# ‘നല്ലതാണെന്ന് പറയാൻ എന്തിന് പിശുക്ക് കാണിക്കണം?’; ധനുഷിന്റെ പിതാവ് കസ്തൂരി രാജയെ പ്രശംസിച്ച് മമ്മൂട്ടി

- Link: https://ml.b4blaze.com/film-news/why-be-stingy-about-acknowledging-something-good-mammootty-praises-dhanushs-father-kasthuri-raja
- Published: 2026-11-16T12:10:17+05:30
- Author: Sana Fathima

ധനുഷിന്റെ പിതാവും സംവിധായകനുമായ കസ്തൂരി രാജയുടെ അഭിനയ മികവിനെ വാനോളം പുകഴ്ത്തി നടൻ
മമ്മൂട്ടി. തമിഴ് ചിത്രം ‘ഹബീബി’യിലെ കസ്തൂരി രാജയുടെ പ്രകടനമാണ് മമ്മൂട്ടിയുടെ പ്രശംസയ്ക്ക്
കാരണമായത്. ധനുഷ്, മമ്മൂട്ടി എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന പുതിയ ചിത്രം ‘ഓം: ഓപ്പറേഷൻ
മോൾ’ന്റെ പ്രീ-റിലീസ് ചടങ്ങിൽ കൊച്ചിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
തമിഴിൽ അപൂർവമായി
മാത്രം എത്തുന്ന മുസ്‌ലിം പശ്ചാത്തലത്തിലുള്ള ചിത്രമാണ് ‘ഹബീബി’യെന്നും അതിൽ കസ്തൂരി
രാജ മികച്ച പ്രകടനമാണ് കാഴ്ചവെച്ചതെന്നും മമ്മൂട്ടി പറഞ്ഞു. അപ്രതീക്ഷിതമായി ചിത്രം
കണ്ടപ്പോഴാണ് കസ്തൂരി രാജയുടെ അഭിനയ മികവ് ശ്രദ്ധിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

“അദ്ദേഹത്തിന്റെ അച്ഛൻ വലിയ സംവിധായകനാണ്. അടുത്ത കാലത്ത് ‘ഹബീബി’ എന്നൊരു സിനിമയിൽ
അദ്ദേഹം അഭിനയിച്ചിരുന്നു. തമിഴിൽ അപൂർവമായി വരുന്ന മുസ്‌ലിം പശ്ചാത്തലമുള്ള സിനിമയാണത്.
യാദൃച്ഛികമായാണ് സിനിമ കണ്ടത്. അദ്ദേഹം നടനാണെന്ന് ഞാൻ കരുതിയിരുന്നില്ല. ശരിക്കും 
ഞെട്ടിപ്പോയി. ധനുഷ് അദ്ദേഹത്തിന്റെ മകൻ തന്നെയാണ്, ഒരു തർക്കവുമില്ല. അത്രയും നല്ല
നടനാണ് അദ്ദേഹം.
ഞാനിത് ധനുഷിനോട് പറഞ്ഞപ്പോൾ വളരെ ആവേശത്തോടെയാണ് പ്രതികരിച്ചത്. ഒരാളോട്
നല്ലത് നല്ലതാണെന്ന് പറയാൻ എന്തിനാണ് പിശുക്ക് കാണിക്കുന്നത്? അതുകൊണ്ട് നമുക്ക് നഷ്ടമൊന്നുമില്ലല്ലോ.
മോശമാണെന്ന് പറയുമ്പോൾ മാത്രമാണ് സൂക്ഷിക്കേണ്ടത്,” മമ്മൂട്ടി പറഞ്ഞു.

