# മാപ്പു പറയില്ല!! മാപ്പു പറയാന്‍ എന്തു തെറ്റാണ് ചെയ്തത്-മന്‍സൂര്‍ അലി ഖാന്‍

- Link: https://ml.b4blaze.com/film-news/wont-apologise-to-trisha-leo-co-star-mansoor-ali-khan
- Published: 2023-11-21T17:36:21+05:30
- Author: Anu

നടി തൃഷയ്‌ക്കെതിരായ നടന്‍ മന്‍സൂര്‍ അലി ഖാന്റെ പ്രസ്താവന വിവാദമായിരുന്നു. നടി തന്നെ
മന്‍സൂറിനെതിരെ രൂക്ഷ പ്രതികരണവുമായി എത്തിയിരുന്നു. അത് ആരോ എഡിറ്റ് ചെയ്ത വീഡിയോ 
ആയിരുന്നെന്നായിരുന്നു മന്‍സൂറിന്റെ പ്രതികരണം. വിവാദ പരാമര്‍ശത്തിന് പിന്നാലെ വനിതാ
കമ്മീഷന്‍ സ്വമേധയാ കേസെടുത്തിരുന്നു.

ഇപ്പോഴിതാ വിവാദ പ്രസ്താവനയില്‍ വീണ്ടും പ്രതികരിച്ചിരിക്കുകയാണ് മന്‍സൂര്‍ അലി ഖാന്‍.
വിവാദ പരാമര്‍ശത്തില്‍ മാപ്പു പറയില്ലെന്ന് നടന്‍ പറഞ്ഞു. മാപ്പു പറയാന്‍ എന്തു തെറ്റാണ്
ചെയ്തതെന്നും നടന്‍ ചോദിക്കുന്നു. സിനിമയിലെ ബലാത്സംഗ രംഗങ്ങള്‍ യഥാര്‍ഥം ആണോ എന്നും
താരം ചോദിക്കുന്നു.
  മാപ്പ് പറയാന്‍ താരസംഘടന തന്നോട് ആവശ്യപ്പെട്ടത് വിശദീകരണം ചോദിക്കാതെയാണെന്നും
നടന്‍ ആരോപിച്ചു. നാല് മണിക്കൂറിനുള്ളില്‍ നോട്ടീസ് താരസംഘടന പിന്‍വലിക്കണമെന്നും അല്ലെങ്കില്‍
നിയമനടപടി സ്വീകരിക്കുമെന്നും നടന്‍ പറഞ്ഞു.

ലിയോ സിനിമയുമായി ബന്ധപ്പെട്ടുള്ള അഭിമുഖത്തിലാണ് മന്‍സൂര്‍ അലി ഖാന്റെ വിവാദ പരാമര്‍ശം.
തൃഷയാണ് നായികയെന്നറിഞ്ഞപ്പോള്‍ നടിക്കൊപ്പം കിടപ്പറ രംഗങ്ങളില്‍ അഭിനയിക്കാന്‍ അവസരം
ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെന്നായിരുന്നു നടന്‍ പറഞ്ഞത്.
  മന്‍സൂര്‍ മനുഷ്യത്വത്തിന്
തന്നെ അപമാനമാണെന്നായിരുന്നു തൃഷയുടെ പ്രതികരണം. അനാദരവും അശ്ലീലവും നിറഞ്ഞ പരാമര്‍ശങ്ങളെ
അപലപിച്ച തൃഷ, മന്‍സൂറിനൊപ്പം അഭിനയിക്കാത്തതില്‍ അഭിമാനമുണ്ടെന്നും ഇനി ഒരിക്കലും 
അഭിനയിക്കില്ലെന്നും താരം വ്യക്തമാക്കിയിരുന്നു.
