ബോളിവുഡ് തന്നെ താങ്ങില്ലെന്ന് മഹേഷ് ബാബു: ഹിന്ദി ഡബ്ബിങിലൂടെ പണമുണ്ടാക്കുന്നതോ എന്ന് ആര്‍.ജി.വി, താങ്ങാന്‍ ആവില്ലെങ്കില്‍ നല്ലകാര്യമെന്ന് മുകേഷ് ഭട്ട്

ബോളിവുഡ് പ്രവേശനവുമായി ബന്ധപ്പെട്ട ചോദ്യത്തില്‍ ബോളിവുഡിന് തന്നെ താങ്ങാന്‍ ആവില്ലെന്ന തെലുങ്ക് സിനിമാ താരം മഹേഷ് ബാബുവിന്റെ പ്രതികരണത്തിന് മറുപടിയുമായി സിനിമാ മേഖലയിലെ പ്രമുഖര്‍. എന്ത് അര്‍ത്ഥത്തിലാണ് മഹേഷ് ബാബു അങ്ങിനെ പറഞ്ഞതെന്ന് സംവിധായകന്‍…

ബോളിവുഡ് പ്രവേശനവുമായി ബന്ധപ്പെട്ട ചോദ്യത്തില്‍ ബോളിവുഡിന് തന്നെ താങ്ങാന്‍ ആവില്ലെന്ന തെലുങ്ക് സിനിമാ താരം മഹേഷ് ബാബുവിന്റെ പ്രതികരണത്തിന് മറുപടിയുമായി സിനിമാ മേഖലയിലെ പ്രമുഖര്‍. എന്ത് അര്‍ത്ഥത്തിലാണ് മഹേഷ് ബാബു അങ്ങിനെ പറഞ്ഞതെന്ന് സംവിധായകന്‍ രാംഗോപാല്‍ വര്‍മ്മ ചോദിക്കുന്നു.

‘ഏത് സിനിമയില്‍ അഭിനയിക്കണം എന്നത് നടന്റെ തീരുമാനമാണ്. ബോളിവുഡിന് അദ്ദേഹത്തെ താങ്ങാനുള്ള പ്രാപ്തിയില്ലെന്ന് എന്ത് അര്‍ഥത്തിലാണ് അദ്ദേഹം പറഞ്ഞത്. എനിക്കത് മനസ്സിലാകുന്നില്ല. തെന്നിന്ത്യന്‍ സിനിമകള്‍ ഹിന്ദിയിലേക്ക് റീമേക്ക് ചെയ്ത് പണമുണ്ടാക്കുന്നത് നോക്കൂ, രാംഗോപാല്‍ വര്‍മ്മ ചോദിക്കുന്നു.

രാംഗോപാല്‍ വര്‍മ്മയുടെ പ്രതികരണത്തിന് പിന്നാലെ അഭിപ്രായം രേഖപ്പെടുത്തി നിര്‍മ്മാതാവ് മുകേഷ് ഭട്ടും രംഗത്തെത്തി.

‘മഹേഷ് ബാബുവിന് ഞാന്‍ എല്ലാവിധ ഭാവുകങ്ങളും നേരുന്നു. അദ്ദേഹത്തിന് കഴിവും അതനുസരിച്ചുള്ള താരമൂല്യവുമുണ്ട്. അത് വര്‍ഷങ്ങള്‍കൊണ്ട് അദ്ദേഹം നേടിയെടുത്തതാണ്. വിജയം നേടിയ അഭിനേതാവാണ് മഹേഷ് ബാബു. അദ്ദേഹത്തിന്റെ പ്രതീക്ഷയ്ക്കൊത്ത് ബോളിവുഡിന് പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ അതില്‍ തെറ്റുപറയാനാവില്ല’, മുകേഷ് ഭട്ട് പറഞ്ഞു.

ഹിന്ദി സിനിമാ പ്രവേശനത്തെ കുറിച്ചുള്ള ചോദ്യത്തിന് കഴിഞ്ഞ ദിവസമാണ് മഹേഷ് ബാബു മാസ് മറുപടി നല്‍കിയത്. പല ഓഫറുകളും ബോളിവുഡില്‍ നിന്ന് വരുന്നുണ്ടെങ്കിലും തെലുങ്ക് ഇന്‍ഡസ്ട്രി വിട്ട് പോകാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്നും, തന്നെ താങ്ങാന്‍ ബോളിവുഡിന് സാധിക്കില്ലെന്നും പറഞ്ഞു. തന്നെ താങ്ങാന്‍ കഴിയാത്ത ഒരു ഇന്‍ഡസ്ട്രിയില്‍ വര്‍ക്ക് ചെയ്യുന്നതിനേക്കാള്‍ തന്നെ സ്‌നേഹിക്കുന്ന ഇന്‍ഡസ്ട്രിയില്‍ തുടരാനാണ് താല്‍പര്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തിരുന്നു.

മഹേഷ് ബാബു നായകനായുള്ള ചിത്രം ‘സര്‍ക്കാരു വാരി പാട്ട’യാണ് റിലീസിനായി കാത്തിരിക്കുന്നത്. കീര്‍ത്തി സുരേഷ് ആണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. പരശുറാം ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. കീര്‍ത്തി സുരേഷ് ചിത്രം ‘സര്‍ക്കാരു വാരി പാട്ട’യിലേതായി പുറത്തുവിട്ട ‘കലാവതി’ എന്ന ഗാനം വന്‍ ഹിറ്റായിരുന്നു.