എന്നെ തടയാന്‍ നിങ്ങള്‍ക്ക് ആവില്ല- ഹരീഷ് ശിവരാമകൃഷ്ണന്‍

ഏറെ ആരാധകരുള്ള ഗായകനാണ് ഹരീഷ് ശിവരാമകൃഷ്ണന്‍. മാറ്റം എല്ലാ മേഖലയിലും മാറ്റം അനിവാര്യമാണെന്നും മാറ്റത്തെ ഉള്‍ക്കൊള്ളണമെന്നും ഹരീഷ് പറയുന്നു. പഴയ സിനിമാ ഗാനങ്ങളില്‍ പുത്തന്‍ പരീക്ഷണങ്ങള്‍ നടത്തുന്നതിനെ വിമര്‍ശിക്കുന്നവര്‍ക്ക് മറുപടിയുമായാണ് ഹരീഷ് എത്തിയത്. സമൂഹ മാധ്യമ കുറിപ്പിലൂടെയാണ് ഹരീഷ് പറയുന്നത്.

‘ഒരു പാട്ടിന് ഒരാള്‍ ചെയ്തു വച്ചതാണ് അവസാന വാക്ക് എന്നതാണ് ഏറ്റവും വലിയ മിഥ്യാ ധാരണ. ആത്യന്തികമായി മാറ്റങ്ങള്‍ ഉള്‍ക്കൊള്ളാന്‍ ആവാത്ത ഒരു സംഗീത ശാഖയും ഈ ലോകത്തില്ല. പരീക്ഷണങ്ങള്‍ക്ക് അതീതമായ ഒന്നും ഇവിടെ ആരും ഉണ്ടാക്കിയിട്ടില്ല.

200 വര്‍ഷത്തിലേറെ പഴക്കം ഉള്ള ത്യാഗരാജ കീര്‍ത്തനങ്ങള്‍ വരെ മാറ്റങ്ങള്‍ ഉള്‍ക്കൊണ്ടു നവീകരിക്കപ്പെടുമ്പോള്‍ 30 വര്‍ഷം പഴക്കമുള്ള സിനിമാ പാട്ടുകള്‍ക്കു മാറ്റം വരാതെയിരിക്കാന്‍ മാത്രം എന്ത് പ്രത്യേക സവിശേഷത ആണുള്ളത്? മാറ്റങ്ങള്‍ വരിക തന്നെ ചെയ്യും. അതില്‍ ചിലതു നന്നാവും, ചിലതു മോശമാവും. പക്ഷേ മാറ്റം എന്നത് അനിവാര്യവും സമയാ സമയത്തു വരുന്ന ഒന്നും തന്നെ ആണ്.

മാറി ചിന്തിക്കുന്നത് എല്ലാവര്‍ക്കും ഇഷ്ടപ്പെടണം എന്ന് ഒരു നിര്‍ബന്ധവും ഇല്ല. എല്ലാ മാറ്റവും നല്ലത് എന്ന അര്‍ഥവും ഇല്ല. മോശമായതില്‍ മാറ്റങ്ങള്‍ തിരസ്‌കരിക്കപ്പെടുക തന്നെ ചെയ്യും. പിന്നെ പഴയ ആളുകള്‍ ചെയ്തു വച്ച കൂടുതല്‍ ഒന്നും സാധ്യമല്ല എന്നൊക്കെ തോന്നുന്നത് ധാരാളം വ്യത്യസ്ത സംഗീതം കേള്‍ക്കാത്തതിന്റെ കുറവാണ്. അതിന്റെ കുറവ് വ്യത്യസ്തമായ പാട്ടു കേട്ടാലേ തീരൂ, അല്ലാതെ ഞാനും അപ്പനും സുഭദ്രയും അടങ്ങുന്ന കമ്മറ്റി എന്ന പോലെ മലയാളം സിനിമ പാട്ടു മാത്രം കേട്ടാല്‍ ബുദ്ധിമുട്ടാണ്.

പിന്നെ തനിക്കു ശേഷം പ്രളയം എന്നു പറയുന്ന സര്‍വ മാറ്റങ്ങളെയും എതിര്‍ക്കുന്ന ആളുകള്‍ എല്ലാ കാലത്തും ഉണ്ടാകും. അങ്ങനെ ഉള്ളവര്‍ക്കുള്ള മറുപടി കാലവും കലയും എല്ലാ കാലത്തും കൊടുത്തിട്ടും ഉണ്ട്. ഒരു ഗാനത്തെ മാറി ചിന്തിക്കുന്നതു ബഹുമാനക്കുറവ് കൊണ്ടല്ല, ആ ഗാനത്തിനോടുള്ള അതിന്റെ സാധ്യതകളോടുള്ള ബഹുമാനകൂടുതല്‍ കൊണ്ടാണ്.

താന്‍ ചെയ്തതില്‍ കൂടുതല്‍ ഈ പാട്ടില്‍ ഒന്നും ഇനി ചെയ്യാനില്ല എന്നു സംഗീതത്തെ സ്‌നേഹിക്കുന്ന, മനസ്സിലാക്കുന്ന സംഗീതത്തിന്റ അനന്ത സാധ്യതകളെ കുറിച്ചു ബോധ്യമുള്ള ഒരു സംഗീതജ്ഞനും പറയാറില്ല. അങ്ങനെ പറയുന്ന ഭൂരിപക്ഷം പേരും അവനവന്റെ പരിമിതികളെ കുറിച്ചുള്ള ബോധ്യമില്ലാത്ത ഹൈപ്പര്‍ ഇഗോയിസ്റ്റ് ആയ സ്വന്തം സിഗ്‌നിഫിക്കന്‍സ് നഷ്ടപ്പെട്ടു പോയതിന്റെ ഇന്‍സെക്യൂരിറ്റിയെ മറികടക്കാന്‍ ആവാതെ പെട്ടു പോകുന്നവര്‍ ആണ്. അവര്‍ മാധ്യമങ്ങളിലൂടെ മാറ്റത്തിനെതിരെ പ്രതികരിച്ചു കൊണ്ടിരിക്കും. അവരോടു സ്‌നേഹവും സഹതാപവും മാത്രം.

ഹരീഷ് എന്ന ഒരു വെറും ഗായകന്‍ ആയ എന്നെ പോലും നിങ്ങള്‍ക്ക് തടയാന്‍ ആവില്ല, പിന്നെ ആണ് എനിക്ക് ശേഷം വരാന്‍ പോകുന്ന ലക്ഷക്കണക്കിന് എന്നെക്കാള്‍ ഒരുപാട് കഴിവുള്ള ചെറുപ്പക്കാരെ. മാറ്റങ്ങളെ തടയാന്‍ നിങ്ങളുടെ ഈ വെറുപ്പും ഈ ആയുസ്സും പോര, അത് കാലാ കാലങ്ങളില്‍ സംഭവിക്കും. കല അങ്ങനെ ആണ് അതിനെ തളച്ചിടാന്‍ മാത്രം പോന്ന ഒരു പ്രതിഭാസവും ഇവിടെ ഇല്ല. മാറ്റങ്ങള്‍ സംഭവിക്കുന്ന സകല സംഗീത ശാഖകളെക്കാള്‍ ഒരു പ്രത്യേകതയും സിനിമ സംഗീതത്തിന് ഇല്ല.

Anu B