# വിജയ്‌യുടെ മകന്‍ ജേസണ്‍ സഞ്ജയ് നായകൻ ആകുന്നു ; നടി ദേവയാനിയുടെ മകളോ ?

- Link: https://ml.b4blaze.com/film-news/vijay-son-back-to-cinima-industry
- Published: 2023-07-16T16:20:45+05:30
- Author: Aswathy

കുറേ നാളുകളായി തമിഴ് സിനിമാ മേഖലയില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ വീണ്ടും സജീവമാകുകയാണ്.
തമിഴ് നടൻ വിജയുടെ മകൻ ജേസണ്‍ സഞ്ജയ് തമിഴില്‍ നായകനായി അരങ്ങേറ്റത്തിന് ഒരുങ്ങുന്നതായുള്ള
വാർത്തകൾ ആണിപ്പോൾ പുറത്തു വരുന്നത്. നീ വരുവായ് എന്ന അജിത് കുമാര്‍ ചിത്രത്തിന്റെ 
രണ്ടാം ഭാഗത്തില്‍ അഭിനയിക്കുമെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. നടി ദേവയാനിയുടെ
മകള്‍ ഇനിയ ആയിരിക്കും ചിത്രത്തില്‍ നായികയായി എത്തുകയെന്നും സൂചന ഉണ്ട്. 1999-ല്‍ 
ദേവയാനിയുടെ ഭര്‍ത്താവ് രാജകുമാരൻ സംവിധാനം ചെയ്ത നീ വരുവായ് എന്ന സിനിമയില്‍ ഫ്ലാഷ്ബാക്ക്
രംഗങ്ങളില്‍ ദേവയാനിയുടെ മരിച്ചുപോയ കാമുകന്റെ കഥാപാത്രത്തെ അജിത്ത് ആണ് അവതരിപ്പിച്ചത്.
അടുത്തിടെ നടന്ന ഒരു അഭിമുഖത്തില്‍, രാജകുമാരൻ ആ ചിത്രത്തിലേക്ക് വിജയെയും അജിത്തിനെയും
കാസ്റ്റ് ചെയ്യാനായിരുന്നു തന്റെ പ്രാരംഭ പദ്ധതിയെന്ന് വെളിപ്പെടുത്തിയിരുന്നു.

എന്നാല്‍ അത് അക്കാലത്ത് യാഥാര്‍ത്ഥ്യമായില്ല. അതിനൊരു തുടര്‍ച്ച സൃഷ്ടിക്കാനുള്ള തന്റെ
ഉദ്ദേശ്യം അദ്ദേഹം പ്രകടിപ്പിക്കുകയും ചെയ്തു. പുതിയ ചിത്രത്തിൽ തന്റെ മകളായ ഇനിയയെയും
വിജയ്‌യുടെ മകനെയും കാസ്റ്റ് ചെയ്യാനുള്ള സാധ്യതയും പരാമര്‍ശിക്കുകയും ചെയ്തു. പുതിയ
ചിത്രവും അദ്ദേഹം തന്നെ സംവിധാനം ചെയ്യുമെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.
ക്യാമറയ്ക്ക് പിന്നില്‍ പ്രവര്‍ത്തിക്കാനാണ് ജേസണ്‍ സഞ്ജയ്‌ക്ക് താല്‍പ്പര്യമെന്നാണ്
സൂചന. കാനഡയില്‍ ഫിലിം മേക്കിംഗ് പഠിക്കുന്ന ജേസണ്‍ അടുത്തിടെ നിര്‍മ്മിച്ച ഒരു ഷോര്‍ട്ട്
ഫിലിം ശ്രദ്ധ നേടിയിരുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/07/Jason-Sanjay.jpg?
resize=700%2C450&ssl=1)

ഇനിയയും കോളേജ് വിദ്യാര്‍ഥിനിയാണ്. 2022ല്‍ നൽകിയ ഒരു അഭിമുഖത്തില്‍ ജേസണ്‍ സഞ്ജയ് 
സിനിമാ പ്രവേശനത്തിന് ഒരുങ്ങുന്നതായി വിജയ് പറഞ്ഞിരുന്നു. തെന്നിന്ത്യൻ സംവിധായകരില്‍
നിന്ന് നിരവധി അവസരങ്ങള്‍ എത്തുന്നുണ്ടെന്നും എന്നാല്‍ സഞ്ജയ് ഒന്നും സ്വീകരിച്ചിട്ടില്ലെന്നുമാണ്
വിജയ് അഭിമുഖത്തില്‍ പറഞ്ഞത്. നിലവില്‍ ഏറ്റവും ഉയര്‍ന്ന പ്രതിഫലം കൈപ്പറ്റുന്ന തമിഴ്
താരമാണ് വിജയ്. അതേസമയം, വിജയ് തമിഴ്‌നാട് രാഷ്ട്രീയത്തിലേക്കിറങ്ങാൻ ഒരുങ്ങുകയാണെന്ന
അഭ്യൂഹങ്ങളും ശക്തമാണ്. ലോകേഷ് കനകരാജ് ചിത്രം ‘ലിയോ’യുടെ റിലീസിന് മുന്നോടിയായി തമിഴ്‌നാട്ടിലുടനീളം
പദയാത്ര നടത്താൻ വിജയ് ഒരുങ്ങുന്നതായും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.
