# ‘ഭർത്താവായാലും അച്ഛനായാലും സ്ത്രീകളെ നിയന്ത്രിക്കാൻ ആർക്കും അവകാശമില്ല’; ദുൽഖർ സൽമാൻ

- Link: https://ml.b4blaze.com/film-news/whether-it-is-a-husband-or-a-father-no-one-has-the-right-to-control-women-dulquer-salmaan
- Published: 2026-11-28T11:42:59+05:30
- Author: Sana Fathima

സ്ത്രീസ്വാതന്ത്ര്യത്തെക്കുറിച്ചുള്ള ശക്തമായ നിലപാട് തുറന്നുപറഞ്ഞ് നടൻ ദുൽഖർ സൽമാൻ.
ഒരു സ്ത്രീയുടെ ജീവിതത്തിൽ ഇടപെടാനോ അവൾ എന്ത് ചെയ്യണമെന്ന് തീരുമാനിക്കാനോ ഭർത്താവിനോ
സഹോദരനോ അച്ഛനോ അവകാശമില്ലെന്നാണ് താരത്തിന്റെ അഭിപ്രായം. ദുൽഖർ നായകനായെത്തുന്ന തെലുങ്ക്
ചിത്രം ‘ആകാശംലോ ഒക്ക താര’യുടെ പ്രമോഷന്റെ ഭാഗമായി സുമ ആൻഡ് ചാറ്റ് ഷോയിൽ സംസാരിക്കുകയായിരുന്നു
അദ്ദേഹം. “മറ്റൊരാളെ നിയന്ത്രിക്കാൻ നമ്മളാരാണ്? ഇത് അവരുടെ ജീവിതമാണ്. ഒരു ഭർത്താവായാലും
സഹോദരനായാലും അച്ഛനായാലും സ്ത്രീകൾ എന്ത് ചെയ്യണമെന്ന് പറയാനോ അവർക്ക് എന്തിനെങ്കിലും
അനുമതി നൽകാനോ ആർക്കും അവകാശമില്ല. ചിത്രത്തിൽ ഞാൻ അവതരിപ്പിക്കുന്ന കൃഷ്ണ എന്ന കഥാപാത്രത്തിന്
ഒരു ഡയലോഗുണ്ട്. അവളോട് ഞാൻ പഠിക്കരുതെന്ന് മാത്രം പറഞ്ഞില്ല എന്നതാണ് ആ ഡയലോഗ്,” ദുൽഖർ
പറഞ്ഞു.

പവൻ സാദിനേനി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ കൃഷ്ണ എന്ന കഥാപാത്രത്തെയാണ് ദുൽഖർ അവതരിപ്പിക്കുന്നത്.
പുതുമുഖം സാത്വിക വീരവല്ലിയാണ് ചിത്രത്തിലെ നായികയായ കൽപനയെ അവതരിപ്പിക്കുന്നത്. ഗീത
ആർട്സ്, സ്വപ്ന സിനിമ, ലൈറ്റ്ബോക്സ് മീഡിയ എന്നീ ബാനറുകൾ സംയുക്തമായാണ് ചിത്രം അവതരിപ്പിക്കുന്നത്.
ദുൽഖറിന്റെ വേഫെറർ ഫിലിംസാണ് കേരളത്തിൽ ചിത്രം വിതരണം ചെയ്യുന്നത്.

സമൂഹം മുന്നോട്ടുവയ്ക്കുന്ന അതിർവരമ്പുകളെ മറികടന്ന് സ്വന്തം സ്വപ്നങ്ങളിലേക്ക് മുന്നേറാൻ
ആഗ്രഹിക്കുന്ന കൽപനയ്ക്ക് പിന്തുണയുമായി എത്തുന്ന കൃഷ്ണയുടെ കഥയാണ് ചിത്രം പറയുന്നത്.
പ്രണയവും വൈകാരിക മുഹൂർത്തങ്ങളും ഫീൽ ഗുഡ് ഘടകങ്ങളും ചേർത്തൊരുക്കിയ ചിത്രത്തിൽ തമിഴ്
താരം ശ്രുതി ഹാസനും പ്രധാന വേഷത്തിലെത്തുന്നുണ്ട്. രോഹിണി എന്ന ശക്തമായ കഥാപാത്രത്തെയാണ്
ശ്രുതി അവതരിപ്പിക്കുന്നത്. കേന്ദ്ര കഥാപാത്രങ്ങളുടെ ജീവിതത്തിൽ നിർണായക സ്വാധീനം ചെലുത്തുന്ന
വേഷമാണിത്. റൂഹാനി, മുരളി ശർമ, സ്വാസിക എന്നിവരും ചിത്രത്തിലെ പ്രധാന താരനിരയിലുണ്ട്.
ജി.വി. പ്രകാശ് കുമാറാണ് ചിത്രത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത്. ‘കുട്ടി കുട്ടി 
പൂവേ’, ‘കണ്ണേ കണ്ണേ’ എന്നീ ഗാനങ്ങൾ ഇതിനോടകം പ്രേക്ഷകശ്രദ്ധ നേടിയിട്ടുണ്ട്.
