‘ഹേമ കമ്മിറ്റിയിലുള്ളത് 15 പ്രമുഖരുടെ പേര്: ഈ കാട്ടുകള്ളന്മാരെ പൊതുജനത്തിന് മുമ്പില്‍ കൊണ്ടുവരണം’

മലയാള സിനിമാ മേഖലയില്‍ വനിതകളുടെ സുരക്ഷിതത്വം ഉറപ്പു വരുത്തുന്നതിനെ കുറിച്ച് ഹേമ കമ്മിറ്റി നടത്തിയ പഠന റിപ്പോര്‍ട്ട് പുറത്തുവിടണമെന്ന ആവശ്യവുമായി ഡബ്ല്യു സി സിക്ക് പിന്നാലെ മലയാള സിനിമാ ടെക്‌നീഷ്യന്മാരുടെ സംഘടനയായ മാക്ട രംഗത്ത്. റിപ്പോര്‍ട്ടിന്മേലുള്ള ചര്‍ച്ചയില്‍ മാക്ടയെ ഉള്‍പ്പെടുത്താതെ ഇരുന്നതിലുള്ള നീരസം വ്യക്തമാക്കിയതിന് പിന്നാലെയാണ് റിപ്പോര്‍ട്ടിന്മോല്‍ ഗുരുതര ആരോപണങ്ങളുമായി മാക്ട രംഗത്തെത്തിയത്.

റിപ്പോര്‍ട്ടില്‍ സിനിമാ മേഖലയിലെ പ്രമുഖരായ 15 പേരുടെ പേരുകള്‍ ഉണ്ടെന്നാണ് അറിയാന്‍ കഴിഞ്ഞതെന്ന് മാക്ട പറയുന്നു. ഈ കാട്ടുകള്ളന്മാര്‍ ആരായാലും അവരെ പൊതുജന മദ്ധ്യത്തില്‍ കൊണ്ടുവരേണ്ടത് സര്‍ക്കാരിന്റെ കടമയാണെന്നും മാക്ട പറയുന്നു.

പീഡകരെ മുഴുവന്‍ സംരക്ഷിക്കുന്ന രീതിയിലാണ് സര്‍ക്കാരിന്റെ ഇടപെടല്‍ എന്ന് സംശയിച്ചാല്‍ അതില്‍ തെറ്റില്ല. പരാതിക്കാരുടെ പേരുകള്‍ ഒഴിച്ച് പീഡകരുടെയും ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പറഞ്ഞ ആളുകളുടെയും പേരുകള്‍ പുറത്ത് കൊണ്ടു വരണം. മലയാള സിനിമാ മേഖലയിലെ തൊഴിലാളികളുടെ ഏറ്റവും വലിയ സംഘടനയായ മാക്ട ഫെഡറേഷനെ സര്‍ക്കാരിന്റെ ഇതുവരെ ഉള്ള എല്ലാ പരിപാടികളിലും പങ്കെടുപ്പിച്ചിരുന്നു. രഞ്ജിത്ത് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ ആയതിന് ശേഷം സര്‍ക്കാര്‍ മാക്ടയോട് പ്രതികൂല നിലപാടാണ് സ്വീകരിക്കുന്നതെന്ന ആക്ഷേപവുമുണ്ട്.

അതേസമയം, ഹേമ റിപ്പോര്‍ട്ട് പുറത്തു വിടാന്‍ കഴിയില്ലെന്ന നിലപാടിലുറച്ച് സര്‍ക്കാര്‍. റിപ്പോര്‍ട്ട് പുറത്തുവിടുകയല്ല, റിപ്പോര്‍ട്ടിലെ ആവശ്യങ്ങള്‍ നടപ്പിലാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ വ്യക്തമാക്കി. ഈ പ്രതികരണത്തിന് പിന്നാലെ റിപ്പോര്‍ട്ട് പുറത്തുവിടണമെന്ന ആവശ്യവുമായി ഡബ്ല്യു സിസി രംഗത്തെത്തി.

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസിന്റെ പശ്ചാത്തലത്തില്‍ ചലച്ചിത്ര മേഖലയിലെ സ്ത്രീകളുടെ തൊഴില്‍ സാഹചര്യവുമായി ബന്ധപ്പെട്ട് പഠനം നടത്തി സ്ത്രീ സുരക്ഷ ഉറപ്പാക്കാനാവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കാന്‍ ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ചതാണ് ജസ്റ്റിസ് ഹേമ കമ്മിറ്റി.

എന്നാലിപ്പോള്‍, ഏകദേശം രണ്ട് വര്‍ഷം മുമ്പ് സര്‍ക്കാരിന് സമര്‍പ്പിക്കപ്പെട്ട ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് എന്തുകൊണ്ട് നിയമസഭയുടെ മേശപ്പുറത്ത് വയ്ക്കുന്നില്ലെന്നും കമ്മറ്റിയുടെ റിപ്പോര്‍ട്ടിന്മേല്‍ എന്തുകൊണ്ട് നടപടി എടുക്കുന്നില്ലെന്നും ചോദിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഡബ്ല്യുസിസി അടക്കമുള്ള സംഘടനകള്‍.

Vishnu