‘അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ചാല്‍ കര്‍ശന നടപടിയുണ്ടാകും’ അതിജീവിതയ്ക്ക് ഹൈക്കോടതിയുടെ മുന്നറിയിപ്പ്

നടിയെ ആക്രമിച്ച കേസില്‍ അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ചാല്‍ കര്‍ശന നടപടിയുണ്ടാകുമെന്ന് അതിജീവിതയ്ക്ക് ഹൈക്കോടതിയുടെ മുന്നറിയിപ്പ്. കേസ് അന്വേഷണം അട്ടിമറിക്കപ്പെടുന്നു എന്നു ചൂണ്ടിക്കാട്ടി അതിജീവിത സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുമ്പോഴാണ് അതിജീവിതയ്ക്കു ഹൈക്കോടതിയുടെ താക്കീത്. ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസ് ആണ് ഹര്‍ജിക്കാരിക്കെതിരെ കര്‍ശന നിലപാടെടുത്തത്.

DILEEP

കേസിന്റെ കുറ്റപത്രം പരിശോധിച്ച ശേഷം ഹര്‍ജിയില്‍ നിന്നു പിന്‍മാറണോ എന്നു തീരുമാനിക്കാം എന്ന് അതിജീവിത കോടതിയെ അറിയിച്ചു. എന്നാല്‍ ഹര്‍ജിയില്‍നിന്നു പിന്‍മാറിയാലും വിചാരണക്കോടതി ജഡ്ജിക്കെതിരായി അടിസ്ഥാന രഹിത ആരോപണം ഉന്നയിച്ചാല്‍ നടപടി ഉണ്ടാകും എന്ന മുന്നറിയിപ്പാണ് നല്‍കിയിരിക്കുന്നത്. കോടതിക്കെതിരായ വിമര്‍ശനങ്ങള്‍ എന്ത് അടിസ്ഥാനത്തിലാണ് എന്ന കോടതിയുടെ ചോദ്യത്തിനു പ്രോസിക്യൂഷന്‍ നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് എന്നായിരുന്നു മറുപടി. ഇതിന് അന്വേഷണ സംഘം വിവരങ്ങള്‍ ചോര്‍ത്തി നല്‍കുന്നുണ്ടോ എന്ന ചോദ്യമാണ് കോടതി ഉയര്‍ത്തിയത്. കേസിലെ നിര്‍ണായക തെളിവായ മെമ്മറി കാര്‍ഡുകള്‍ ഫൊറന്‍സിക് പരിശോധനയ്ക്ക് അയയ്ക്കാതിരുന്നതിനെതിരെ അതിജീവിത വിമര്‍ശനം ഉയര്‍ത്തിയിരുന്നു. ഈ വിമര്‍ശനങ്ങള്‍ എന്ത് അടിസ്ഥാനത്തിലാണ് എന്നും കോടതി ചോദിച്ചു.

കേസ് അടുത്ത മാസം ഒന്നിന് വീണ്ടും പരിഗണിക്കാനായി മാറ്റി. അതിനിടെ അന്വേഷണം ശരിയായ ദിശയില്‍ വേണമെന്ന അതിജീവിതയുടെ ഹര്‍ജിയില്‍ കക്ഷി ചേരാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് എട്ടാം പ്രതിയായ ദിലീപ് നല്‍കിയ അപേക്ഷ കോടതി അംഗീകരിക്കുകയും ചെയ്തു.

Previous article‘വാട്ട് എ ഗേള്‍ താന്‍ ഇങ്ങനെ പാറി പറന്ന് നടക്കടോ’! ദില്‍ഷയോട് ഗായത്രി സുരേഷ്
Next articleദേശീയ ചലച്ചിത്ര അവാര്‍ഡുകള്‍; അപര്‍ണ ബാലമുരളി മികച്ച നടി