Malayalam Article

പി.ടി.ഉഷയും ഇളയരാജയും രാജ്യസഭയിലേക്ക്; പ്രഖ്യാപിച്ചത് പ്രധാനമന്ത്രി നരേന്ദ്രമോദി

കായിക താരം പി.ടി. ഉഷയും സംഗീത സംവിധായകന്‍ ഇളയരാജയും രാജ്യസഭയിലേക്ക്. തെലുങ്ക് ചലച്ചിത്ര സംവിധായകന്‍ വി.വിജയേന്ദ്ര പ്രസാദ്, ജീവകാരുണ്യ പ്രവര്‍ത്തകന്‍ വീരേന്ദ്ര ഹെഗ്‌ഡെ എന്നിവരെയും രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്തിട്ടുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചു.

രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്ത നാലു പേരെയും അഭിനന്ദിച്ച് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു. എല്ലാ ഇന്ത്യക്കാര്‍ക്കും പ്രചോദനമാണ് പി.ടി. ഉഷ, തലമുറകളെ സ്വാധീനിച്ച സംഗീതജ്ഞനാണ് ഇളയരാജയെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.

”പി.ടി.ഉഷ എല്ലാ ഇന്ത്യക്കാര്‍ക്കും പ്രചോദനമാണ്. കായികരംഗത്ത് അവരുടെ നേട്ടങ്ങള്‍ എല്ലാവര്‍ക്കും അറിവുള്ളതാണ്. അതിലുപരി വളര്‍ന്നുവരുന്ന കായികതാരങ്ങള്‍ക്കായി വര്‍ഷങ്ങളായി ഉഷ നടത്തിവരുന്ന അധ്വാനം ശ്രദ്ധേയമാണ്. രാജ്യസഭയിലേക്ക് നാമനിര്‍ദേശം ലഭിച്ചതിന് അഭിനന്ദനങ്ങള്‍’ – പ്രധാനമന്ത്രി മോദി ട്വിറ്ററില്‍ കുറിച്ചു.

”ഒട്ടേറെ വികാരങ്ങളെ പ്രതിഫലിപ്പിക്കുന്നതാണ് ഇളയരാജയുടെ ഗാനങ്ങള്‍. അദ്ദേഹത്തിന്റെ ജീവിതയാത്രയും അതിലേറെ പ്രചോദനാത്മകമാണ്. തീര്‍ത്തും ലളിതമായ സാഹചര്യങ്ങളില്‍നിന്ന് ഉയര്‍ന്നുവന്നാണ് അദ്ദേഹം ഈ നേട്ടങ്ങളത്രയും സ്വന്തമാക്കിയത്. അദ്ദേഹത്തിന് രാജ്യസഭയിലേക്ക് നാമനിര്‍ദേശം ലഭിച്ചതില്‍ സന്തോഷം’ – മോദി കുറിച്ചു. നോമിനേറ്റഡ് അംഗമായി കാലാവധി പൂര്‍ത്തിയാക്കിയ സുരേഷ് ഗോപി ഉള്‍പ്പടെയുള്ളവരുടെ ഒഴിവിലേക്കാണ് ഇവരെ നാമനിര്‍ദേശം ചെയ്തിരിക്കുന്നത്.

Gargi