# ‘ഉന്മാദം’ ഒടിടിയിലേക്ക്; കുഞ്ചാക്കോ ബോബൻ ചിത്രം നാളെ മുതൽ സോണി ലിവിൽ

- Link: https://ml.b4blaze.com/film-news/unmadam-heads-to-ott-kunchacko-boban-film-on-sonyliv-starting-tomorrow
- Published: 2026-09-03T12:01:00+05:30
- Author: Sana Fathima

കുഞ്ചാക്കോ ബോബനെ നായകനാക്കി കിരൺ ദാസ് സംവിധാനം ചെയ്ത ‘ഉന്മാദം’ ഒടിടി റിലീസിന് ഒരുങ്ങുന്നു.
ലിജോ മോൾ നായികയായെത്തുന്ന ചിത്രം നാളെ മുതൽ സോണി ലിവിലൂടെ സ്ട്രീമിംഗ് ആരംഭിക്കും.
ഷാഹി കബീർ തിരക്കഥ ഒരുക്കിയ ചിത്രത്തിന് തിയേറ്ററുകളിൽ മികച്ച പ്രതികരണമാണ് ലഭിച്ചത്.
തീർത്തും വ്യത്യസ്തമായ പൊലീസ് കഥാപാത്രമായാണ് കുഞ്ചാക്കോ ബോബൻ ചിത്രത്തിലെത്തുന്നത്.
ഒരു പൊലീസ് സ്റ്റേഷനിൽ അന്ധവിശ്വാസവുമായി ബന്ധപ്പെട്ട് സൂക്ഷിച്ചിരിക്കുന്ന, തൊട്ടാൽ
തന്നെ പ്രശ്‌നങ്ങൾക്ക് വഴിവെക്കുന്ന ഒരു ഫയലിന് പിന്നാലെ നായക കഥാപാത്രം നീങ്ങുന്നതും
തുടർന്ന് അരങ്ങേറുന്ന സംഭവവികാസങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം.

ദേശീയ പുരസ്കാര ജേതാവായ ഷാഹി കബീറും കുഞ്ചാക്കോ ബോബനും ‘ഓഫീസർ ഓൺ ഡ്യൂട്ടി’ക്ക് ശേഷം
വീണ്ടും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ‘ഉന്മാദ’ത്തിനുണ്ട്. സിദ്ദിഖ്, സുധീഷ്, വിശാഖ്
നായർ, സാബുമോൻ, കോട്ടയം നസീർ, ജിജോയ് രാജഗോപാൽ, ഗോകുലൻ, അരുൺ ചെറുകാവിൽ, ഉണ്ണി ലാലു,
ഷാജു ശ്രീധർ, കൃഷ്ണപ്രഭ, കിരൺ പീതാംബരൻ, വിഷ്ണു, റെയ്ന രാധാകൃഷ്ണൻ, സിജോയ് വർഗീസ്, 
വിഘ്നേശ്വർ സുരേഷ് തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു.

ടി-സീരീസും പനോരമ സ്റ്റുഡിയോസും സംയുക്തമായി അവതരിപ്പിക്കുന്ന ചിത്രത്തിന്റെ നിർമ്മാണം
കുമാർ മംഗത് പഥകും അഭിഷേക് പഥകും ചേർന്നാണ് നിർവഹിച്ചിരിക്കുന്നത്. ഗുൽഷൻ കുമാർ, ഭൂഷൺ
കുമാർ, ടി-സീരീസ് ഫിലിംസ്, പനോരമ സ്റ്റുഡിയോസ് എന്നിവരും ചിത്രത്തിന്റെ അവതരണത്തിൽ 
പങ്കാളികളാണ്. റാം മിർച്ചന്ദാനിയും രാജേഷ് മേനോനും സഹനിർമ്മാതാക്കളാണ്. അഭിനവ് മെഹ്‌റോത്രയാണ്
ക്രിയേറ്റീവ് പ്രൊഡ്യൂസർ.

‘ഇഷ്‌ക്’ എന്ന ചിത്രത്തിലൂടെ മികച്ച എഡിറ്റർക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം
നേടിയ കിരൺ ദാസ്, മലയാളത്തിലെ നിരവധി ശ്രദ്ധേയ ചിത്രങ്ങളുടെ എഡിറ്ററായും പ്രവർത്തിച്ചിട്ടുണ്ട്.‘
തൊണ്ടിമുതലും ദൃക്‌സാക്ഷിയും’, ‘ജോജി’, ‘മൂത്തോൻ’, ‘രോമാഞ്ചം’, ‘റോഷാക്ക്’, ‘ജോസഫ്’,‘
ഇലവീഴാ പൂഞ്ചിറ’ തുടങ്ങിയ ചിത്രങ്ങളും അദ്ദേഹത്തിന്റെ എഡിറ്റിംഗ് മികവിന് ഉദാഹരണങ്ങളാണ്.
തിയേറ്ററുകളിൽ ശ്രദ്ധ നേടിയ ‘ഉന്മാദം’ ഒടിടിയിലെത്തുമ്പോൾ ചിത്രത്തിന് പ്രേക്ഷകരിൽ 
നിന്ന് എങ്ങനെയുള്ള പ്രതികരണമാണ് ലഭിക്കുകയെന്ന ആകാംക്ഷയിലാണ് സിനിമാപ്രേമികൾ.
