ഇന്ന് ലോക പ്രമേഹ ദിനം, ഈ ഭക്ഷണരീതികൾ പിന്തുടരു പ്രമേഹത്തെ ഒഴിവാക്കു

രു വ്യക്തിക്ക് രക്തത്തില്‍ ഗ്ലൂക്കോസിന്റെ അളവ് കൂടിയ അവസ്ഥക്കാണ് പ്രമേഹം എന്ന് പറയുന്നത്. ചിട്ടയായുള്ള ജീവിതചര്യയും ഭക്ഷണക്രമവും കൊണ്ട് പ്രമേഹത്തെ നമുക്ക് നിയന്ത്രിക്കാവുന്നതാണ്. ഇന്നത്തെ കാലത്ത് ഭക്ഷണ രീതിയും ജീവിത ശൈലിയും തന്നെയാണ് പലപ്പോഴും പ്രമേഹത്തെ നമ്മുടെ ജീവിതത്തിലേക്ക് കടത്തി വിടുന്നത്. ഭക്ഷണത്തിലും ജീവിതത്തിലും അല്‍പം ശ്രദ്ധിച്ചാല്‍ നമുക്ക് പ്രമേഹത്തെ ജീവിതത്തില്‍ നിന്ന് തുടച്ച് മാറ്റാം. രക്തത്തില്‍ ഗ്ലൂക്കോസിന്റെ അളവ് കൂടുന്നതോടെ ഇടക്കിടക്ക് മൂത്രമൊഴിക്കാന്‍ തോന്നുന്നു. ഇത് കൂടാതെ വിശപ്പ്, ദാഹം എന്നിവയെല്ലാം വര്‍ദ്ധിക്കുന്നു. പ്രായമായവരില്‍ മാത്രമല്ല ചെറുപ്പക്കാരിലും പ്രമേഹത്തിന്റെ സാധ്യത ഇന്നത്തെ കാലത്ത് കൂടുതലാണ്. ജീവിത രീതിയിലെ അപാകതയാണ് ഇത്തരത്തില്‍ പ്രമേഹം കൂടുതലാവാന്‍ കാരണം. അതുകൊണ്ട് തന്നെ ജീവിത രീതിയില്‍ മാറ്റം വരുത്തേണ്ടത് അത്യാവശ്യമാണ്. പ്രമേഹം പലപ്പോഴും വളരെ അപൂര്‍വ്വമായി തന്നെ മരണത്തിലേക്ക് നയിക്കുന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് കൂടുകയും പെട്ടെന്ന് തന്നെ കുറയുകയും ചെയ്യുന്നതാണ് പലപ്പോഴും മരണത്തിലേക്ക് നയിക്കുന്നത്.പ്രമേഹത്തിന് കൃത്യമായിട്ടുള്ള ചികിത്സയും ഭക്ഷണരീതിയും ആണ് ശ്രദ്ധിക്കേണ്ടത് പ്രധാനമായും മൂന്ന് തരത്തിലുള്ള പ്രമേഹമാണ് ഉള്ളത്. മുന്‍കരുതല്‍ എന്ന നിലക്ക് കൃത്യമായ അളവില്‍ പരിശോധന നടത്തേണ്ടത് അത്യാവശ്യമാണ്. ഭക്ഷണം കഴിക്കാതേയും കൃത്യമായ സമയത്ത് ഭക്ഷണം കഴിച്ചും പരിശോധന നടത്തണം.

ഫൈബര്‍ അടങ്ങിയ ഭക്ഷണങ്ങള്‍: രക്തത്തിലെ കൊളസ്‌ട്രോളും, പഞ്ചസാരയും കുറയ്ക്കാന്‍ കഴിവുള്ളതാണ് ഫൈബര്‍ ധാരാളമായി അടങ്ങിയ ഭക്ഷണങ്ങള്‍. ധാന്യങ്ങള്‍, ഓട്ട്‌സ്, കടലമാവ്, ചോളം തുടങ്ങിവയും മറ്റ് ഫൈബര്‍ സമ്പുഷ്ടമായ ആഹാരങ്ങളും പ്രമേഹരോഗത്തിനുള്ള ഭക്ഷണക്രമത്തിലുള്‍പ്പെടുത്തണം. മൈദ, സൂജി, നൂഡില്‍സ്, പാസ്ത തുടങ്ങിയവ ഒഴിവാക്കുക. അഥവാ നൂഡില്‍സും, പാസ്തയും ഉപയോഗിക്കുന്നുവെങ്കില്‍ ഒപ്പം പച്ചക്കറികളും, മുളപ്പിച്ച പയര്‍വര്‍ഗ്ഗങ്ങളും കഴിക്കണം.

