ഓഡീഷന് നിയന്ത്രണം, ക്രിമിനല്‍ പശ്ചാത്തലമുള്ള ഡ്രൈവര്‍മാരെ ഒഴിവാക്കണം.. ഹേമ കമ്മിറ്റി നിര്‍ദേശങ്ങള്‍ നിയമങ്ങളാകുന്നു..!

മലയാള സിനിമാ രംഗത്ത് സ്ത്രീകള്‍ക്ക് എതിരെയുള്ള ചൂഷണങ്ങള്‍ കൂടി വരുന്ന സാഹചര്യത്തില്‍ ഹേമ കമ്മിഷന്‍ പുറത്ത് വിടുന്നതിനെ കുറിച്ചും ചര്‍ച്ചകള്‍ നടക്കുകയാണ്. സിനിമ മേഖലയില്‍ സമഗ്ര നിയമം പ്രാബല്യത്തില്‍ കൊണ്ടുവരുമെന്നാണ് സാംസ്‌കാരിക വകുപ്പ് പറയുന്നത്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്‍മേല്‍ സാംസ്‌കാരിക വകുപ്പ് തയാറാക്കിയ കരട് നിര്‍ദേശങ്ങളെ കുറിച്ചുള്ള പ്രധാന വിവരങ്ങളാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. സ്ത്രീകള്‍ക്ക് എതിരെയുള്ള പീഡനങ്ങള്‍ക്ക് പുറമെ തൊഴിലിടങ്ങളിലെ സുരക്ഷയും തുല്യ വേതനവും വലിയൊരു ആവശ്യം തന്നെ ആയിരുന്നു.

ഇപ്പോഴിതാ ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്‍മേല്‍ സാംസ്‌കാരിക വകുപ്പ് തയാറാക്കിയ കരട് നിര്‍ദേശങ്ങളില്‍ സോഷ്യല്‍ മീഡിയയിലൂടെയുള്ള ഓഡിഷന് നിയന്ത്രണം ഏര്‍പ്പെടുത്തും,ക്രിമിനല്‍ പശ്ചാത്തലമുള്ള ഡ്രൈവര്‍മാരെ നിയമിക്കരുത്, ജോലി സ്ഥലത്ത് മദ്യവും മയക്കുമരുന്നും പാടില്ല, സ്ത്രീക്കും പുരുഷനും തുല്യവേതനം ഉറപ്പാക്കണം, തുടങ്ങി നിരവധി നിര്‍ദേശങ്ങളാണ് ഉള്ളത്. അതേസമയം, ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്ത് വിടുന്നതിലെ മെല്ലെപ്പോക്ക് ഇപ്പോഴും തുടരുകയാണ്. കഴിഞ്ഞ ദിവസമായിരുന്നു മന്തി രാജീവ് റിപ്പോര്‍ട്ട് പുറത്തുവിടരുതെന്ന് ഡബ്ല്യുസിസി തന്നെ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് പറഞ്ഞ് രംഗത്ത് വന്നത്.

എന്നാല്‍ മന്ത്രി ഇത്തരത്തില്‍ ഒരു പ്രസതാവന നടത്തി നിമിഷങ്ങള്‍ക്കകം തന്നെ മന്ത്രിയ്ക്ക് ഡബ്ല്യു സി സി നല്‍കിയ കത്ത് ഇവര്‍ പുറത്ത് വിട്ടു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് എത്രയും പെട്ടെന്ന് പുറത്ത് വിടണം എന്നും ഇതിന് വേണ്ടി എല്ലാ വഴികളും തങ്ങള്‍ തേടുന്നുണ്ട് എന്നും കത്തില്‍ വെളിപ്പെടുത്തിയിരുന്നു.

അതേസമയം, അതിജീവതകളുടെ പേരും മറ്റു സൂചനകളും ഒഴിവാക്കിക്കൊണ്ടു തന്നെ അതില്‍ രേഖപ്പെടുത്തിയ കേസ് സ്റ്റഡികളും, കണ്ടെത്തലുകളും ഞങ്ങള്‍ക്ക് അറിയേണ്ടതുണ്ട്. അതിനാലാണ് ഹേമ കമ്മിറ്റിയുടെ നിര്‍ദ്ദേശങ്ങള്‍ മാത്രം ചര്‍ച്ച ചെയ്ത് കമ്മിറ്റികള്‍ ഒന്നിനു പുറകെ ഉണ്ടാക്കിയിട്ട് കാര്യമില്ല എന്നു ഞങ്ങള്‍ പറയുന്നത് എന്നും ഡബ്ല്യു സി സി പറഞ്ഞിരുന്നു.

Aswathy