# ഒരേ വർഷം മൂന്ന് 200 കോടി ചിത്രങ്ങൾ; അപൂർവ ബോക്സ് ഓഫീസ് നേട്ടവുമായി സൂര്യ, ആദ്യ തമിഴ് താരം

- Link: https://ml.b4blaze.com/film-news/three-200-crore-films-in-a-single-year-suriya-achieves-a-rare-box-office-feat-becoming-the-first-tamil-star-to-do-so
- Published: 2026-11-13T13:20:51+05:30
- Author: Sana Fathima

തമിഴ് സിനിമയിൽ അപൂർവ ബോക്സ് ഓഫീസ് റെക്കോർഡ് സ്വന്തമാക്കി നടൻ സൂര്യ. ഒരേ കലണ്ടർ വർഷം
ആഗോളതലത്തിൽ 200 കോടി രൂപയിലധികം കളക്ഷൻ നേടുന്ന മൂന്ന് ചിത്രങ്ങൾ സമ്മാനിക്കുന്ന ആദ്യ
തമിഴ് താരമെന്ന നേട്ടമാണ് സൂര്യ സ്വന്തമാക്കിയത്. ജിത്തു മാധവൻ സംവിധാനം ചെയ്ത പുതിയ
ചിത്രം ‘സീൻ’ 200 കോടി ക്ലബ്ബിൽ ഇടംപിടിച്ചതോടെയാണ് ഈ ചരിത്രനേട്ടം സൂര്യയെ തേടിയെത്തിയത്.
2026ൽ സൂര്യ നായകനായി പുറത്തിറങ്ങിയ ‘കറുപ്പ്’, ‘വിശ്വനാഥ് ആൻഡ് സൺസ്’ എന്നീ ചിത്രങ്ങൾ
നേരത്തെ തന്നെ ബോക്സ് ഓഫീസിൽ വൻ വിജയം നേടിയിരുന്നു. ഇപ്പോൾ ‘സീൻ’ കൂടി 200 കോടി ക്ലബ്ബിലെത്തിയതോടെ
ഈ വർഷം സൂര്യയുടെ മൂന്ന് ചിത്രങ്ങളും ആഗോളതലത്തിൽ വൻ കളക്ഷൻ സ്വന്തമാക്കി.

ഈ വർഷത്തെ സൂര്യയുടെ ഏറ്റവും വലിയ വിജയമായ ‘കറുപ്പ്’ ആഗോളതലത്തിൽ 310 കോടി രൂപയാണ് 
നേടിയത്. ഇന്ത്യയിൽ നിന്ന് 198 കോടി രൂപയുടെ നെറ്റ് കളക്ഷനും ചിത്രം സ്വന്തമാക്കി. 
രണ്ടാമത്തെ ചിത്രമായ ‘വിശ്വനാഥ് ആൻഡ് സൺസ്’ ആഗോളതലത്തിൽ 209 കോടി രൂപ ഗ്രോസ് കളക്ഷൻ
നേടിയപ്പോൾ ഇന്ത്യൻ നെറ്റ് കളക്ഷൻ 122 കോടി രൂപയായിരുന്നു. പുതിയ ചിത്രമായ ‘സീൻ’ റിലീസ്
ചെയ്ത് ഏഴ് ദിവസത്തിനുള്ളിലാണ് 200 കോടി രൂപയുടെ ആഗോള ഗ്രോസ് കളക്ഷൻ പിന്നിട്ടത്. ഇന്ത്യയിൽ
നിന്ന് 111.50 കോടി രൂപ നെറ്റ് കളക്ഷനും ഏകദേശം 129 കോടി രൂപ ഗ്രോസ് കളക്ഷനും ചിത്രം
നേടി. ആദ്യ വാരാന്ത്യത്തിൽ മാത്രം 63 കോടി രൂപ നെറ്റ് കളക്ഷൻ സ്വന്തമാക്കിയ സിനിമ, 
തിങ്കളാഴ്ച 21 കോടി രൂപയും നേടി. വിദേശ വിപണികളിൽ നിന്ന് 7.5 മില്യൺ ഡോളറാണ് ചിത്രത്തിന്റെ
സമ്പാദ്യം. ‘രാമായണം’ ഉൾപ്പെടെയുള്ള ചിത്രങ്ങളിൽ നിന്നുള്ള ശക്തമായ മത്സരത്തിനിടെയാണ്
ഈ നേട്ടം.

ഇന്ത്യൻ സിനിമയിൽ ഇതിന് മുമ്പ് അക്ഷയ് കുമാറും ഷാരൂഖ് ഖാനും മാത്രമാണ് ഒരേ വർഷം മൂന്ന്
അല്ലെങ്കിൽ അതിലധികം 200 കോടി ചിത്രങ്ങൾ നൽകിയിട്ടുള്ളത്. 2019ൽ അക്ഷയ് കുമാറിന്റെ ‘
കേസരി’, ‘മിഷൻ മംഗൾ’, ‘ഹൗസ്ഫുൾ 4’, ‘ഗുഡ് ന്യൂസ്’ എന്നീ നാല് ചിത്രങ്ങൾ 200 കോടി ക്ലബ്ബിലെത്തി.
2023ൽ ഷാരൂഖ് ഖാന്റെ ‘പഠാൻ’, ‘ജവാൻ’, ‘ഡങ്കി’ എന്നീ മൂന്ന് ചിത്രങ്ങളും ഈ നേട്ടം സ്വന്തമാക്കി.
ഇവർക്കൊപ്പം ഇപ്പോൾ സൂര്യയും ഇടംപിടിച്ചിരിക്കുകയാണ്.ഒരു കോമഡി ത്രില്ലറായ ‘സീനി’ൽ 
ഡിഎസ്പി ഇൻബരാജ് എന്ന സ്റ്റൈലിഷ് പൊലീസ് ഉദ്യോഗസ്ഥനായാണ് സൂര്യ എത്തുന്നത്. സൂര്യയുടെയും
ജ്യോതികയുടെയും ഉടമസ്ഥതയിലുള്ള 2D എന്റർടെയ്ൻമെന്റും പുതുതായി ആരംഭിച്ച ഴഗരം സ്റ്റുഡിയോസും
ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. ചിത്രത്തിന്റെ രചനയും സംവിധാനവും ജിത്തു മാധവന്റേതാണ്.
12 വർഷത്തെ ഇടവേളയ്ക്ക് ശേഷം നസ്രിയ നസീം തമിഴ് സിനിമയിലേക്ക് തിരിച്ചെത്തുന്നു എന്ന
പ്രത്യേകതയും ചിത്രത്തിനുണ്ട്. മലയാളി താരം നസ്‌ലെന്റെ തമിഴ് സിനിമാ അരങ്ങേറ്റം കൂടിയാണ്‘
സീൻ’. ആനന്ദരാജ്, ലാൽ, രാജ്പ്രിയൻ, സുരേഷ് മതിയഴകൻ, ഗജരാജ് എന്നിവരും ചിത്രത്തിൽ പ്രധാന
വേഷങ്ങളിലെത്തുന്നു.