ഗണേഷ് കുമാറിന്റെ സിനിമാ പ്രവേശനത്തിന് പിന്നില്‍ മൂകാംബിക ദേവിയുടെ അനുഗ്രഹം: വെളിപ്പെടുത്തലുമായി നിര്‍മ്മാതാവ്

എം.എല്‍.എയും നടനുമായ ഗണേഷ് കുമാറിന്റെ സിനിമാ പ്രവേശനത്തില്‍ പിതാവും മുന്‍ മന്ത്രിയും ആയിരുന്ന ബാലകൃഷ്ണപിള്ളയ്ക്ക് താല്‍പര്യം ഉണ്ടായിരുന്നില്ലെന്നും, എന്നാല്‍ മൂകാംബികാ ദേവിയുടെ അനുഗ്രഹത്താലാണ് അത് സാധ്യമായതെന്നും നിര്‍മ്മാതാവിന്റെ വെളിപ്പെടുത്തല്‍. ഗണേഷ് കുമാര്‍ ആദ്യമായി അഭിനയിച്ച…

എം.എല്‍.എയും നടനുമായ ഗണേഷ് കുമാറിന്റെ സിനിമാ പ്രവേശനത്തില്‍ പിതാവും മുന്‍ മന്ത്രിയും ആയിരുന്ന ബാലകൃഷ്ണപിള്ളയ്ക്ക് താല്‍പര്യം ഉണ്ടായിരുന്നില്ലെന്നും, എന്നാല്‍ മൂകാംബികാ ദേവിയുടെ അനുഗ്രഹത്താലാണ് അത് സാധ്യമായതെന്നും നിര്‍മ്മാതാവിന്റെ വെളിപ്പെടുത്തല്‍. ഗണേഷ് കുമാര്‍ ആദ്യമായി അഭിനയിച്ച ഇരകള്‍ എന്ന ചിത്രത്തിന്റെ നിര്‍മ്മാതാവായ ഗാന്ധിമതി ബാലന്‍ ആണ് വെളിപ്പെടുത്തലുമായി രംഗത്തെത്തിയത്.

ഇരകള്‍ സിനിമയുടെ നായകനായുള്ള അന്വേഷണത്തിലായിരുന്നു താനും ചിത്രത്തിന്റെ സംവിധായകനുമായ ജോര്‍ജ്ജും എന്ന് ബാലന്‍ പറയുന്നു. അന്ന് വൈദ്യുതി വകുപ്പ് മന്ത്രിയായ ബാലകൃഷ്ണപിള്ള തന്നെ കാണണമെന്ന് ആവശ്യപ്പെട്ട് വിളിപ്പിച്ചതായും, കണ്ടപ്പോള്‍ ഗണേശനെ ഒന്ന് മൂകാംബികയില്‍ കൊണ്ടുപോയി തൊഴീക്കണമെന്നും ആവശ്യപ്പെട്ടു. അന്നുതന്നെ താന്‍ ഗണേഷുമൊത്ത് ട്രെയ്‌നില്‍ മൂകാംബികയ്ക്ക് പോയി തൊഴുത് മടങ്ങി.

പ്രസാദം ഗണേഷ് കുമാറിന്റെ ബാഗില്‍ ആയിരുന്നു. തിരിച്ചു ട്രെയ്ന്‍ ഇറങ്ങിയപ്പോള്‍ പ്രസാദം എടുക്കാന്‍ ഇരുവരും മറന്നു. തിരികെ വീട്ടിലെത്തിയശേഷം ഓഫീസില്‍ എത്തിയ തന്നെ കാണാന്‍ സിനിമയുടെ സംവിധായകന്‍ ജോര്‍ജ്ജ് എത്തിയതായും നായകനെ കിട്ടാത്തതിന്റെ വിഷയം സംസാരിച്ചിരിക്കുമ്പോള്‍ മൂകാംബിക ദേവിയുടെ പ്രസാദവുമായി ഗണേഷ് കുമാര്‍ കയറിവന്നതായും ബാലന്‍ ഓര്‍മിക്കുന്നു.

പ്രസാദം വിതരണം ചെയ്തശേഷം ഗണേഷ് മടങ്ങുകയും എന്നാല്‍ ഗണേഷിനെ ശ്രദ്ധിച്ച ജോര്‍ജ്ജ് തന്റെ കഥാപാത്രമായി ഗണേഷ്് കുമാര്‍ മതിയെന്നും പറയുകയായിരുന്നു. മൂകാംബികയ്ക്ക് പോകാന്‍ തീരുമാനിച്ചതും മടങ്ങിവന്നശേഷം ജോര്‍ജ്ജിനെ ഇരുവരും കണ്ടുമുട്ടിയതുമെല്ലാം ഒരു നിമിത്തം ആണെന്നാണ് നിര്‍മ്മാതാവ് ബാലന്റെ അഭിപ്രായം.