# ‘അരികെയൊന്ന് കണ്ടൊരു നേരം’; വെള്ളരിപട്ടണത്തിലെ വീഡിയോ ഗാനം

- Link: https://ml.b4blaze.com/film-news/vellaripattanam-video-song-released
- Published: 2023-03-17T20:10:45+05:30
- Author: Gargi

മഞ്ജു വാര്യരും സൗബിനും പ്രധാന വേഷങ്ങളിലെത്തുന്ന വെള്ളരിപട്ടണത്തിലെ വീഡിയോ ഗാനം പുറത്തുവിട്ടു.
അരികെയൊന്ന് കണ്ടൊരു നേരം എന്നാരംഭിക്കുന്ന വീഡിയോ ഗാനമാണ് ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്.
സച്ചിന്‍ ശങ്കര്‍ മന്നത്ത് സംഗീത സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്ന ഗാനത്തിന്റെ വരികള്‍
ഒരുക്കിയിരിക്കുന്നത് വിനായക് ശശികുമാറാണ്. ഗാനം ആലപിച്ചിരിക്കുന്നത് കെഎസ് ഹരിശങ്കര്‍,
നിത്യ മാമ്മന്‍ എന്നിവര്‍ ചേര്‍ന്നാണ്. ഗാനം ഇതിനോടകം തന്നെ സാമൂഹിക മാധ്യമങ്ങളില്‍
ശ്രദ്ധ നേടിക്കഴിഞ്ഞു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/08/vellaripattanam.
jpg?resize=696%2C364&ssl=1)

ചിത്രത്തില്‍ സൗബിന്‍ ഷാഹിര്‍ ഒരു രാഷ്ട്രീയക്കാരന്റെ വേഷത്തിലായിരിക്കും എത്തുമെന്നാണ്
സൂചന. നവാഗതനായ മഹേഷ് വെട്ടിയാറാണ് ചിത്രത്തിന്റെ സംവിധായകന്‍. ആക്ഷന്‍ ഹീറോ ബിജു, 
അലമാര, മോഹന്‍ലാല്‍, കുങ്ഫുമാസ്റ്റര്‍ തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധ നേടിയ ഫുള്‍ഓണ്‍
സ്റ്റുഡിയോസിന്റെ ബാനറിലാണ് ചിത്രം എത്തുന്നത്. മഞ്ജുവാര്യര്‍ക്കും സൗബിന്‍ ഷാഹിറിനും
പുറമേ സലിംകുമാര്‍, സുരേഷ്‌കൃഷ്ണ, കൃഷ്ണശങ്കര്‍, ശബരീഷ് വര്‍മ, അഭിരാമി ഭാര്‍ഗവന്‍,
കോട്ടയം രമേശ്, മാല പാര്‍വതി, വീണ നായര്‍, പ്രമോദ് വെളിയനാട് തുടങ്ങിയവരാണ് ‘വെള്ളരിപട്ടണ’ത്തിലെ
പ്രധാന അഭിനേതാക്കള്‍.

മാധ്യമപ്രവര്‍ത്തകനായ ശരത്കൃഷ്ണയും സംവിധായകനായ മഹേഷ് വെട്ടിയാറും ചേര്‍ന്നാണ് രചന 
നിര്‍വഹിച്ചിരിക്കുന്നത്. അലക്സ് ജെ പുളിക്കല്‍ ആണ് ഛായാഗ്രഹണം. എഡിറ്റിങ് അപ്പു എന്‍
ഭട്ടതിരി. മധു വാസുദേവനും വിനായക് ശശികുമാറുമാണ് ഗാനരചയിതാക്കള്‍. സച്ചിന്‍ ശങ്കര്‍
മന്നത്ത് സംഗീതം പകരുന്നു. ജ്യോതിഷ് ശങ്കറാണ് കലാസംവിധായകന്‍. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍
ബെന്നി കട്ടപ്പന. ശ്രീജിത് ബി നായരും കെ ജി രാജേഷ് കുമാറുമാണ് അസോസിയേറ്റ് ഡയറക്ടര്‍മാര്‍.
പിആര്‍ഒ എഎസ് ദിനേശ്. ചിത്രം മാര്‍ച്ച് 24ന് തിയറ്ററുകളില്‍ എത്തും.
