താരോദയത്തിന്റെ മുപ്പത് വര്‍ഷങ്ങള്‍!!! നവജാത ശിശുക്കള്‍ക്ക് സ്വര്‍ണമോതിരവും വസ്ത്രങ്ങളും സമ്മാനിച്ച് വിജയ് ഫാന്‍സ്

Follow Us :

സിനിമയില്‍ മൂന്ന് പതിറ്റാണ്ട് പൂര്‍ത്തിയാക്കി നടന്‍ വിജയ്. താരോദയത്തിന്റെ മുപ്പത് വര്‍ഷങ്ങള്‍ ആരാധകര്‍ പല രീതിയിലാണ് ആഘോഷിക്കുകയാണ്. അക്കൂട്ടത്തില്‍ വിജയ് ആരാധകരുടെ ചാരിറ്റി സംഘടനയായ വിജയ് മക്കള്‍ ഇയക്കം നടത്തിയ ഒരു നന്മയാണ് വാര്‍ത്തയായിരിക്കുന്നത്.

വിജയ് സിനിമയില്‍ 30 വര്‍ഷം പൂര്‍ത്തിയാക്കിയതിന്റെ ഭാഗമായി 30 നവജാത ശിശുക്കള്‍ക്ക് സംഘടന സ്വര്‍ണമോതിരങ്ങളും വസ്ത്രങ്ങളും സമ്മാനിച്ചിരിക്കുകയാണ്. അഡയാര്‍ സര്‍ക്കാര്‍ മറ്റേണിറ്റി ആശുപത്രിയിലെ കുഞ്ഞുങ്ങള്‍ക്കാണ് സമ്മാനങ്ങള്‍ നല്‍കിയത്. മുന്‍പും സമാനരീതിയില്‍ ക്രോംപേട്ട് സര്‍ക്കാര്‍ ആശുപത്രിയില്‍ 20 നവജാത ശിശുക്കള്‍ക്ക് വിജയ് ആരാധകര്‍ ചേര്‍ന്ന് സ്വര്‍ണമോതിരം സമ്മാനിച്ചിരുന്നു.

വംശി പൈഡിപ്പിള്ളിയുടെ വാരിസ് ആണ് വിജയുടെ റിലീസിനൊരുങ്ങിയിരിക്കുന്ന ചിത്രം. പൊങ്കല്‍ റിലീസായി 2023 ജനുവരിയിലാണ് ചിത്രം തിയ്യറ്ററിലെത്തുക. ചിത്രത്തിന്റെ ഓരോ അപ്‌ഡേറ്റും ആരാധകരെ ആവേശം കൊള്ളിയ്ക്കുകയാണ്. കഴിഞ്ഞ ദിവസം പുറത്തുവന്ന തീ ദളപതി എന്ന ഗാനം യൂട്യൂബില്‍ കണ്ടിരിക്കുന്നത് 13 മില്ല്യണ്‍ കാഴ്ചക്കാരാാണ്.

ചിത്രത്തിലെ ആദ്യമിറങ്ങിയ ‘രഞ്ജിതമേ’ എന്ന വിജയ് ആലപിച്ച ഗാനം യൂട്യൂബില്‍ ട്രെന്‍ഡിങ്ങായിരുന്നു. ശ്രീ വെങ്കടേശ്വര ക്രിയേഷന്‍സിന്റെ ബാനറില്‍ ദില്‍ രാജു ആണ് വാരിസ് നിര്‍മിക്കുന്നത്. രശ്മിക മന്ദാന്ന, പ്രകാശ് രാജ്, ശ്രീകാന്ത് തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന റോളുകളിലെത്തുന്നുണ്ട്.