കറ്റാർവാഴ കൊണ്ട് എളുപ്പത്തിൽ ഒരു സോപ്പ്; എങ്ങനെ എന്ന് നോക്കാം

ആരോഗ്യ സംരക്ഷണവുമായി ബന്ധപെട്ടു മുൻപന്തിയിൽ നിൽക്കുന്ന ഒന്നാണ് കറ്റാർവാഴ. ആരോഗ്യവുമായി ബന്ധപ്പെട്ട എന്ത് കാര്യത്തിനും കറ്റാർവാഴ ആണ് നമ്മൾ ഉപയോഗിക്കാറുള്ളത്, മുടിക്കായാലും മുഖ സൗന്ദ്യര്യത്തിനു ആയാലും കറ്റാർ വാഴയുടെ ഗുണം മറ്റൊന്നിനും തന്നെ ഇല്ല.…

ആരോഗ്യ സംരക്ഷണവുമായി ബന്ധപെട്ടു മുൻപന്തിയിൽ നിൽക്കുന്ന ഒന്നാണ് കറ്റാർവാഴ. ആരോഗ്യവുമായി ബന്ധപ്പെട്ട എന്ത് കാര്യത്തിനും കറ്റാർവാഴ ആണ് നമ്മൾ ഉപയോഗിക്കാറുള്ളത്, മുടിക്കായാലും മുഖ സൗന്ദ്യര്യത്തിനു ആയാലും കറ്റാർ വാഴയുടെ ഗുണം മറ്റൊന്നിനും തന്നെ ഇല്ല. ഇപ്പോൾ കറ്റാർ വാഴ കൊണ്ട് എളുപ്പം നിർമിക്കാൻ കഴിയുന്ന ഒരു സോപ്പിനെ കുറിച്ച് ഡോ. ഷിംന  അസീസ് തന്റെ ഫേസ്ബുക്കിൽ കുറിച്ചിരിക്കുകയാണ്,

ഡോ. ഷിംന അസീസിന്‍്റെ ഫേസ്ബുക്ക് പോസ്റ്റ്:

ശ്രദ്ധിക്കൂ സൂര്‍ത്തുക്കളേ. അലോവേര സോപ്പ്‌ നിര്‍മ്മാണം നിങ്ങളുദ്ദേശിച്ച പോലത്തെ ഇന്റര്‍നാഷണല്‍ സംഭവം ഒന്നുമല്ല. നിങ്ങള്‍ വില്‍പനാടിസ്‌ഥാനത്തില്‍ ചെയ്യാന്‍ ഉദ്ദേശിക്കുന്നില്ലെങ്കില്‍, കൂടാതെ ആവശ്യത്തിന്‌ മടി സമം സമയക്കുറവ്‌ കൈവശമുണ്ടെങ്കില്‍ നിങ്ങള്‍ക്ക്‌ എന്റെ ഈ ഉഡായിപ്പ്‌ രീതി പരീക്ഷിക്കാവുന്നതാണ്‌. വിവിധ യൂട്യൂബ്‌ വീഡിയോകളിലെ രീതികള്‍ എനിക്ക്‌ തോന്നിയോണം മാറ്റി മറിച്ചതാണ്‌ എന്റെ രീതി.

ആദ്യം വേണ്ടത്‌:
1) ഗ്ലിസറിന്‍ സോപ്പ്‌ ബേസ്‌- 1 കിലോ (ആമസോണിലോ തൊട്ടപ്രത്തെ കടയിലോ കിട്ടും)- ഏതാണ്ട്‌ 250 രൂപക്കടുത്ത്‌ ചിലവ്‌ വരും

2) കറ്റാര്‍വാഴ ഇല (അമിതവണ്ണമുള്ളത്‌)- 5 എണ്ണം

3) വെളിച്ചെണ്ണ (ചക്കിലോ മില്ലിലോ ഫാക്‌ടറിയിലോ എവിടെ ഉണ്ടാക്കിയതായാലും വേണ്ടില്ല)- 4 ടേബിള്‍ സ്‌പൂണ്‍

