# അസംബന്ധ അടിക്കുറിപ്പോടെ വിഡിയോ; ‘എന്തൊക്കെ ക്യാപ്ഷനാടെ? ഇത്തിരി ഉളുപ്പ്…’ ക്ലിക്ക്ബെയ്റ്റ് പേജിന് നടൻ അർജുൻ അശോകന്റെ മാസ് മറുപടി!

- Link: https://ml.b4blaze.com/film-news/video-with-an-absurd-caption-what-kind-of-captions-are-these-have-some-shame-actor-arjun-ashokan-gives-a-sharp-retort-to-a-clickbait-page
- Published: 2026-11-10T12:41:45+05:30
- Author: Soorya S

സോഷ്യൽ മീഡിയയിൽ റീച്ചും വ്യൂസും കൂട്ടാൻ വ്യാജ വാർത്തകളും ക്ലിക്ക്ബെയ്റ്റ് തലക്കെട്ടുകളും
നൽകുന്ന ഓൺലൈൻ പേജുകൾക്കെതിരെ രൂക്ഷമായ ഭാഷയിൽ പ്രതികരിച്ച് നടൻ അർജുൻ അശോകൻ. ‘മെൽക്കൗ’
എന്ന ചിത്രത്തിന്റെ ട്രെയിലർ ലോഞ്ച് ചടങ്ങിനിടെ പകർത്തിയ വീഡിയോയ്ക്ക് നൽകിയ തെറ്റിദ്ധരിപ്പിക്കുന്ന
അടിക്കുറിപ്പാണ് താരത്തെ ചൊടിപ്പിച്ചത്. ‘ഇന്ത്യൻ സിനിമാ ഗാലറി’ എന്ന ഇൻസ്റ്റാഗ്രാം
പേജിലാണ് അർജുനെ അപമാനിക്കുന്ന രീതിയിൽ വീഡിയോ പോസ്റ്റ് ചെയ്തത്.

“3 ലക്ഷം രൂപയുടെ ഐഫോൺ നിലത്തേക്ക് വീണിട്ടും ആരും അറിയാതെ പതിയെ എടുത്ത് കയ്യിൽ പിടിക്കുന്ന
അർജുൻ അശോകൻ” എന്ന അസംബന്ധ ക്യാപ്ഷനോടെ പങ്കുവെച്ച വീഡിയോ കണ്ടതോടെ താരം നേരിട്ട് കമന്റ്
ബോക്സിലെത്തുകയായിരുന്നു. “എന്തൊക്കെ ക്യാപ്ഷനാടെ… ഇത്തിരി ഉളുപ്പ്?” എന്ന അർജുന്റെ
ചുരുങ്ങിയ വാക്കുകളിലുള്ള പ്രതികരണം സോഷ്യൽ മീഡിയയിൽ ഇതിനോടകം വൈറലായിക്കഴിഞ്ഞു. സെലിബ്രിറ്റികളുടെ
ചെറിയൊരു ദൃശ്യം പോലും തെറ്റായ രീതിയിൽ വ്യാഖ്യാനിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന
പ്രവണത അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി ആരാധകരാണ് നടന് പിന്തുണയുമായി രംഗത്തെത്തിയിരിക്കുന്നത്.
