ഇത്രയും മോശം ഭക്ഷണം നിങ്ങളുടെ വീട്ടിലുള്ളവര്‍ക്കോ മക്കള്‍ക്കോ കൊടുക്കുമോ? രോഷത്തോടെ യുവതി

ഇന്ത്യന്‍ റെയില്‍വേ കാറ്ററിംഗ് ആന്‍ഡ് ടൂറിസം കോര്‍പ്പറേഷന്‍ (ഐആര്‍സിടിസി) തനിക്ക് വിളമ്പിയ ഭക്ഷണത്തിന്റെ ഗുണനിലവാരത്തെക്കുറിച്ച് പരാതിയുമായി റെയില്‍വേ യാത്രക്കാരി. ഹോമിയോപ്പതി ഡോക്ടര്‍ ആയ ഭൂമിക തന്റെ ട്വിറ്ററിലൂടെയാണ് മോശം ഭക്ഷണത്തെ കുറിച്ച് പറഞ്ഞത്. ‘ഈ ഭക്ഷണം നിങ്ങള്‍ ഒരിക്കലെങ്കിലും കഴിച്ചു നോക്കിയിട്ടുണ്ടോ? ഇത്രയും മോശം ഭക്ഷണം നിങ്ങളുടെ വീട്ടിലുള്ളവര്‍ക്കോ മക്കള്‍ക്കോ നിങ്ങള്‍ കൊടുക്കുമോ? തടവുകാര്‍ക്കു നല്‍കുന്ന ഭക്ഷണം പോലെയുണ്ടിത്.

ടിക്കറ്റ് ചാര്‍ജ് അനുദിനം വര്‍ധിപ്പിക്കുമ്പോഴും നല്‍കുന്ന ഭക്ഷണത്തിന്റെ ഗുണമേന്മയില്‍ മാറ്റമൊന്നുമില്ല. ഐആര്‍ടിസിയിലെ ഏതെങ്കിലും സ്റ്റാഫിനെ ഉദ്ദേശിച്ചല്ല ഇത്. അവര്‍ ഭക്ഷണം യാത്രക്കാര്‍ക്ക് എത്തിച്ചു നല്‍കുന്നുവെന്ന് മാത്രമേയുള്ളൂ. അവരുടെ ഭാഗത്ത് തെറ്റൊന്നുമില്ല. ഭക്ഷണത്തെക്കുറിച്ച് പരാതിപ്പെട്ടപ്പോള്‍ പണം തിരികെ തരാനും അവര്‍ തയ്യാറായി’- എന്ന് ഐആര്‍സിടിസിയെ ടാഗ് ചെയ്ത് ഭൂമിക കുറിച്ചു. ഒപ്പം തനിക്ക് കിട്ടിയ ഭക്ഷണത്തിന്റെ ചിത്രവും ഇവര്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ചോറും രണ്ട് തരം കറികളുമാണ് ഇവര്‍ പോസ്റ്റ് ചെയ്ത ചിത്രത്തില്‍ കാണാന്‍ സാധിക്കുന്നത്.

നിരവധി പേരാണ് ഭൂമികയെ പിന്തുണച്ച് രംഗത്തെത്തിയത്. തീര്‍ത്തും നിരുത്തരവാദപരമായ മറുപടിയാണ് ഐആര്‍സിടിസിയുടെ ഭാഗത്തുനിന്ന് ഉണ്ടായിരിക്കുന്നതെന്നാണ് മിക്കവരും കമന്റ് ചെയ്യുന്നത്. അതേസമയം യുവതിയോട് പിഎന്‍ആറും മൊബൈല്‍ നമ്പറും മെസേജ് അയക്കാന്‍ ഐആര്‍സിടിസി ആവശ്യപ്പെട്ടിട്ടുണ്ട്.

Gargi