ഒരു ലെസ്ബിയന്‍ പ്രണയം! ‘ഹോളി വൂണ്ട്’ ഒടിടിയില്‍!

ഒരു ലെസ്ബിയന്‍ പ്രണയ കഥ പറയുന്ന ചിത്രം ഹോളിവൂണ്ട് പ്രേക്ഷകരിലേക്ക് എത്തുന്നു. ലെസ്ബിയന്‍ പ്രണയത്തിന്റെ പ്രമേയത്തില്‍ ഒരുക്കിയിരിക്കുന്ന ഈ ചിത്രം സംവിധാനം ചെയ്തത് അശോക് ആര്‍ നാഥാണ്. സഹസ്രാര സിനിമാസിന്റെ ബാനറില്‍ സന്ദീപ് ആര്‍…

ഒരു ലെസ്ബിയന്‍ പ്രണയ കഥ പറയുന്ന ചിത്രം ഹോളിവൂണ്ട് പ്രേക്ഷകരിലേക്ക് എത്തുന്നു. ലെസ്ബിയന്‍ പ്രണയത്തിന്റെ പ്രമേയത്തില്‍ ഒരുക്കിയിരിക്കുന്ന ഈ ചിത്രം സംവിധാനം ചെയ്തത് അശോക് ആര്‍ നാഥാണ്. സഹസ്രാര സിനിമാസിന്റെ ബാനറില്‍ സന്ദീപ് ആര്‍ നിര്‍മിക്കുന്ന ചിത്രം എസ് എസ് ഫ്രെയിംസിലൂടെയാണ് പ്രദര്‍ശനത്തിന് എത്തുന്നത്. ബിഗ് ബോസ് സീസണ്‍ ഫോറിലൂടെ പ്രശസ്തയായ ജാനകി സുധീറാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച് എത്തുന്നത്.

ഓഗസ്റ്റ് 12 മുതല്‍ ആയിരിക്കും ഒടിടി പ്ലാറ്റ്‌ഫോമായ എസ് എസ് ഫ്രെയിംസിലൂടെ ചിത്രം പ്രദര്‍ശനത്തിന് എത്തുന്നത്. ബാല്യംകാലം മുതല്‍ പ്രണയത്തിലായിരുന്ന രണ്ട് പെണ്‍കുട്ടികള്‍ വര്‍ഷങ്ങള്‍ക്കിപ്പുറം വീണ്ടും കണ്ടുമുട്ടുന്നതാണ് ഈ കഥയുടെ പ്രമേയം. വളരെ ഏറെ വൈകാരിക മുഹൂര്‍ത്തങ്ങള്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന ഈ സിനിമ തീവ്രമായ പ്രണയത്തിന്റെ കൂടി കഥയാണ് പറയുന്നത്.

യഥാര്‍ത്ഥ പ്രണയത്തിന് ലിംഗവ്യത്യാസം ഇല്ലെന്ന് സമൂഹത്തിന് മുന്നില്‍ കാണിച്ച് കൊടുക്കാനാണ് ഈ സിനിമ ശ്രമിക്കുക. റിയലിസ്റ്റിക് രീതിയിലാണ് കഥ പറഞ്ഞിരിക്കുന്നത്. മലയാളത്തില്‍ ഇതിനോടകം തന്നെ ഒരുപാട് ലെസ്ബിയന്‍ കഥകള്‍ പറയുന്ന ചിത്രങ്ങള്‍ വന്നിട്ടുണ്ട് എങ്കിലും ഈ സിനിമ അതില്‍ നിന്നെല്ലാം തികച്ചും വ്യത്യസ്തമായിരിക്കും എന്നാണ് സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ അവകാശപ്പെടുന്നത്.

മോഡലും ബിഗ് ബോസ്താരവുമായ ജാനകിയ്ക്ക് പുറമെ, അമൃത, സാബു പ്രൗദീന്‍ എന്നിവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച് എത്തുന്നത്.