‘മൈക്കിള്‍ എങ്ങനെയാണോ പാപ്പനോട് പെരുമാറുന്നത് അതേപോലെ തന്നെയാണ് റിയല്‍ലൈഫും, നിങ്ങള്‍ക്ക് കാണാന്‍ പറ്റാത്ത ആ കെമിസ്ട്രി ഈ സിനിമയില്‍ കാണാം’; ഗോകുല്‍ സുരേഷ്

ഒരു ഇടവേളക്ക് ശേഷം ജോഷിയും സുരേഷ് ഗോപിയും ഒന്നിച്ചെത്തുന്ന ചിത്രമാണ് പാപ്പന്‍. സുരേഷ് ഗോപി നായകനായെത്തുന്ന ഈ ചിത്രം തിയേറ്ററുകളിലെത്തിയിരിക്കുകയാണ്. സുരേഷ് ഗോപിക്കൊപ്പം ഗോകുല്‍ സുരേഷും പാപ്പനില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഇപ്പോഴിതാ…

ഒരു ഇടവേളക്ക് ശേഷം ജോഷിയും സുരേഷ് ഗോപിയും ഒന്നിച്ചെത്തുന്ന ചിത്രമാണ് പാപ്പന്‍. സുരേഷ് ഗോപി നായകനായെത്തുന്ന ഈ ചിത്രം തിയേറ്ററുകളിലെത്തിയിരിക്കുകയാണ്. സുരേഷ് ഗോപിക്കൊപ്പം ഗോകുല്‍ സുരേഷും പാപ്പനില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഇപ്പോഴിതാ ചിത്രത്തിലെ ക്യാരക്ടറിനെക്കുറിച്ചും അച്ഛനും മകനും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുമൊക്കെ തുറന്ന് പറയുകയാണ് ഗോകുല്‍.

മൈക്കിള്‍ എന്നാണ് ചിത്രത്തില്‍ ഗോകുല്‍ സുരേഷിന്റെ കഥാപാത്രത്തിന്റെ പേര്. മൈക്കിളും പാപ്പനും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് വന്‍ സസ്പെന്‍സ് ആണ് അണിയറപ്രവര്‍ത്തകര്‍ നല്‍കിയിരുന്നത്. യഥാര്‍ത്ഥ ജീവിതത്തില്‍ തനിക്ക് അച്ഛനോട് പറയാന്‍ പറ്റാത്ത പല കാര്യങ്ങളും ചിത്രത്തില്‍ മൈക്കിളിന് പാപ്പനോട് പറയാന്‍ സാധിക്കുന്നുണ്ടെന്ന് ഗോകുല്‍ സുരേഷ് നേരത്തേ തന്നെ പറഞ്ഞിരുന്നു. ക്ലബ് എഫ്. എമ്മിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ജീവിതത്തില്‍ ഒരു പക്ഷെ ഗോകുല്‍ എന്ന മകനോട് സുരേഷ് ഗോപിയെന്ന അച്ഛനുള്ള കെമിസ്ട്രി നിങ്ങള്‍ കാണാത്തതാണ്. അത് രഹസ്യമായിട്ടുള്ളതാണ്. അങ്ങനെ നിങ്ങള്‍ക്ക് കാണാന്‍ പറ്റാത്ത കെമിസ്ട്രി ഈ സിനിമയില്‍ കാണാന്‍ പറ്റും. നിങ്ങള്‍ക്ക് എന്‍ജോയ് ചെയ്യാനും പറ്റും’ എന്നാണ് ഗോകുല്‍ സുരേഷ് പറഞ്ഞത്. റിയല്‍ ലൈഫില്‍ സുരേഷ് ഗോപിയുമായുള്ള കെമിസ്ട്രിയെ കുറിച്ചും ഗോകുല്‍ സുരേഷ് സംസാരിച്ചിരുന്നു. താനും അച്ഛനും തമ്മില്‍ ഡിസ്റ്റന്‍സോ കെമിസ്ട്രി കുറവോ ഒന്നും തന്നെ റിയല്‍ ലൈഫിലില്ലെന്നും മൈക്കിളിനെക്കാളും കുറെ കൂടെ അഗ്രഷന്‍ ഉള്ള ആളാണ് താനെന്നുമാണ് ഗോകുല്‍ സുരേഷ് വ്യക്തമാക്കിയത്.

‘ഞങ്ങള്‍ തമ്മില്‍ ഡിസ്റ്റന്‍സോ കെമിസ്ട്രി കുറവോ ഒന്നും തന്നെ റിയല്‍ ലൈഫിലില്ല. മൈക്കിള്‍ എങ്ങനെയാണോ പാപ്പനോട് പെരുമാറുന്നത് അതേപോലെ ബിഹേവ് ചെയ്യാന്‍ പറ്റിയ പല അവസരങ്ങളും റിയല്‍ ലൈഫിലുണ്ടായിട്ടുണ്ട്. ഞാന്‍ അത് ഉപയോഗിക്കാറുമുണ്ട്. മൈക്കിളിനെക്കാളും കുറെ കൂടെ അഗ്രഷന്‍ ഉള്ള ആളാണ് ഞാന്‍. മൈക്കിള്‍ ശാന്തനായ കഥാപാത്രമാണ്. എനിക്ക് അച്ഛനുവേണ്ടി സംസാരിക്കാനും തിരുത്താനുമൊക്കെയുള്ള അവസരങ്ങള്‍ ഉണ്ടായിട്ടുണ്ട്. ആ ഫ്രീഡം എനിക്ക് അച്ഛനോട് ഉണ്ട്. അക്കാര്യങ്ങളില്‍ അദ്ദേഹമെന്നോട് ദേഷ്യപ്പെടാറൊന്നുമില്ല. എന്റെ അഗ്രഷന്‍ കൂടുന്ന സമയങ്ങളില്‍ അദ്ദേഹം എന്നെ നോക്കും. അത്രയേ ഉള്ളൂ’. ഗോകുല്‍ സുരേഷ് പറഞ്ഞു.

ആര്‍.ജെ ഷാനാണ് ചിത്രത്തിന്റെ തിരക്കഥ നിര്‍വഹിച്ചിരിക്കുന്നത്. മാസ് ഫാമിലി ക്രൈം ഇന്‍വസ്റ്റിഗേഷന്‍ ത്രില്ലറായി ഒരുക്കുന്ന ചിത്രത്തില്‍ വന്‍ താരനിര തന്നെയാണ് അണിനിരന്നിരിക്കുന്നത്. ഗോകുലം ഗോപാലന്‍, ഡേവിഡ് കാച്ചപ്പിള്ളി, റാഫി മതിര, എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. നൈല ഉഷ, കനിഹ, നീത പിള്ള എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു.