‘ഇപ്പോള്‍ സെറ്റില്‍ ചെല്ലുമ്പോള്‍ പറയും കാരവന്‍ കിടപ്പുണ്ട്, അവിടെയിരിക്കാമെന്ന്’ ഇന്ദ്രന്‍സ്

സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തില്‍ നിന്ന് ‘ഹോം’ സിനിമയെ അപ്പാടെ ഒഴിവാക്കിയതില്‍ പ്രതികരിച്ച് നടന്‍ ഇന്ദ്രന്‍സ് രംഗത്തെത്തിയിരുന്നു. ”സിനിമ ജൂറി കണ്ടു കാണില്ല എന്നത് ഉറപ്പാണ്. അതല്ലെങ്കില്‍ അവര്‍ എന്തെങ്കിലും പ്രതികരിച്ചേനെ. മികച്ച നടനുള്ള പുരസ്‌കാരം…

സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തില്‍ നിന്ന് ‘ഹോം’ സിനിമയെ അപ്പാടെ ഒഴിവാക്കിയതില്‍ പ്രതികരിച്ച് നടന്‍ ഇന്ദ്രന്‍സ് രംഗത്തെത്തിയിരുന്നു.
”സിനിമ ജൂറി കണ്ടു കാണില്ല എന്നത് ഉറപ്പാണ്. അതല്ലെങ്കില്‍ അവര്‍ എന്തെങ്കിലും പ്രതികരിച്ചേനെ. മികച്ച നടനുള്ള പുരസ്‌കാരം രണ്ട് പേര്‍ക്കു കൊടുത്തില്ലേ. ജനപ്രിയ ചിത്രത്തിനുള്ള അവാര്‍ഡ് ലഭിച്ച ഹൃദയം നല്ല സിനിമയാണ്. അതിനൊപ്പം ഹോമിനെയും ചേര്‍ത്തുവയ്ക്കമായിരുന്നില്ലേ. എന്റെ കുടുംബം തുലച്ചു കളഞ്ഞതില്‍ സങ്കടമുണ്ടെന്നുമായിരുന്നു അദ്ദേഹം പ്രതികരിച്ചത്.

ഇപ്പോഴിതാ അദ്ദേഹം വനിതയ്ക്ക് നല്‍കിയ അഭിമുഖമാണ് വൈറലാകുന്നത്. ‘ചില സിനിമകളുടെ ക്ലൈമാക്‌സ് സീനില്‍ നിന്നും തന്നെ മാറ്റിനിര്‍ത്തിയിട്ടുണ്ട്. ഷൂട്ടിങ് സമയത്ത് ക്ലൈമാക്‌സ് സീനില്‍ ഇന്ദ്രന്‍ നില്‍ക്കണ്ട എന്നു പറഞ്ഞിട്ടുണ്ടെന്ന് താരം അഭിമുഖത്തില്‍ തുറന്നു പറഞ്ഞു. ആദ്യമൊക്കെ അതുകേള്‍ക്കുമ്പോള്‍ വിഷമം തോന്നിയിരുന്നു. സ്‌കൂളിലെ അനുഭവങ്ങളാണ് അപ്പോള്‍ ഓര്‍മ്മ വരുന്നത്.

Home1
Home1

പിന്നീടാണ് അതിന്റെ യാഥാര്‍ത്ഥ്യം എനിക്കു മനസ്സിലായത്. അവസാന സീനില്‍ വരെ കോമാളി കളിച്ച് തലകുത്തിനില്‍ക്കുന്ന കഥാപാത്രങ്ങളായിരിക്കും മിക്കവാറും എന്റേത്. അങ്ങനെ ഒരു വളര്‍ച്ചയുമില്ലാത്ത കഥാപാത്രം ക്ലൈമാക്‌സ് സീനിലൊക്കെ കയറി നിന്നാല്‍ അതിന്റെ ഗൗരവം നഷ്ടമാവും.

അത് സിനിമയെ ബാധിക്കും. ഇതറിഞ്ഞപ്പോള്‍ ഞാന്‍ തന്നെ സംവിധായകനോടു ചോദിക്കും ‘സാര്‍ ഈ സീനില്‍ ഞാന്‍ നില്‍ക്കാതിരിക്കുന്നതല്ലേ നല്ലത്.’ അങ്ങനെ സ്വയമങ്ങ് ഒഴിവാകും. പിന്നെപ്പിന്നെ ഞാനിതൊരു സൗകര്യമാക്കി. ‘സാര്‍ ക്ലൈമാക്‌സില്‍ ഞാന്‍ ഇല്ലല്ലോ? എന്നാല്‍പ്പിന്നെ ഞാന്‍ പൊയ്‌ക്കോട്ടെ’ രണ്ടുദിവസം മുമ്പേ സ്ഥലം വിടാം. ഒന്നുകില്‍ വീട്ടിലേക്ക് അല്ലെങ്കില്‍ അടുത്ത ലൊക്കേഷനിലേക്ക്. രണ്ടായാലും സന്തോഷം.’ ഇന്ദ്രന്‍സ് ചിരിക്കുന്നു.

‘ചെയ്യുന്ന ജോലിയോട് അത് തയ്യലായാലും അഭിനയമായാലും നൂറുശതമാനം ആത്മാര്‍ത്ഥത. ഇപ്പോള്‍ സെറ്റില്‍ ചെല്ലുമ്പോള്‍ പറയും കാരവന്‍ കിടപ്പുണ്ട്. അവിടെയിരിക്കാം. ഞാന്‍ പറയും ഒരു കസേര കിട്ടിയാല്‍ മതി ഞാന്‍ ഹാപ്പിയാണെന്ന് പറയാറുണ്ടെന്നും താരം പറയുന്നു.