വേട്ടക്കാരന്റെ ലിംഗം മുറിക്കുന്ന 22 ഫീമെയില്‍ കോട്ടയം ആണ് ഈ നൂറ്റാണ്ടിലെ ഏറ്റവും നല്ല സിനിമ…!- ഹരീഷ് പേരടി

22 ഫീമെയില്‍ കോട്ടയം എന്ന സിനിമയുടെ പോസ്റ്റര്‍ പങ്കുവെച്ചുകൊണ്ട് നടന്‍ ഹരീഷ് പേരടി കുറിച്ച വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. ആനുകാലിക പ്രസക്തിയുള്ള വിഷയങ്ങളെ കുറിച്ച് സംസാരിക്കുകയും തന്റെ നിലപാട് വ്യക്തമാക്കുകയും ചെയ്യുന്ന അദ്ദേഹം മലയാളത്തിലെ മികച്ച സിനിമകളില്‍ ഒന്നായ 22 ഫീമെയില്‍ കോട്ടയം എന്ന സിനിമയുടെ പോസ്റ്റര്‍ പങ്കുവെച്ചാണ് ഇപ്പോള്‍ എത്തിയിരിക്കുന്നത്. വേട്ടക്കാരന്റെ ലിംഗം മുറിക്കുന്ന 22 ഫീമെയില്‍ കോട്ടയം ആണ് ഈ നൂറ്റാണ്ടിലെ ഏറ്റവും നല്ല സിനിമ…എന്നാണ് ചിത്രത്തിന്റ പോസ്റ്റര്‍ പങ്കുവെച്ചുകൊണ്ട് അദ്ദേഹം കുറിച്ചിരിക്കുന്നത്.

മറ്റ് സൂചനകളോ പേരുകളോ പോസ്റ്റില്‍ ഉള്‍പ്പെടുത്തിയിട്ടില്ല എങ്കിലും ഈ പോസ്റ്റിലൂടെ അദ്ദേഹം ഉദ്ദേശിച്ച കാര്യ പകല്‍പോലെ വ്യക്തമാണ്. അത് പോസ്റ്റിന് അടിയില്‍ വന്ന കമന്റുകളും കാട്ടിത്തരുന്നു. യുവ നടിയെ പീഡിപ്പിച്ചെന്ന കേസില്‍ നടനും നിര്‍മ്മാതാവുമായ വിജയ് ബാബുവിന് മുന്‍കൂര്‍ ജാമ്യം ലഭിച്ച സാഹചര്യത്തിലാണ് അദ്ദേഹം ഈ പോസ്റ്റുമായി എത്തിയത്. ഈ കേസില്‍ ഇതിന് മുന്‍പും അദ്ദേഹം തന്റെ നിലപാടുകള്‍ അറിയിച്ച് രംഗത്ത് എത്തിയിരുന്നു. ആക്രമികളെ സംരക്ഷിക്കുന്ന സ്ത്രീ വിരുദ്ധ നിലപാടുകള്‍ എടുക്കുന്ന അമ്മ എന്ന സംഘടനയില്‍ താന്‍ ഇനി തുടരില്ല എന്ന് ഹരീഷ് പേരടി ഉറക്കെ വിളിച്ച് പറഞ്ഞതും വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു.

 

വിജയ് ബാബുവിനെ പോലുള്ള ആളുകളെ സംഘടനയും സംരക്ഷിക്കുന്നു എന്നായിരുന്നു അദ്ദേഹം ചൂണ്ടിക്കാട്ടിയത്. അത്തരത്തില്‍ ഒരു സംഘടനയില്‍ തുടരാന്‍ സാധിക്കില്ലെന്ന് ചൂണ്ടിക്കാട്ടി അദ്ദേഹം അമ്മയില്‍ നിന്ന് അംഗത്വം ഒഴിയാനുള്ള രാജി കത്ത് സമര്‍പ്പിച്ചത്, കഴിഞ്ഞ ദിവസം സ്വീകരിക്കുകയും ചെയ്തിരുന്നു. ഇപ്പോഴിതാ നടിയെ ബലാത്സംഗം ചെയ്‌തെന്ന കേസില്‍ നിര്‍മാതാവും നടനുമായ വിജയ്ബാബുവിന് കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ച വാര്‍ത്ത പുറത്ത് വന്നതോടെ അതില്‍ പ്രതിഷേധം അറിയിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് ഹരീഷ് പേരടി. ഹൈക്കോടതിയാണ് ഇപ്പോള്‍ വിജയ് ബാബുവിന് ജാമ്യം അനുവദിച്ച് നല്‍കിയിരിക്കുന്നത്.

അതേസമയം, ഈ മാസം 27ന് അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകണമെന്നും അറസ്റ്റ് ചെയ്താല്‍ ജാമ്യം നല്‍കണമെന്നും അന്വേഷണവുമായി സഹകരിക്കാനും കോടതി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.. എന്നാല്‍ വിജയ് ബാബുവിന്റെ ജാമ്യത്തിനെതിരെ അപ്പീല്‍ പോകുമെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ അറിയിച്ചിരുന്നു. കോടതി നല്‍കിയ മുന്‍കൂര്‍ ജാമ്യത്തിനെതിരെ അപ്പീല്‍ പോകുമെന്നും മുന്‍കൂര്‍ ജാമ്യം നല്‍കിയത് സമൂഹത്തിന് മാതൃകയാകുന്ന നടപടിയല്ലെന്നും പറഞ്ഞുകൊണ്ട് നടിയുടെ അച്ഛനും രംഗത്ത് എത്തിയിട്ടുണ്ട്.

Nikhina