പച്ചക്കറികള്‍: പച്ചക്കറികള്‍ വിറ്റാമിനുകളുടെയും ഫൈബറിന്റെയും മികച്ച സ്രോതസ്സുകളാണ്. നിലക്കടല, ബ്രൊക്കോളി, ചീര, ഇലക്കറികള്‍ തുടങ്ങിയവ ആഹാരത്തിലുള്‍പ്പെടുത്തണം. പയര്‍ വര്‍ഗ്ഗങ്ങള്‍ തൊലിയോടുകൂടിയും, മുളപ്പിച്ചും കഴിക്കുന്നത് ആരോഗ്യകരമായ ഒരു സമീപനമാണ്.

വെണ്ണ:വെണ്ണയില്‍ നിന്ന് വ്യത്യസ്ഥമായി ഒലിവ് ഓയില്‍ ഇന്‍സുലിന്‍ പ്രതിരോധം വര്‍ദ്ധിപ്പിക്കുന്നതല്ല. കൂടാതെ അത് കുറയ്ക്കാനും സഹായിക്കും. ഒലിവ് ഓയില്‍ ദഹനത്തെ കുറയ്ക്കുകയും, അതുവഴി ഭക്ഷണത്തില്‍ നിന്നുള്ള ഗ്ലൂക്കോസ് ആഗിരണം കുറയുകയും ചെയ്യും.

പഴങ്ങള്‍: പപ്പായ, ആപ്പിള്‍, ഓറഞ്ച്, പിയര്‍, പേരയ്ക്ക തുടങ്ങിയവ ഫൈബര്‍ സമ്പുഷ്ടമായവയാണ്. പഴങ്ങളിലെ ഫ്രക്ടോസ് എന്ന ഘടകം രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടന്ന് ഉയരാതെ നിലനിര്‍ത്തും. അക്കാരണത്താല്‍ പ്രമേഹരോഗികള്‍ക്ക് പഴങ്ങള്‍ കഴിക്കാം. എന്നാല്‍ അമിതമായ ഉപയോഗം കലോറി വര്‍ദ്ധിക്കാനിടയാക്കും.

ഓട്‌സ്:ലയിക്കുന്ന ഫൈബര്‍ അടങ്ങിയ ഓട്ട്മീല്‍ വെള്ളവുമായി ചേര്‍ത്താല്‍ കുഴമ്പ് രൂപത്തിലാകും. ഇത് ഉദരത്തിലെ ദഹന എന്‍സൈമുകള്‍ക്കും ഭക്ഷണത്തിലെ സ്റ്റാര്‍ച്ച് മോളിക്യൂളുകള്‍ക്കുമിടയില്‍ ഒരു പാളി രൂപപ്പെടുത്തും. ഇതിലെ കാര്‍ബോഹൈഡ്രേറ്റുകള്‍ ആഗിരണം ചെയ്യപ്പെടാന്‍ ഏറെ സമയമെടുക്കും. പ്രമേഹരോഗികള്‍ക്ക് പ്രാതലിനും, സൂപ്പായും, പോറിഡ്ജായുമൊക്കെ ഇത് കഴിക്കാം.

ബ്രോക്കോളി: ഫൈബര്‍, ആന്റി ഓക്‌സിഡന്റുകള്‍ എന്നിവയാല്‍ നിറഞ്ഞതാണ് ബ്രൊക്കോളി. ദീര്‍ഘകാലയളവിലുള്ള പഞ്ചസാര നിയന്ത്രണത്തില്‍ ഇത് ഒരു പ്രധാന പങ്ക് വഹിക്കുന്നു. പ്രമേഹരോഗികള്‍ക്കുള്ള സൂപ്പ്, പാസ്ത, സോയ സോസ് എന്നിവയില്‍ ചേര്‍ത്തും വെളുത്തുള്ളിയുമായി ചേര്‍ത്ത് മൊരിച്ചുമൊക്കെ ബ്രൊക്കോളി ഉപയോഗിക്കാം

മത്സ്യം: ആഴ്ചയില്‍ ഒരിക്കല്‍ മത്സ്യം കഴിക്കുന്നത് ഹൃദയസംബന്ധമായ രോഗങ്ങള്‍ക്കുള്ള സാധ്യത 40 ശതമാവും വരെ കുറയ്ക്കുമെന്ന് ഹാര്‍വാര്‍ഡ് സ്‌കൂള്‍ ഓഫ് പബ്ലിക് ഹെല്‍ത്ത് സ്റ്റഡി അഭിപ്രായപ്പെടുന്നു. മത്സ്യത്തിലടങ്ങിയ ഫാറ്റി ആസിഡുകള്‍ ശരീരത്തിലെ എരിച്ചില്‍ കുറയ്ക്കും. കൊറോണറി രോഗത്തിനുള്ള പ്രധാന കാരണമാണിത്. കൂടാതെ പ്രമേഹത്തെ ചെറുക്കാനും സഹായിക്കും. ഗ്രില്‍ ചെയ്ത മത്സ്യം പ്രമേഹത്തിന് ഉത്തമമാണ്.

Krithika Kannan