# ‘പൃഥിയോട് നോ പറയാനാകില്ല’; പൃഥ്വിരാജുമായുള്ള സൗഹൃദത്തെപ്പറ്റി വിവേക് ഒബ്‌റോയ്

- Link: https://ml.b4blaze.com/film-news/vivek-oberoi-says-about-the-friendship-with-prithviraj
- Published: 2022-07-06T15:27:55+05:30
- Author: Rahul

പൃഥ്വിരാജ് ഷാജി കൈലാസ് കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ചിത്രമാണ് കടുവ. ഏറെക്കാലത്തിന്
ശേഷം ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന സിനിമയെന്ന നിലയില്‍ റിലീസിനായുള്ള കാത്തിരിപ്പിലാണ്
പ്രേക്ഷകര്‍. മാത്രമല്ല, വേറിട്ട പ്രമേയവും റിലീസിന് മുമ്പ് തന്നെ സിനിമ നേരിട്ട പ്രതിസന്ധികളും
എല്ലാം കൊണ്ടും കടുവ വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. കടുവാക്കുന്നേല്‍ കുറുവച്ചന്‍
എന്ന കഥാപാത്രമായാണ് പൃഥ്വിരാജ് പ്രേക്ഷകര്‍ക്ക് മുമ്പിലെത്തുക. വിവേക് ഒബ്‌റോയി വില്ലന്‍
വേഷത്തിലെത്തുന്നു എന്ന പ്രത്യേകതയും കടുവക്കുണ്ട്. പൃഥ്വിയും വിവേക് ഒബ്രോയിയും ഒന്നിച്ചെത്തുന്ന
ഈ ചിത്രത്തെക്കുറിച്ച് വലിയ പ്രതീക്ഷകളാണ് ആരാധകര്‍ക്കുള്ളത്. കടുവയുടെ പ്രൊമോഷന്റെ
ഭാഗമായുള്ള അഭിമുഖങ്ങള്‍ എല്ലാം തന്നെ ഇതിനകം ശ്രദ്ധനേടിയിരുന്നു. ഇപ്പോഴിതാ പൃഥ്വിരാജുമായുള്ള
സൗഹൃദത്തെപ്പറ്റി വിവേക് ഒബ്‌റോയ് പറഞ്ഞ വാക്കുകളാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/07/WhatsApp-Image-2021-
03-15-at-5.51.05-PM.jpeg?resize=620%2C450&ssl=1)

പൃഥ്വിയുമായുള്ള സൗഹൃദത്തെ കുറിച്ചും പൃഥ്വിരാജിനോട് നോ പറയാന്‍ തനിക്ക് ബുദ്ധിമുട്ടാണെന്നും
പറയുകയാണ് വിവേക് ഒബ്രോയ്. ക്ലബ് എഫ്. എം നു നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം
വ്യക്തമാക്കിയത്. ‘സിനിമയുടെ കാര്യത്തില്‍ എനിക്ക് പൃഥ്വിരാജിനോട് നോ പറയാന്‍ പറ്റില്ല.
എനിക്ക് അദ്ദേഹത്തെ ഒരുപാട് ഇഷ്ടമാണ്. ഞങ്ങള്‍ ഒന്നിച്ച് ചെലവഴിച്ച സമയങ്ങളില്‍ വലിയ
ബഹുമാനവും സ്‌നേഹവും പ്രശംസയും ഒരു ആര്‍ട്ടിസ്റ്റ് എന്ന നിലയില്‍ എനിക്ക് അദ്ദേഹത്തിനോട്
തോന്നിയിട്ടുണ്ട്. സ്വാര്‍ത്ഥമായി ചിന്തിക്കുന്ന ആളല്ല പൃഥ്വിരാജ്. അദ്ദേഹം മലയാളം 
സിനിമക്ക് വേണ്ടി പലരും ചെയ്യാന്‍ മടിക്കുന്ന ഒരുപാട് കാര്യങ്ങള്‍ ചെയ്യുന്നുണ്ട്. 
മലയാള സിനിമ ഷൂട്ട് ചെയ്യുന്ന രീതിയും കഥയുമെല്ലാമാണ് അത് ഞാന്‍ ആസ്വദിക്കാനുള്ള കാരണങ്ങള്‍’
എന്നാണ് വിവേക് ഒബ്‌റോയ് പറഞ്ഞത്. വിജയമാണോ പരാജയമാണോ എന്നതിലല്ല കാര്യം, ശ്രമിക്കുന്നതിലാണെന്നും
പണത്തിനുവേണ്ടി മാത്രമാണ് പൃഥിരാജ് ഇതൊക്കെ ചെയ്യുന്നതെന്ന് താന്‍ വിശ്വസിക്കുന്നില്ലെന്നും
അദ്ദേഹം പറഞ്ഞു.

മാജിക് ഫ്രെയിംസ്, പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് എന്നിവയുടെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫനും
സുപ്രിയ മേനോനും ചേര്‍ന്നാണ് കടുവ നിര്‍മിക്കുന്നത്. സംയുക്ത മേനോനാണ് ചിത്രത്തില്‍
നായികയായെത്തുന്നത്. മലയാളത്തിനു പുറമേ തമിഴ്, കന്നഡ, തെലുങ്ക്, ഹിന്ദി ഭാഷകളിലാണ് 
ചിത്രം പുറത്തിറങ്ങുക.

 
