സൂപ്പര്‍ നടന്മാര്‍ക്കില്ലാത്ത ഈ മനുഷ്യന്റെ മനുഷ്യത്വത്തോട് ഞാന്‍ നന്ദി ഉള്ളവനാണ്: സുരേഷ് ഗോപിയെ കുറിച്ച് ഹരീഷ് പേരടിയുടെ കുറിപ്പ്

യുവ നടിയുടെ പീഡന പരാതിയില്‍ നടന്‍ വിജയ് ബാബുവിന് എതിരെ മാതൃകാപരമായ നടപടികള്‍ സ്വീകരിക്കുന്നതില്‍ താര സംഘടനയായ അമ്മ വീഴ്ച വരുത്തിയതില്‍ പ്രതിഷേധിച്ച് നടന്‍ ഹരീഷ് പേരടി സംഘടനയില്‍ നിന്നും രാജി വയ്ക്കുന്നതായി നേരത്തെ…

യുവ നടിയുടെ പീഡന പരാതിയില്‍ നടന്‍ വിജയ് ബാബുവിന് എതിരെ മാതൃകാപരമായ നടപടികള്‍ സ്വീകരിക്കുന്നതില്‍ താര സംഘടനയായ അമ്മ വീഴ്ച വരുത്തിയതില്‍ പ്രതിഷേധിച്ച് നടന്‍ ഹരീഷ് പേരടി സംഘടനയില്‍ നിന്നും രാജി വയ്ക്കുന്നതായി നേരത്തെ അറിയിച്ചിരുന്നു. മെംബര്‍ഷിപ്പ് ഫീസായ ഒരു ലക്ഷം രൂപ മടക്കി തരേണ്ടെന്നും രാജി സ്വീകരിച്ചാല്‍ മതിയെന്നുമാണ് അദ്ദേഹം മുമ്പ് പറഞ്ഞിരുന്നത്.

രാജി തീരുമാനത്തില്‍ നിന്നും താന്‍ പിന്നോട്ടില്ലെന്നും രാജി വാര്‍ത്ത അറിഞ്ഞ് നടന്‍ സുരേഷ് ഗോപി മാത്രമാണ് തന്നെ ബന്ധപ്പെട്ടതെന്നും ഹരീഷ് പേരടി പറയുന്നു. ഫെയ്‌സ്ബുക്കിലൂടെ ആയിരുന്നു താരത്തിന്റെ പ്രതികരണം.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം:

A. M. M. A യില്‍ നിന്ന് ഞാന്‍ രാജി ഫെയ്‌സ് ബുക്കില്‍ മാത്രമല്ല പ്രഖ്യാപിച്ചത്… പ്രസിണ്ടണ്ടിനും ജനറല്‍ സെക്രട്ടറിക്കും പേര്‍സണല്‍ നമ്പറിലേക്ക് രാജി അയച്ചു കൊടുത്തു… A. M. M. A ക്ക് മെയില്‍ ചെയ്യുകയും ചെയ്യതു..ഈ രണ്ടുപേരും എന്നെ വിളിച്ചിട്ടില്ല… പക്ഷെ ഈ രാജി വാര്‍ത്ത അറിഞ്ഞ നിമിഷം ആദ്യം എന്നെ വിളിച്ചത് സുരേഷേട്ടനാണ്… ഇദ്ദേഹത്തിന്റെ രാഷ്ട്രിയത്തെ ഞാന്‍ പലപ്പോഴും വിമര്‍ശിച്ചിട്ടുണ്ടെങ്കിലും അദ്ദേഹം എന്നോട് പറഞ്ഞു’ നിങ്ങളെ പോലെയൊരാള്‍ ഇതില്‍ നിന്ന് വിട്ടു പോകരുത്..

സംഘടനയുടെ ഉള്ളില്‍ നിന്ന് പോരാടണം’ എന്ന് … ഇനി അതിനുള്ളില്‍ നില്‍ക്കുന്നതില്‍ ഒരു അര്‍ത്ഥവുമില്ലെന്ന് പറഞ്ഞ് എല്ലാ ബഹുമാനത്തോടെയും സ്‌നേഹപൂര്‍വ്വം ഞാന്‍ സുരേഷേട്ടന്റെ വാക്കുകളെ നിരസിച്ചു… എങ്കിലും പല സൂപ്പര്‍ നടന്‍മാര്‍ക്കും ഇല്ലാത്ത ഈ മനുഷ്യന്റെ മനുഷ്യത്വത്തോട് ഞാന്‍ നന്ദിയുള്ളവനാണ്… ഈ മനുഷ്യനെ ഓര്‍ക്കാതെ പോയാല്‍ അത് വലിയ നന്ദി കേടാവും… A. M. M. A യില്‍ നിന്ന് ഒഴിവാക്കണം എന്ന് പറഞ്ഞത് രാജി അംഗീകരിക്കണം എന്ന് തന്നെയാണ് … രാജി രാജി തന്നെയാണ്.. അതില്‍ മാറ്റമൊന്നുമില്ല.

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ടതു മുതല്‍ ഇങ്ങോട്ട് അമ്മയ്ക്കുളളില്‍ സ്ത്രീ വിവേചനം സംബന്ധിച്ച വിവിധ അനുഭവങ്ങള്‍ ഉയരുകയാണ്. ഇതിനിടെ ഡബ്‌ള്യു സി.സി എന്ന സ്ത്രീ സംഘടനയും രൂപീകരിക്കപ്പെട്ടു. അപ്പോഴാണ് നടന്‍ വിജയ് ബാബുവുമായി ബന്ധപ്പെട്ട പുതിയ സ്ത്രീ വിഷയം ഉയര്‍ന്നിരിക്കുന്നത്. ഇവിടെയും അമ്മയില്‍ നിന്നും സ്ത്രീയ്ക്ക് നീതി കിട്ടുന്നില്ല എന്ന ആരോപണം ശക്തമായിരിക്കുകയാണ്.