# ‘ഔദ്യോഗികമായി പ്രഖ്യാപിച്ചത് രോമാഞ്ചത്തിന്റെ രണ്ടാം ഭാഗം മാത്രം’; അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് ജിത്തു മാധവൻ

- Link: https://ml.b4blaze.com/general-news/only-the-second-part-of-romancham-has-been-officially-announced-jithu-madhavan-puts-an-end-to-rumors
- Published: 2026-11-12T12:42:30+05:30
- Author: Sana Fathima

‘ആവേശം’ ഉൾപ്പെടെയുള്ള സിനിമകളുടെ രണ്ടാം ഭാഗത്തെക്കുറിച്ച് പ്രചരിക്കുന്ന അഭ്യൂഹങ്ങളിൽ
വ്യക്തത വരുത്തി സംവിധായകൻ ജിത്തു മാധവൻ. താൻ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടുള്ള രണ്ടാം
ഭാഗം ‘രോമാഞ്ച’ത്തിന്റേത് മാത്രമാണെന്ന് അദ്ദേഹം വ്യക്തമാക്കി. ‘ആവേശം’, ‘സീൻ’ തുടങ്ങിയ
ചിത്രങ്ങളുടെ ക്ലൈമാക്സിൽ നൽകിയ സൂചനകൾ രണ്ടാം ഭാഗത്തിന്റെ പ്രഖ്യാപനമായി കാണേണ്ടതില്ലെന്നും
സംവിധായകൻ പറഞ്ഞു.

സിനിമ അവസാനിച്ചാലും അതിന്റെ അനുഭവം തിയേറ്റർ വിട്ടിറങ്ങിയ ശേഷവും പ്രേക്ഷകരിൽ നിലനിൽക്കണമെന്ന
ഉദ്ദേശ്യത്തോടെയാണ് ഇത്തരം ടെയിൽ എൻഡ് സീക്വൻസുകൾ ഉൾപ്പെടുത്തിയതെന്ന് ജിത്തു മാധവൻ
വിശദീകരിച്ചു. കഥ ഇവിടെ അവസാനിക്കുന്നില്ലെന്ന തോന്നൽ പ്രേക്ഷകർക്ക് നൽകുക മാത്രമാണ്
ഇതിലൂടെ ലക്ഷ്യമിട്ടത്.

താൻ രണ്ടാം ഭാഗം ഔദ്യോഗികമായി പ്രഖ്യാപിച്ചത് ‘രോമാഞ്ച’ത്തിന് മാത്രമാണെന്നും അത് സംഭവിക്കുമെന്നാണ്
പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അനുയോജ്യമായ സമയവും സാഹചര്യവും ഒത്തുവരുമ്പോൾ
ചിത്രം യാഥാർഥ്യമാകുമെന്നും സംവിധായകൻ വ്യക്തമാക്കി.

അതേസമയം, ഫഹദ് ഫാസിൽ നായകനായ ‘ആവേശം’ രണ്ടാം ഭാഗത്തെക്കുറിച്ചുള്ള ചർച്ചകളും സജീവമാണ്.
ചിത്രത്തിന്റെ രണ്ടാം ഭാഗത്തെക്കുറിച്ച് ആലോചനകൾ നടക്കുന്നുണ്ടെന്ന് ഫഹദ് നേരത്തെ ഒരു
പരിപാടിയിൽ പറഞ്ഞിരുന്നു. എന്നാൽ ഇതുവരെ ഔദ്യോഗിക തീരുമാനമോ സ്ഥിരീകരണമോ ഉണ്ടായിട്ടില്ലെന്നാണ്
ജിത്തു മാധവന്റെ വാക്കുകൾ സൂചിപ്പിക്കുന്നത്.

രണ്ടാം ഭാഗം ഒരുക്കുന്നത് വലിയ ഉത്തരവാദിത്തമാണെന്നും ആദ്യ ചിത്രത്തിന്റെ നിലവാരം നിലനിർത്താൻ
കഴിയണമെന്നത് പ്രധാനമാണെന്നും അദ്ദേഹം പറഞ്ഞു. രണ്ടാം ഭാഗം പുറത്തിറങ്ങിയശേഷം ആദ്യ 
ചിത്രത്തിന്റെ മികവ് നഷ്ടപ്പെടുത്തിയെന്ന വിമർശനം ഉയരാനും സാധ്യതയുണ്ട്. അതിനാൽ തിരക്കിട്ട്
തീരുമാനമെടുക്കാതെ അനുയോജ്യമായ സമയം കാത്തിരിക്കാനാണ് താൽപര്യമെന്നും ജിത്തു മാധവൻ 
വ്യക്തമാക്കി.
ഇതോടെ ‘ആവേശം 2’ സംബന്ധിച്ച അഭ്യൂഹങ്ങൾക്ക് തൽക്കാലം വ്യക്തത വന്നിരിക്കുകയാണ്.
അതേസമയം, ‘രോമാഞ്ചം 2’ എന്ന പ്രഖ്യാപിത രണ്ടാം ഭാഗത്തിനായുള്ള കാത്തിരിപ്പ് ആരാധകർക്കിടയിൽ
തുടരുകയാണ്.