ധനുഷുമായുള്ള സൗഹൃദത്തെക്കുറിച്ചും താരം രസകരമായ അനുഭവം പങ്കുവെച്ചു. ആദ്യമായി കണ്ടപ്പോൾ
ധനുഷിന് തന്നോട് ചെറിയ അകൽച്ചയുണ്ടായിരുന്നുവെന്നും എന്നാൽ പിന്നീട് ആ അകലം മാറ്റി 
സൗഹൃദത്തിലാക്കിയെന്നും മമ്മൂട്ടി തമാശയായി പറഞ്ഞു.
“ആദ്യം ധനുഷിന് എന്നെ കാണുമ്പോൾ
കുറച്ച് ടെൻഷനുണ്ടായിരുന്നു. ടെൻഷനെന്നല്ല, ഒരു അകൽച്ചയായിരുന്നു. ഞാൻ വെറുതെ വിടുമോ?
നമ്മൾ ശത്രുവിനെ മിത്രമാക്കുന്ന ആളല്ലേ. ഞാൻ അങ്ങോട്ട് അടപടലേ പിടിച്ചു. ഇപ്പോൾ മിത്രമാക്കി.
പുള്ളിക്കാരന് ഇപ്പോൾ എന്നെ കാണാതെ ഉറക്കം വരില്ല,” എന്നായിരുന്നു മമ്മൂട്ടിയുടെ തമാശ
നിറഞ്ഞ പ്രതികരണം.

‘ഓം: ഓപ്പറേഷൻ മോൾ’ എന്ന ചിത്രത്തിലെ തന്റെ കഥാപാത്രത്തെക്കുറിച്ചും മമ്മൂട്ടി ചടങ്ങിൽ
സംസാരിച്ചു. ചിത്രത്തിൽ വില്ലൻ വേഷമാണോ അവതരിപ്പിക്കുന്നതെന്ന അവതാരകയുടെ ചോദ്യത്തിന്,“
എന്റെ വില്ലൻ സ്വഭാവമൊന്നും അറിയില്ല, ഞാൻ ഇപ്പോൾ വളരെ മര്യാദക്കാരനാണ്” എന്നായിരുന്നു
താരത്തിന്റെ രസകരമായ മറുപടി. ചിത്രത്തിൽ താൻ നായകനാണോ വില്ലനാണോ എന്ന് പോലും വ്യക്തമായി
മനസിലായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഇന്ദ്രൻസിന്റെ കഥാപാത്രം മികച്ചതാണെന്നും സിനിമയ്ക്കായി
ഏറെ കഷ്ടപ്പെട്ടിട്ടുണ്ടെന്നും മമ്മൂട്ടി വെളിപ്പെടുത്തി.

“പടത്തിൽ ഞാൻ ഹീറോ ആണോ വില്ലനാണോ എന്ന് എനിക്ക് തന്നെ മനസിലായില്ല. ഇന്ദ്രൻസൊക്കെ തകർപ്പൻ
കഥാപാത്രമാണ് ചെയ്തിരിക്കുന്നത്. രാവിലെ രണ്ടര മണിക്കൂർ യാത്ര ചെയ്തൊക്കെയാണ് അഭിനയിക്കാൻ
പോയിരുന്നത്. നന്നായി കഷ്ടപ്പെട്ട് ചെയ്ത സിനിമയാണ്. എങ്ങനെയെങ്കിലും പൊക്കിയെടുക്കണം
കേട്ടോ,” എന്ന് മലയാളി പ്രേക്ഷകരോടും മമ്മൂട്ടി അഭ്യർഥിച്ചു. ധനുഷ്, മമ്മൂട്ടി, സായ്
പല്ലവി, ശ്രീലീല എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന ‘ഓം’ വെള്ളിയാഴ്ച തിയേറ്ററുകളിലെത്തും.
രാജ്കുമാർ പെരിയസാമിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. നേരത്തെ ‘ജയിലർ 2’നൊപ്പം റിലീസ്
ചെയ്യാനായിരുന്നു തീരുമാനിച്ചിരുന്നതെങ്കിലും പിന്നീട് തീയതി മാറ്റുകയായിരുന്നു. ദുൽഖർ
സൽമാൻ നായകനാകുന്ന തെലുങ്ക് ചിത്രം ‘എ.ഒ.ടി’ക്കൊപ്പമാണ് ഇത്തവണ ‘ഓം’ തിയേറ്ററുകളിലെത്തുന്നത്.
