വിജയ് ബാബുവിന്റെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി; നടന്‍ നാളെ തിരിച്ചെത്തും

യുവനടിയെ ബലാത്സംഗം ചെയ്‌തെന്ന കേസില്‍ നടനും നിര്‍മാതാവുമായ വിജയ് ബാബുവിന്റെ അറസ്റ്റ് താല്‍ക്കാലികമായി തടഞ്ഞ് ഹൈക്കോടതി. വ്യാഴാഴ്ച വരെ വിജയ് ബാബുവിനെ അറസ്റ്റ് ചെയ്യരുതെന്നാണ് നിര്‍ദ്ദേശം. വിജയ് ബാബുവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ജസ്റ്റിസ് ബെച്ചു…

യുവനടിയെ ബലാത്സംഗം ചെയ്‌തെന്ന കേസില്‍ നടനും നിര്‍മാതാവുമായ വിജയ് ബാബുവിന്റെ അറസ്റ്റ് താല്‍ക്കാലികമായി തടഞ്ഞ് ഹൈക്കോടതി. വ്യാഴാഴ്ച വരെ വിജയ് ബാബുവിനെ അറസ്റ്റ് ചെയ്യരുതെന്നാണ് നിര്‍ദ്ദേശം. വിജയ് ബാബുവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസിന്റേതാണ് നടപടി. പ്രതി അറസ്റ്റ് ഭയന്നാണു നാട്ടിലേയ്ക്കു വരാത്തതെന്നു സൂചിപ്പിച്ച കോടതി, പ്രതി നാട്ടില്‍ ഇല്ലാത്തതിനാല്‍ മെറിറ്റില്‍ ഹര്‍ജി കേള്‍ക്കില്ലെന്നും വ്യക്തമാക്കി.

വിദേശത്ത് നിന്ന് വിജയ് ബാബു എത്തിയാല്‍ വിമാനത്താവളത്തില്‍ വച്ച് അറസ്റ്റ് പാടില്ലെന്ന് കോടതി നിര്‍ദേശിച്ചു. അറസ്റ്റില്‍ നിന്ന് ഇമിഗ്രേഷന്‍ വിഭാഗത്തെയും വിലക്കിയിട്ടുണ്ട്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഈ ഉത്തരവ് അതാത് വകുപ്പുകളെ അറിയിക്കണം. നാട്ടിലെത്തിയാല്‍ ഉടന്‍ വിജയ് ബാബു അന്വേഷണ ഉദ്യോഗസ്ഥന് മുമ്പാകെ ഹാജരാകണമെന്നും കോടതി നിര്‍ദേശിച്ചു. വിജയ് ബാബുവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ വ്യാഴാഴ്ച പരിഗണിക്കാന്‍ മാറ്റി.

വിജയ് ബാബു നാട്ടിലെത്തുക എന്നതാണ് പ്രധാനം. അടുത്ത ദിവസം നാട്ടിലെത്തുമെന്ന ഉറപ്പുണ്ടെങ്കില്‍ രണ്ടോ മൂന്നോ ദിവസത്തേയ്ക്ക് അറസ്റ്റില്‍ നിന്നു സംരക്ഷണം നല്‍കാമെന്നു കോടതി വ്യക്തമാക്കി. എന്നാല്‍, ഇതിനെതിരായ നിലപാടാണ് പ്രോസിക്യൂഷന്‍ സ്വീകരിച്ചത്. പ്രതി നാട്ടിലെത്തി നിയമത്തെ നേരിടട്ടെ എന്നു ജഡ്ജി നിലപാടെടുത്തു. മുന്‍കൂര്‍ ജാമ്യം നിഷേധിക്കുന്നതുകൊണ്ട് എന്താണു ഫലമെന്നു ചോദിച്ച കോടതി, അത് വിജയ് ബാബു വിദേശത്തുതന്നെ തുടരുന്നതിലേയ്ക്കു കാര്യങ്ങളെ നയിക്കുമെന്നും വ്യക്തമാക്കി.

വിജയ് ബാബുവിനെതിരായ ബലാത്സംഗ കേസില്‍ പൊലീസിനും പ്രോസിക്യൂഷനും ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. കോടതിയുടെ സംരക്ഷണം ലഭിക്കാന്‍ വിജയ് ബാബുവിന് അവകാശം ഉണ്ടെന്ന് ഹൈക്കോടതി വ്യക്തമാക്കി. കുറ്റക്കാരനാണെന്ന് തെളിയുന്നത് വരെ വിജയ് ബാബു നിരപരാധിയാണ്. വിജയ് ബാബു ചിലര്‍ക്ക് താരമായിരിക്കും. കോടതിക്ക് ഏതൊരു സാധാരണക്കാരനെയും പോലെ മാത്രമാണ് വിജയ് ബാബു. വാട്ട്‌സ്ആപ്പ് ചാറ്റുകള്‍ ഒക്കെ പ്രോസിക്യൂഷന്‍ നോക്കിയിരുന്നോ എന്നും കോടതി ചോദിച്ചു. അതിന്റെ മെറിറ്റിലേക്ക് ഇപ്പോള്‍ കടക്കുന്നില്ല. രണ്ട് മൂന്ന് ദിവസത്തിനുള്ളില്‍ കേരളത്തില്‍ എത്തുകയാണെങ്കില്‍ താത്കാലിക സംരക്ഷണം നല്‍കാനാണ് ഉദ്ദേശിക്കുന്നതെന്ന് കോടതി പറഞ്ഞു.

നടിയെ ബലാത്സംഗം ചെയ്ത കേസില്‍ വിദേശത്തേക്ക് കടന്ന വിജയ് ബാബു നാളെ തിരിച്ചെത്തും. കോടതിയില്‍ സമര്‍പ്പിച്ച് രേഖകള്‍ പ്രകാരം നാളെ രാവിലെ ഒമ്പതരയോടെ കൊച്ചിയില്‍ തിരിച്ചെത്തുമെന്ന് വിജയ് ബാബു അറിയിച്ചിട്ടുണ്ട്.