4) ആമസോണീന്ന്‌ വാങ്ങിയ ലാവെന്റര്‍ ഓയില്‍ – നാല്‌ തുള്ളി (ഇത്രേം പരിഷ്‌കാരം വേണ്ടെങ്കില്‍ ഏത്‌ മണം വേണമെന്ന്‌ അയലോക്കത്തെ സോപ്പേട്ടന്റെ കടയില്‍ പറയുക. അവിടെ പല സോപ്പിന്റേം മണം വില കുറച്ച്‌ തന്നെ കിട്ടും. ചിലപ്പോ സോപ്പ്‌ കിറ്റിന്റെ കൂടെ ബൈ ഡീഫോള്‍ട്ട്‌ ഫ്രീയായും കിട്ടും)

5) ഫുഡ്‌ കളര്‍ (വേണേല്‍ ചേര്‍ക്കാം. ഞാന്‍ ചേര്‍ക്കാറില്ല. ചേര്‍ത്തില്ലേലും എനിക്കൊരു കൊയപ്പോല്ല)- രണ്ട്‌ തുള്ളി

പാകം ചെയ്യുന്ന വിധം :

ഒരു കത്തിയുമെടുത്ത്‌ പറമ്ബില്‍/ബാല്‍ക്കണിയില്‍ പോയി കറ്റാര്‍വാഴയില മുറിച്ചോണ്ട്‌ വരിക. അത്‌ ഒരു ബക്കറ്റ്‌ വെള്ളത്തില്‍ ഇട്ട്‌ വെച്ചിട്ട്‌ അടുക്കളയിലേക്ക്‌ വരൂ

ഇനി ഒരു ഗ്ലൗസ്‌ വലിച്ച്‌ കേറ്റി കൈയില്‍ ഇടുന്നത്‌ നല്ലതാ. അല്ലെങ്കില്‍ പൊള്ളുന്നു, നീറുന്നു, പൊളിയുന്നു, പുളയുന്നു എന്നൊക്കെ പറഞ്ഞ്‌ നിങ്ങള്‍ ഇങ്ങോട്ട്‌ തന്നെ വരാനും എനിക്ക്‌ തന്നെ പണിയാവാനും ചാന്‍സുണ്ട്‌.

ഈ സോപ്പ്‌ ബേസ്‌ കുഞ്ഞി കഷ്‌ണങ്ങളാക്കി മുറിച്ചിട്ട്‌ ഒരു സ്‌റ്റീല്‍ പാത്രത്തില്‍ വെക്കുക. കത്തി കൈയ്യീന്ന്‌ ‘പ്ലുക്കോ പ്ലുക്കോ’ എന്ന്‌ സ്ലിപ്പാവും. രക്‌തം കണ്ട്‌ സോപ്പ്‌ നിര്‍മ്മാണം തുടങ്ങാന്‍ ചാന്‍സുള്ളതൊണ്ട്‌ സൂക്ഷിച്ചും കണ്ടും ഒക്കെ ചെയ്‌തോണം. ആക്രാന്തം നന്നല്ല എന്ന്‌ കാരണോമ്മാര്‌ പറഞ്ഞിട്ടുള്ളതാ.

ആ പിന്നേ, എനിക്ക്‌ ലേശം ക്ഷമയില്ലായ്‌മയുടെ അപഹാരം ഉള്ളതോണ്ട്‌ ഗ്രേറ്റ്‌ ചെയ്‌ത രീതിയില്‍ ഗ്ലിസറിന്‍ സോപ്പ്‌ ഫ്ലേക്‌സ്‌ ഉള്ള പാക്കറ്റാണ്‌ വാങ്ങാറ്‌. വെട്ടലും അരിയലും ഒന്നും വേണ്ടല്ലോ. മടിയന്‍മാര്‍ക്ക്‌ ഇത്‌ നല്ലൊരു ഓപ്‌ഷനാണ്‌.

ഇനി ഈ സ്‌റ്റീല്‍പാത്രം വേറൊരു പാത്രം വെള്ളത്തിലിറക്കി വെച്ച്‌ ഡബിള്‍ ബോയില്‍ രീതിയില്‍ ചൂടാക്കണം. കുറച്ച്‌ നേരം കൊണ്ട്‌ മെഴുകുരുകണ പോലെ സോപ്പുണ്ണി ഉരുകും. ഇടക്കൊന്ന്‌ ഇളക്കി കൊടുക്കണംന്നേ ഉള്ളൂ.

