# അന്ന് കാലില്‍ വള്ളിച്ചെരിപ്പും കയ്യില്‍ 1000 രൂപയുമായെത്തി!! 12 വര്‍ഷത്തിന് ശേഷം ഒാര്‍മ്മ പുതുക്കി വിഘ്‌നേഷ്

- Link: https://ml.b4blaze.com/film-news/vignesh-shivan-at-hong-kong-disneyland-after-12-years
- Published: 2024-06-01T18:56:37+05:30
- Author: Anu

തെന്നിന്ത്യയിലെ തന്നെ ഏറെ ആരാധകരുള്ള താരദമ്പതികളാണ് ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താരയും
വിഘ്‌നേഷ് ശിവനും. താരങ്ങളുടെ നീണ്ട പ്രണയകാലവും വിവാഹവുമെല്ലാം ആരാധകലോകം ആഘോഷമാക്കിയിരുന്നു.
ഇപ്പോഴിതാ താരത്തിന്റെ സോഷ്യല്‍മീഡിയാ പോസ്റ്റാണ് ശ്രദ്ധേയമാകുന്നത്. കഴിഞ്ഞ കാലത്തെ
ഓര്‍മ്മയാണ് താരം പങ്കുവച്ചിരിക്കുന്നത്. അവധിക്കാലം ഹോങ്കോങ്ങില്‍ ആഘോഷമാക്കിയിരിക്കുകയാണ്
വിഘ്നേഷ് ശിവനും നയന്‍താരയും. മക്കളായ ഉയിരും ഉലകവും ഒപ്പമുണ്ട്.
  ഹോങ് കോങിലെ ഡിസ്നി
ലാന്‍ഡിലേക്കുള്ള യാത്രയിലാണ് വിഘ്‌നേഷ് പഴയ ഓര്‍മ്മകള്‍ പങ്കുവച്ചത്. നയന്‍താരയ്ക്കും
കുഞ്ഞുങ്ങള്‍ക്കുമൊപ്പമാണ് താരം എത്തിയത്. 12 വര്‍ഷം മുന്‍പ് കാലില്‍ വള്ളിച്ചെരിപ്പും
കയ്യില്‍ 1000 രൂപയുമായാണ് ഇവിടേക്ക് എത്തിയതെന്ന് വിഘ്‌നേഷ് ഓര്‍മ്മിക്കുന്നു.  വിഗ്‌നേഷിന്റെ
ആദ്യ സംവിധാന സംരംഭമായ ‘പോടാ പോടീ’ സിനിമയുടെ ചിത്രീകരണത്തിന് അനുമതി തേടിയാണ് 12 വര്‍ഷം
മുമ്പ് അദ്ദേഹം എത്തിയത്. ഇപ്പോള്‍ തന്റെ മനോഹരമായ കുടുംബത്തിനൊപ്പം ഇവിടെ വീണ്ടും 
എത്താനായതില്‍ വളരെ സന്തോഷവും ആത്മനിര്‍വൃതിയും ഉണ്ടെന്നും താരം കുറിച്ചു. ചിമ്പുവും
വരലക്ഷ്മിയുമാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
