ബൈജു കൊട്ടാരക്കരയ്‌ക്കെതിരെ കോടതിയലക്ഷ്യക്കേസ്! തിങ്കളാഴ്ച ഹാജരാകാന്‍ നിര്‍ദേശം

സംവിധായകന്‍ ബൈജു കൊട്ടാരക്കരയ്‌ക്കെതിരെ ഹൈക്കോടതിയുടെ കോടതിയലക്ഷ്യ നടപടി. വിചാരണക്കോടതി ജഡ്ജിയെ അപകീര്‍ത്തിപ്പെടുത്തിയതിനാണ് നടപടി. ബൈജു കൊട്ടാരക്കര തിങ്കളാഴ്ച കോടതിയില്‍ നേരിട്ട് ഹാജരാകണം. കോടതിയലക്ഷ്യ ഹര്‍ജിയില്‍ വിശദീകരണം നല്‍കുന്നതിനായി സംവിധായകനോട് ഹാജരാകാന്‍ നിര്‍ദേശിച്ചത്. ചാനല്‍ ചര്‍ച്ചയ്ക്കിടെ…

സംവിധായകന്‍ ബൈജു കൊട്ടാരക്കരയ്‌ക്കെതിരെ ഹൈക്കോടതിയുടെ കോടതിയലക്ഷ്യ നടപടി. വിചാരണക്കോടതി ജഡ്ജിയെ അപകീര്‍ത്തിപ്പെടുത്തിയതിനാണ് നടപടി. ബൈജു കൊട്ടാരക്കര തിങ്കളാഴ്ച കോടതിയില്‍ നേരിട്ട് ഹാജരാകണം. കോടതിയലക്ഷ്യ ഹര്‍ജിയില്‍ വിശദീകരണം നല്‍കുന്നതിനായി സംവിധായകനോട് ഹാജരാകാന്‍ നിര്‍ദേശിച്ചത്.

ചാനല്‍ ചര്‍ച്ചയ്ക്കിടെ നടിയെ ആക്രമിച്ച കേസ് പരിഗണിക്കുന്ന വിചാരണക്കോടതി ജഡ്ജിക്കെതിരെ നടത്തിയ പരാമര്‍ശത്തിന്റെ പേരിലാണ് സംവിധായകനെതിരെ നടപടി. ജസ്റ്റിസുമാരായ എ കെ ജയശങ്കരന്‍ നമ്പ്യാര്‍, സി പി മുഹമ്മദ് റിയാസ് എന്നിവരാണ് പരിഗണിച്ചത്.

വിചാരണക്കോടതി ജഡ്ജിയെയും നീതിന്യായ സംവിധാനത്തെയും അപകീര്‍ത്തിപ്പെടുത്തുന്ന പരാമര്‍ശങ്ങള്‍ സംവിധായകന്‍ നടത്തിയെന്ന് ഹൈക്കോടതി രജിസ്ട്രാര്‍ ചാര്‍ജ് ഷീറ്റില്‍ വ്യക്തമാക്കുന്നു.

ജഡ്ജിയുടെ വ്യക്തിത്വത്തെയും കഴിവിനെയും ചോദ്യം ചെയ്യുന്നത് വിചാരണ നടപടികളെ സംശയ നിഴലിലാക്കുന്നതാണ്. നീതി നിര്‍വഹണ സംവിധാനത്തിന്റെ സ്വാതന്ത്ര്യത്തെ ബാധിക്കുന്നതാണ് ബൈജു കൊട്ടാരക്കരയുടെ പരാമര്‍ശം. കോടതിയെ അപകീര്‍ത്തിപ്പെടുത്തുന്നതും അധികാരം കുറയ്ക്കുന്നതാണെന്നും കോടതി വ്യക്തമാക്കുന്നു.

കഴിഞ്ഞ ദിവസം സംവിധായകനോട് ഹാജരാകാന്‍ അവസരം നിര്‍ദേശിച്ചിരുന്നെങ്കിലും
നടപടി പൂര്‍ത്തിയായിരുന്നില്ല. വിശദീകരണം നല്‍കാനുള്ള അവസാന അവസരമായിരിക്കും ഇതെന്നും കോടതി വ്യക്തമാക്കി.