‘ഹാന്‍ഡ്‌സ് അപ് സിന്ദഗി’ ഗോള്‍ഡിലെ വീഡിയോ ഗാനം പുറത്തുവിട്ടു

‘പ്രേമ’ത്തിന് ശേഷം അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്ത ഗോള്‍ഡ് തിയേറ്ററുകളിലെത്തിയിരിക്കുകയാണ്. പൃഥ്വിരാജ്- നയന്‍താര കൂട്ടുകെട്ടിലെത്തിയ ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിലെ ‘ഹാന്‍ഡ്‌സ് അപ് സിന്ദഗി’ എന്ന വീഡിയോ ഗാനം പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. ശങ്കര്‍ ജയ്കിഷന്‍ സംഗീതം നല്‍കിയ ഗാനം ആലപിച്ചിരിക്കുന്നത് പത്മജ ശ്രീനിവാസനും ശബരീഷ് വര്‍മ്മയുമാണ്.

പ്രേമം ഇറങ്ങി ഏഴ് വര്‍ഷങ്ങള്‍ക്ക് ശേഷമെത്തുന്ന അല്‍ഫോണ്‍സ് പുത്രന്‍ ചിത്രമെന്ന പ്രത്യേകതയും ഗോള്‍ഡിനുണ്ട്. ജോഷി എന്ന കഥാപാത്രത്തെയാണ് പൃഥ്വിരാജ് ഗോള്‍ഡില്‍ അവതരിപ്പിക്കുന്നത്. നയന്താരയെത്തുന്നത് സുമംഗലി ഉണ്ണികൃഷ്ണന്‍ എന്ന കഥാപാത്രത്തെയിട്ടാണ്. 2021ല്‍ ഇറങ്ങിയ കുഞ്ചാക്കോ ബോബന്‍ ചിത്രം നിഴലിന് ശേഷമെത്തുന്ന നയന്‍താരയുടെ മലയാള ചിത്രമാണ് ഗോള്‍ഡ്. ആനന്ദ് സി ചന്ദ്രനാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. ഷമ്മി തിലകന്‍, മല്ലിക സുകുമാരന്‍, വിനയ് ഫോര്‍ട്ട്, അല്‍താഫ് സലീം, സാബുമോന്‍, ചെമ്പന്‍ വിനോദ്, ബാബുരാജ്, കൃഷ്ണ ശങ്കര്‍, ശബരീഷ് വര്‍മ്മ, റോഷന്‍ മാത്യു, ലാലു അലക്സ്, ജാഫര്‍ ഇടുക്കി, ജഗദീഷ്, അബു സലീം, സുരേഷ് കൃഷ്ണ, ദീപ്തി സതി, സുധീഷ്, അജ്മല്‍ അമീര്‍, പ്രേം കുമാര്‍, സൈജു കുറിപ്പ്, ജസ്റ്റിന്‍ ജോണ്‍, ഫയ്സല്‍ മുഹമ്മദ്, എം ഷിയാസ് തുടങ്ങി വന്‍ താരനിരയാണ് ചിത്രത്തില്‍ അഭിനയിക്കുന്നത്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സ്, മാജിക് ഫ്രെയിംസ് എന്നീ ബാനറുകളില്‍ പൃഥ്വിരാജും ലിസ്റ്റിന്‍ സ്റ്റീഫനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. മാജിക് ഫ്രെയിംസ് ആണ് വിതരണം.

സംവിധായകനായ അല്‍ഫോണ്‍സ് പുത്രന്‍ തന്നെയാണ് ചിത്രത്തിന്റെ കഥ, എഡിറ്റിങ്, സംഘട്ടനം, വിഎഫ്എക്‌സ്, ആനിമേഷന്‍, കളര്‍ ഗ്രേഡിങ് തുടങ്ങിയവ കൈകാര്യം ചെയ്തിരിക്കുന്നത്. അല്‍ഫോണ്‍സിന്റെ കരിയറിലെ മൂന്നാമത്തെ ചിത്രമാണ് ഗോള്‍ഡ്. നിവിന്‍ പോളിയെ നായകനാക്കി ഒരുക്കിയ നേരം, പ്രേമം എന്നിവയായിരുന്നു അല്‍ഫോണ്‍സിന്റെ ആദ്യ രണ്ട് ചിത്രങ്ങള്‍.

Gargi