ആ നേരം കൊണ്ട്‌ അലോവേര എടുത്തോണ്ട്‌ വന്ന്‌ വൃത്തിയുള്ള തുണി കൊണ്ട്‌ തുടച്ച്‌ അതിന്റെ ബേസ്‌ ഭാഗത്തെ കറയുള്ള വെള്ളനിറവും ഇരുഭാഗവുമുള്ള മുള്ളുകളും ചെത്തിക്കളയാം. എന്നിട്ട്‌ നടുഭാഗം കുനുകുനാ അരിയാം. പെര്‍ഫെക്ഷന്റെ അസുഖം ഉള്ളോര്‍ക്ക്‌ ഒന്നൂടി ചീന്തി ഉള്ളിലെ ജെല്‍ മാത്രം തോണ്ടി എടുക്കുകയുമാവാം.

ഇത്‌ മിക്‌സീല്‍ ഇട്ടടിച്ച്‌ നീര്‌ അരിച്ചെടുക്കാം. കൂടെ വെളിച്ചെണ്ണ, ലാവന്റര്‍ ഓയില്‍, കളര്‍ വേണേല്‍ അത്‌ എന്നിവ നേരത്തേ പറഞ്ഞ അളവില്‍ ചേര്‍ക്കുക. ഉരുകിയ സോപ്പ്‌ ബേസും ചേര്‍ക്കുക. ഒരു കാരണവശാലും സോപ്പ്‌ബേസിനേക്കാള്‍ അളവില്‍ നമ്മുടെ കൂട്ട്‌ ഉണ്ടാവാന്‍ പാടില്ല. സോപ്പ്‌ സെറ്റാവൂല. ഒരു സ്‌റ്റീല്‍ സ്‌പൂണ്‍ കൊണ്ട്‌ നല്ലോണം മിക്‌സ്‌ ചെയ്യുക.

സോപ്പിന്റെ അച്ച്‌ വേണേല്‍ വാങ്ങാന്‍ കിട്ടും. ഞാന്‍ കൂട്ട്‌ ഒഴിച്ചിരിക്കുന്ന ഈ സിങ്കവും ടെഡിയും ഹിപ്പോയുമൊക്കെ അങ്ങനെ മക്കളെ പറ്റിക്കാന്‍ വാങ്ങിയതാ. അത്‌ കൂടാതെ ചൂട്‌ സഹിക്കുന്ന സോപ്പിന്റെ ആകൃതിയായി നമുക്ക്‌ കണക്ക്‌ കൂട്ടാവുന്ന എന്ത് സാധനവും മോള്‍ഡ്‌ ആക്കാം. കുറച്ച്‌ വെളിച്ചെണ്ണ തടവുക, സോപ്പ്‌ കൂട്ട്‌ ഒഴിക്കുക, അതിനെ അവിടെ വെച്ച്‌ നമ്മളിങ്ങ്‌ പോരുക. രണ്ട്‌ മണിക്കൂര്‍ കഴിയുമ്ബോ നമുക്ക്‌ സുഖായി ഇളക്കിയെടുക്കാം. ഇളകി വരാത്തവരെ കത്തി വെച്ച്‌ ജസ്‌റ്റൊന്ന്‌ സൈഡില്‍ തോണ്ടി കൊടുത്തേക്കുക, ചാടിയിങ്ങ്‌ പോരും. മൂന്നീസം കഴിഞ്ഞ്‌ മനസ്സമാധാനത്തോടെ മൂത്തോര്‍ക്കും മക്കള്‍ക്കുമൊക്കെ ഉപയോഗിക്കാം, സൂപ്പറാ.

