അച്ഛന്റെ പാര്‍ട്ടിയെ വിമര്‍ശിക്കുന്ന സിനിമ, അത്തരമൊരു സിനിമ ഞാന്‍ ചെയ്യുമെന്ന് ആരും വിചാരിക്കില്ലല്ലോ? ഗോകുല്‍ സുരേഷ്

ഡി4 എന്റര്‍ടൈന്‍മെന്റ്സിന്റെ ബാനറില്‍ അരുണ്‍ ചന്ദു സംവിധാനം ചെയ്ത സിനിമയാണ് സായാഹ്ന വാര്‍ത്തകള്‍. ഗോകുല്‍ സുരേഷ്, ധ്യാന്‍ ശ്രീനിവാസന്‍, അജു വര്‍ഗീസ്, ഇന്ദ്രന്‍സ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഡി4 എന്റര്‍ടൈന്‍മെന്റ്സിന്റെ ബാനറില്‍ ഒരുക്കിയ സിനിമ കഴിഞ്ഞ ദിവസമാണ് തിയറ്ററുകളില്‍ എത്തിയത്. ചിത്രത്തില്‍ ധ്യാന്‍ ശ്രീനിവാസന്‍ മാധ്യമ പ്രവര്‍ത്തകന്റെ വേഷത്തിലാണ് എത്തുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി മാധ്യമങ്ങളെ കണ്ടപ്പോള്‍ ഗോകുല്‍ സുരേഷ് പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.

സായാഹ്ന വാര്‍ത്തകളില്‍ അഭിനയിക്കാനുള്ള കാരണം വ്യക്തമാക്കിയിരിക്കുകയാണ് ഗോകുല്‍ സുരേഷ്. ജോലി വാഗ്ദാനം ചെയ്തുള്ള തട്ടിപ്പിനെ ബന്ധപ്പെടുത്തി പൊളിറ്റിക്കല്‍ സറ്റയര്‍ രീതിയിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. തനിക്ക് പൊതുവെ പൊളിറ്റിക്കല്‍ സറ്റയര്‍ ഇഷ്ടമാണെന്നും സിനിമ കണ്ട് കഴിഞ്ഞാല്‍ ആരെയാണ് ഇതില്‍ വിമര്‍ശിക്കുന്നതെന്ന് മനസിലാകുമെന്നും, താന്‍ വരുന്നത് എവിടെ നിന്ന് ആണെന്നൊക്കെ എല്ലാവര്‍ക്കും അറിയാമല്ലോ അത് വെച്ച് നോക്കുമ്പോള്‍ ഇത് ചെയ്യില്ല എന്ന് കരുതുമെന്നുമാണ് ഗോകുല്‍ സുരേഷ് പറഞ്ഞത്. താന്‍ കേന്ദ്രത്തെ വിമര്‍ശിക്കുന്ന ചിത്രത്തില്‍ അഭിനയിക്കുമെന്ന് ആരും കരുതില്ലല്ലോ എന്നും ഗോകുല്‍ കൂട്ടിച്ചേര്‍ത്തു.

ഭരണകൂടത്തെ വിമര്‍ശിക്കുന്ന സിനിമയാണെന്ന് അച്ഛനോട് പറഞ്ഞിരുന്നോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് അച്ഛനോട് പറഞ്ഞിട്ടില്ല, ഇതില്‍ ഒന്നും അങ്ങനെ ഇടപെടാറില്ലെന്നും, അച്ഛന്റെ പാര്‍ട്ടിയെ വിമര്‍ശിച്ചത് എന്താണെന്ന് അച്ഛന്‍ ചോദിക്കില്ലെന്നുമാണ് ഗോകുല്‍ പറഞ്ഞത്. ‘ചെയ്യുന്ന കാര്യത്തില്‍ നേര് ഉണ്ടെങ്കില്‍ അച്ഛന്‍ അങ്ങനെ ഇടപെടാറില്ല, അച്ഛന്റെ പാര്‍ട്ടിയെ വിമര്‍ശിക്കുന്ന കഥ എന്തിന് ചെയ്തു എന്നൊന്നും അച്ഛന്‍ ചോദിക്കില്ല,’ എന്നായിരുന്നു ഗോകുലിന്റെ വാക്കുകള്‍.

 

 

 

Aswathy