‘ഹോം’ സിനിമയെ ഒഴിവാക്കാന്‍ ആദ്യമേ കാരണം കണ്ടുവെച്ചിട്ടുണ്ടാകും!! തുറന്നടിച്ച് ഇന്ദ്രന്‍സ് രംഗത്ത്!!

സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചതിന് പിന്നാലെ ഹോം എന്ന സിനിമയെ പൂര്‍ണമായും തഴഞ്ഞതില്‍ വലിയ തോതിലുള്ള വിമര്‍ശനങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്. മികച്ച നടനുള്ള പുരസ്‌കാരം ഇന്ദ്രന്‍സിന് തന്നെയാണ് ലഭിക്കേണ്ടിയിരുന്നത് എന്നതാണ് പലരുടേയും അഭിപ്രായം.…

സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചതിന് പിന്നാലെ ഹോം എന്ന സിനിമയെ പൂര്‍ണമായും തഴഞ്ഞതില്‍ വലിയ തോതിലുള്ള വിമര്‍ശനങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്. മികച്ച നടനുള്ള പുരസ്‌കാരം ഇന്ദ്രന്‍സിന് തന്നെയാണ് ലഭിക്കേണ്ടിയിരുന്നത് എന്നതാണ് പലരുടേയും അഭിപ്രായം. വിജയ്ബാബു കേസ് വെച്ച് എന്തിനാണ് ഹോം എന്ന നല്ല സിനിമയെ തഴഞ്ഞത് എന്ന ചോദ്യവും ഉയരുന്നതിനിടെ പ്രതികരണവുമായി ഇപ്പോള്‍ ഇന്ദ്രന്‍സ് തന്നെ രംഗത്ത് എത്തിയിരിക്കുകയാണ്.

ഹോം സിനിമ ജൂറി അംഗങ്ങള്‍ കണ്ടിട്ടുണ്ടാകില്ലെന്നാണ് ഇന്ദ്രന്‍സ് പറയുന്നത്. വീട്ടിലെ ഒരാള്‍ തെറ്റ് ചെയ്താല്‍ മുഴുവന്‍ കുടുംബത്തെയും ശിക്ഷിക്കുമോ എന്നാണ് അദ്ദേഹം ചോദിക്കുന്നത്. വിവിധ മാധ്യമങ്ങളോട് ഇന്ദ്രന്‍സ് നടത്തിയ പ്രതികരണമാണ് വൈറലായി മാറുന്നത്. വ്യക്തിപരമായി എനിക്ക് പുരസ്‌കാരം ലഭിക്കാത്തതില്‍ വിഷമമില്ല എന്നും എന്നാല്‍ താന്‍ ഭാഗമായ ഹോം എന്ന സിനിമയെ പൂര്‍ണമായി തഴഞ്ഞതെന്തിനാണെന്നും അദ്ദേഹം ചോദിക്കുന്നു.

ഈ സിനിമ കണ്ടവരെല്ലാം മികച്ച അഭിപ്രായമാണ് പറഞ്ഞത്. സിനിമയെ ഒഴിവാക്കാന്‍ ആദ്യമേ കാരണം കണ്ടുവച്ചിട്ടുണ്ടാകാം എന്നാണ് അദ്ദേഹം പറയുന്നത്. നിര്‍മ്മാതാവ് കുറ്റക്കാരന്‍ അല്ലെന്ന് തെളിഞ്ഞാല്‍ ജൂറി വീണ്ടും സിനിമ കാണുമോ? എന്നും അദ്ദേഹം ചോദിക്കുന്നു. ജനങ്ങള്‍ക്ക് സിനിമ ഇഷ്ടപ്പെട്ടത് കൊണ്ടാണല്ലോ പ്രതിഷേധം രേഖപ്പെടുത്തുന്നത്. രമ്യാനമ്പീശനും വി.ടി ബലറാമുമൊക്കെ സിനിമ കണ്ടിട്ടുണ്ട് അതുകൊണ്ടാണ് അവരും ഞങ്ങള്‍ക്ക് വേണ്ടി ശബ്ദമുയര്‍ത്തിയത്.

ജനപ്രിയ ചിത്രത്തിനുള്ള അവാര്‍ഡ് ലഭിച്ച ഹൃദയം നല്ല സിനിമയാണ്. അതിനൊപ്പം ഹോമിനെയും ചേര്‍ത്തുവയ്ക്കമായിരുന്നില്ലേയെന്നും ഇന്ദ്രന്‍സ് പറയുന്നു, എനിക്ക് അവാര്‍ഡ് കിട്ടാത്തത്തില്‍ വിഷമമില്ലെന്ന് പറഞ്ഞ അദ്ദേഹം ബിജുവും ജോജുവും എന്റെ കൂട്ടുകാരാണെന്നും അവര്‍ക്ക് പുരസ്‌കാരങ്ങള്‍ ലഭിച്ചതില്‍ സന്തോഷം മാത്രമാണ് ഉള്ളതെന്നും കൂട്ടിച്ചേര്‍ത്തു.