ഈ അലോവേരയുടെ സ്‌ഥാനത്ത്‌ തുളസി അരച്ച്‌ അരിച്ചത്‌/ ഓറഞ്ച്‌ നീരും ഓറഞ്ച്‌ തൊണ്ട്‌ ഗ്രേറ്റ്‌ ചെയ്‌തതും മിക്‌സ്‌ ചെയ്‌തത്‌/ തേനും ഓട്‌സും/കാപ്പിപ്പൊടി/ചെമ്ബരത്തിപ്പൂ/മുള്‍ട്ടാനി മിട്ടി/റോസാപ്പൂ അരച്ചത്‌/ഗ്രീന്‍ ടീ/പഴുത്ത പപ്പായ/പാല്‍ തുടങ്ങി അനന്തമായ സാധ്യതകളുണ്ട്‌. ഞാനിന്ന്‌ ഉണ്ടാക്കിയത്‌ ഓറഞ്ച്‌ സോപ്പും അലോവേര സോപ്പുമാണ്‌. ഇവയൊന്നും തന്നെ ‘സൗന്ദര്യവര്‍ധകം’ ആയി കണക്ക്‌ കൂട്ടിയില്ലെങ്കില്‍ പോലും ഉപയോഗിക്കാന്‍ കടേന്ന്‌ വാങ്ങുന്ന സോപ്പിനേക്കാള്‍ ഗുണമേന്മ കാണും. വിലക്കുറവും കാണുമെന്ന്‌ നിസ്സംശയം പറയാം.

വലിയ അളവില്‍ ഉണ്ടാക്കുമ്ബോള്‍ കുറച്ചൂടെ സങ്കീര്‍ണമായ ഒരു രീതിയാണ്‌ ഉപയോഗിക്കുക. സോഡിയം ഹൈഡ്രോക്‌സൈഡും പിന്നേം ഏതാണ്ടുമൊക്കെയുള്ള ആയുധം വെച്ചുള്ള കളി ആയതോണ്ട്‌ അത്‌ നമുക്കിത്ര ഈസിയായി നടക്കില്ലെന്ന്‌ മാത്രമല്ല, കുറച്ച്‌ ശ്രദ്ധക്കൂടുതലും വേണ്ടതാണ്‌. ഈ രീതിയിലുള്ള സോപ്പ്‌ നിര്‍മ്മാണത്തില്‍ കെമിക്കല്‍ അലര്‍ജിക്കുള്ള സാധ്യത കൂടുതലാണ്‌. ആ രീതിയുടെ ട്യൂട്ടോറിയലുകള്‍ യഥേഷ്‌ടം യൂട്യൂബിലുണ്ട്‌. ചിലരൊക്കെ ചെയ്യുന്നത്‌ നേരില്‍ കണ്ടിട്ടുമുണ്ട്‌. സ്വയം പരീക്ഷിച്ചിട്ടില്ല. വേണ്ടവര്‍ക്ക്‌ അതും ശ്രമിച്ച്‌ നോക്കാവുന്നതാണ്‌.

അപ്പോ എല്ലാവരും സോപ്പുണ്ടാക്കൂ ആഘോഷിക്കൂ.
സോപ്പാശംസകള്‍.

സ്‌നേഹം,
ഷിംന.

വാല്‍ക്കഷ്‌ണം: കറ്റാര്‍വാഴയും ചെടികളും തഴച്ച്‌ വളരാന്‍ ഇടക്കിടെ കമ്ബോസ്‌റ്റ്‌ വളം ഇട്ട്‌ സ്‌നേഹിക്കാം, ചായ വേസ്‌റ്റ്‌, ഉള്ളിത്തൊലി, മുട്ടയുടെ തോട്‌ മിക്‌സീലിട്ട്‌ പൊടിച്ചത്‌ (പൊടിച്ചിട്ടില്ലേല്‍ അത്‌ സാലാ കൗവ്വാ കൊത്തിക്കൊണ്ട്‌ പോയി കൊച്ചിന്‌ മിച്ചറിന്‌ പകരം കൊടുക്കും). കറ്റാര്‍വാഴ പോലുള്ള സക്യുലെന്റ്‌ ചെടികള്‍ സാധാരണ ചെടികളെപ്പോലെ എന്നും നനയ്‌ക്കരുത്‌. മൂന്ന്‌ ദിവസം കൂടുമ്ബോള്‍ മതി. ചെടികളും ഹാപ്പി, നമ്മളും ഹാപ്പി.