാണ് പ്രേക്ഷകർ.  വൻ 
താരനിരയും വലിയ മുതൽമുടക്കമുള്ള ചിത്രത്തിൽ  ദിലീഷ് പോത്തൻ,  അഭിരാമി, ദിവ്യ പിള്ള,
തലൈവാസൽ വിജയ്, അർജുൻ നന്ദകുമാർ, മേജർ രവി, ബാലാജി ശർമ, സന്തോഷ് കീഴാറ്റൂർ, രഞ്ജിത്ത്
കങ്കോൽ, ജെയ്സ് ജോസ്, മാളവിക, ജോസുകുട്ടി, ചൈതന്യ പ്രകാശ് എന്നിവരും പ്രധാന വേഷത്തിൽ
എത്തുന്നു. അണിയറ പ്രവർത്തകർ പുറത്തുവിട്ട ഗരുഡന്റെ’ ലൊക്കേഷൻ വീഡിയോയും ആരാധകർ ഏറ്റെടുത്തിരുന്നു.
സുരേഷ് ഗോപിയും ബിജു മേനോനും മത്സരിച്ചു അഭിനയിക്കുന്ന ചിത്രമാകും “ഗരുഡൻ ” എന്നാണ്
ചിത്രത്തിന്റെ ഇതുവരെ പുറത്തിറങ്ങിയ പോസ്റ്ററുകളും ലൊക്കേഷൻ വീഡിയോയും നൽകുന്ന സൂചന.
ലീഗൽ ത്രില്ലർ  ആയ  ഈ ചിത്രം പ്രേക്ഷകർക്ക് ഉദ്വേഗത്തിൻ്റെ പുതിയ ദൃശ്യാനുഭവമാണ് സമ്മാനിക്കുകയെന്നാണ്
സൂചന. ജനഗണമന,കടുവ എന്നീ സൂപ്പർ ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം ജെയ്ക്സ് ബിജോയ് വീണ്ടും
മാജിക്‌ ഫ്രെയിംസിന് വേണ്ടി ഗരുഡന്റെ സംഗീതം ഒരുക്കുന്നു എന്ന പ്രത്യേകതയുമുണ്ട്. അജയ്
ഡേവിഡ് കാച്ചപ്പള്ളിയാണ് ചിത്രത്തിനായി ക്യാമറ ചെയ്യുന്നത്. സുരേഷ് ഗോപിയുടെ ‘പാപ്പൻ’
എന്ന ഗംഭീര സൂപ്പർ ഹിറ്റ് ചിത്രത്തിനും ക്യാമറ ചലിപ്പിച്ചത് അജയ് ആയിരുന്നു.
