കെ-റെയില്‍ വരണം..!! കാരണങ്ങള്‍ എണ്ണിപ്പറഞ്ഞ് നടന്‍ ഹരീഷ് പേരടി!!

സമൂഹത്തില്‍ നടക്കുന്ന എല്ലാതരം കാര്യങ്ങളെ കുറിച്ചും തന്റേതായ അഭിപ്രായം മുഖം നോക്കാതെ തുറന്നടിച്ച് പറയുന്ന നടനാണ് ഹരീഷ് പേരടി. അങ്ങനെ പൊതു സമൂഹത്തിനു മുന്നില്‍ വിളിച്ചു പറയുന്ന ചില കാര്യങ്ങള്‍ വിവാദങ്ങള്‍ക്കും വഴിവെയ്ക്കാറുണ്ട്. കേരള…

സമൂഹത്തില്‍ നടക്കുന്ന എല്ലാതരം കാര്യങ്ങളെ കുറിച്ചും തന്റേതായ അഭിപ്രായം മുഖം നോക്കാതെ തുറന്നടിച്ച് പറയുന്ന നടനാണ് ഹരീഷ് പേരടി. അങ്ങനെ പൊതു സമൂഹത്തിനു മുന്നില്‍ വിളിച്ചു പറയുന്ന ചില കാര്യങ്ങള്‍ വിവാദങ്ങള്‍ക്കും വഴിവെയ്ക്കാറുണ്ട്. കേരള രാഷ്ട്രീയത്തിലെ തന്നെ പ്രധാന ചര്‍ച്ചാ വിഷയങ്ങളില്‍ ഒന്നായി മാറിയിരിക്കുന്ന കെ റെയിലിനെ കുറിച്ച് തന്റെ അഭിപ്രായം രേഖപ്പെടുത്തിയാണ് ഇത്തവണ ഹരീഷ് പേരടി പ്രേക്ഷകരുടെ ശ്രദ്ധ പിടിച്ചു പറ്റുന്നത്. ഭരണപക്ഷവും പ്രതിപക്ഷവും കൊമ്പ് കോര്‍ക്കുന്ന ഈ വിഷയത്തില്‍ നടന്റെ അഭിപ്രായത്തെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധിപ്പേരാണ് രംഗത്ത് വന്നിരിക്കുന്നത്.

സാധാരണക്കാരുടെ ജീവിത നിലവാരം ഉയരാന്‍ കെ.റെയില്‍ വന്നേ മതിയാകൂ എന്ന് തന്നെയാണ് നടന്‍ ഹരീഷ് പേരടി ഉറച്ച് പറയുന്നത്. ഫേസ്ബുക്ക് വഴിയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. കെ റെയിലിന്റെ ആവശ്യകതെയ കുറിച്ച് ഒരുപാട് കാരണങ്ങള്‍ നിരത്തിയുള്ള ഒരു കുറിപ്പും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്. കുറിപ്പിന്റെ പൂര്‍ണരൂപം വായിക്കാം…

‘മരണമെത്തുന്ന നേരത്ത് നിയെന്റെ അരികില്‍ ഇത്തിരി നേരം ഇരിക്കണെ’..കാസര്‍ക്കോടുള്ള പ്രിയതമന്റെ മരണ കിടക്കയിലേക്ക് തിരുവനന്തപുരത്തുള്ള പ്രിയതമക്ക് ഒടിയെത്തി മൂപ്പരെ കൂടെ ഇത്തിരി നേരം ഇരിക്കാന്‍ വേഗത്തില്‍ ഓടുന്ന വണ്ടി വേണം…കെ.റെയില്‍ വേണം…’ഒടുവിലായി അകത്തേക്ക് എടുക്കുന്ന ശ്വാസത്തില്‍ നിന്റെ ഗന്ധം ഉണ്ടാകുവാന്‍’..ഗന്ധം അവളുടെ ഫോട്ടോ നോക്കിയാല്‍ ഉണ്ടാവില്ല…അവളുടെ ഗന്ധം ഉണ്ടാവണെമെങ്കില്‍ ദൂരത്തുള്ള അവള്‍ നിങ്ങളുടെ അടുത്തെത്തി നിങ്ങള്‍ അവളെ ശ്വസിക്കണം..അതിന് വേഗത്തില്‍ ഓടുന്ന വണ്ടിവേണം…കെ.റെയില്‍ വേണം…കവികള്‍ക്ക് കവിയരങ്ങിലേക്ക് വേഗത്തില്‍ എത്താനും സിനിമയിലെ ഗാനരചയിതാക്കള്‍ക്ക് ഓടിയോടി കൂടുതല്‍ പാട്ടെഴുതാനും വേണ്ടിയല്ല കെ.റെയില്‍… സാധരണ മനുഷ്യര്‍ക്ക് അവയവദാനത്തിനുവേണ്ടി,ദൂര സ്ഥലങ്ങളില്‍ പോയി ഇന്റ്‌റര്‍വ്യൂവില്‍ പങ്കെടുത്ത് അന്ന് തന്നെ സ്വന്തം വീട്ടില്‍ തിരിച്ചെത്താന്‍,

ദിവസം രണ്ട് കളികള്‍ മാത്രം എടുക്കാന്‍ യോഗമുണ്ടായിരുന്ന നാടകക്കാര്‍ക്കും മിമിക്രിക്കാര്‍ക്കും ഗാനമേളക്കാര്‍ക്കും ദിവസം നാല് കളിയെങ്കിലും എടുക്കാന്‍ വേണ്ടി,എല്ലാ മത വിശ്വാസികള്‍ക്കും അവരവരുടെ വിവിധ ജില്ലകളിലുള്ള ആരാധനാലയങ്ങളില്‍ ചുരുങ്ങിയ ചിലവില്‍ ഒറ്റ ദിവസം കൊണ്ട് ആരാധന നടത്താന്‍ വേണ്ടി,നിരീശ്വരവാദികള്‍ക്കും പരിസ്ഥിതി വാദികള്‍ക്കും വിവിധജില്ലകളില്‍ നടക്കുന്ന അവരുടെ സമ്മേളനങ്ങളില്‍ ഓടിയോടി പ്രസംഗിക്കാന്‍ വേണ്ടി,വിവിധ ജില്ലകളിലുള്ള യു.ഡി.എഫ് നേതാക്കള്‍ക്ക് തിരുവനന്തപുരത്തെ സര്‍ക്കാര്‍ വിരുദ്ധ സമരങ്ങളില്‍ പെട്ടന്ന് എത്താന്‍ വേണ്ടി,ഇങ്ങിനെ സാധാരണ മനുഷ്യരുടെ ജീവിത നിലവാരം ഉയരാന്‍ കെ.റെയില്‍ വന്നേ മതിയാവു…അതുകൊണ്ട് കവിതകള്‍ ഇനി കെ.റെയിലിന്റെ ഏ.സി.സീറ്റില്‍ ഇരുന്ന് എഴുതിയാല്‍ മതി…’വികസനം കൊണ്ട് മാത്രം മുളക്കുന്ന നന്‍മകള്‍ പലതുണ്ട് മനുഷ്യന്റെ ജീവിതത്തില്‍’..