‘പലപ്പോഴും വീട്ടിലെത്താന്‍ വൈകിയപ്പോഴും പല കഥകളും അടിച്ചിറക്കി’ പൊള്ളിക്കുന്ന ജീവിത കഥയുമായി ഇന്ദുലേഖ

കുടുംബപ്രേക്ഷകര്‍ക്ക് ഏറെ ഇഷ്ടമാണ് നടി ഇന്ദുലേഖയെ. വ്യക്തി ജീവിതത്തില്‍ ഏറെ വേദനകളും ബുദ്ധിമുട്ടുകളും താങ്ങേണ്ടിവന്ന അഭിനേത്രിയാണ് ഇന്ദുലേഖ. താന്‍ ജീവിതത്തില്‍ കടന്നുപോയ ദുസഹമായ സാഹചര്യങ്ങളെ കുറിച്ച് ഫ്‌ളവേഴ്‌സ് ഒരു കോടി എന്ന ശ്രീകണ്ഠന്‍ നായര്‍…

കുടുംബപ്രേക്ഷകര്‍ക്ക് ഏറെ ഇഷ്ടമാണ് നടി ഇന്ദുലേഖയെ. വ്യക്തി ജീവിതത്തില്‍ ഏറെ വേദനകളും ബുദ്ധിമുട്ടുകളും താങ്ങേണ്ടിവന്ന അഭിനേത്രിയാണ് ഇന്ദുലേഖ. താന്‍ ജീവിതത്തില്‍ കടന്നുപോയ ദുസഹമായ സാഹചര്യങ്ങളെ കുറിച്ച് ഫ്‌ളവേഴ്‌സ് ഒരു കോടി എന്ന ശ്രീകണ്ഠന്‍ നായര്‍ പരിപാടിയില്‍ ഇന്ദുലേഖ മനസു തുറന്നു.

ലിവര്‍സിറോസിസ് ബാധിച്ചാണ് ഭര്‍ത്താവ് മരിച്ചതെന്ന് ഇന്ദുലേഖ പറഞ്ഞു. ചികിത്സയിലൂടെ ജീവിതത്തിലേക്ക് തിരിച്ചെത്തുമെന്ന് പ്രതീക്ഷിച്ചിരുന്നു. എന്നാല്‍, തിരിച്ചുവരവ് സാധ്യമല്ലെന്ന് മനസ്സിലായപ്പോള്‍ ഭര്‍ത്താവ് തന്നോട് കാരണമില്ലാതെ ദേഷ്യപ്പെടാന്‍ തുടങ്ങി. എന്തിനാണ് ഇങ്ങനെ അവളെ വേദനിപ്പിയ്ക്കുന്നത് എന്ന് സുഹൃത്ത് ചോദിച്ചപ്പോള്‍, ഞാന്‍ പോയി കഴിഞ്ഞാല്‍ അവള്‍ എന്നെ ഓര്‍ത്ത് ജന്മം പാഴാക്കരുത്. ഇപ്പോള്‍ തന്നെ ഒരു അകലം പാലിച്ചു കഴിഞ്ഞാല്‍ അവള്‍ അതുമായി പൊരുത്തപ്പെടും എന്ന് പറയുമായിരുന്നുവെന്ന് ഇന്ദുലേഖ പറഞ്ഞു.

ഭര്‍ത്താവിന്റെ മരണശേഷം 12 ദിവസം വീട്ടില്‍ എല്ലാവരുമുണ്ടായിരുന്നു. മരണാനന്തര ചടങ്ങുകളൊക്കെയുള്ളതിനാല്‍ വീട് നിറയെ ആളുകളായിരുന്നു. 13ാമത്തെ ദിവസം എല്ലാവരും ഇറങ്ങിപ്പോയപ്പോള്‍ വല്ലാത്തൊരു ഒറ്റപ്പെടലായിരുന്നു. കുറേ ദിവസം ഉറക്കമൊന്നുമുണ്ടായിരുന്നില്ല. ഇടയ്ക്ക് ക്ഷീണം കൊണ്ട് ഉറങ്ങിപ്പോയപ്പോള്‍ പെട്ടെന്ന് ഞെട്ടിയപ്പോള്‍ അടുത്താളില്ല, അതൊരു ഭീകര അവസ്ഥയായിരുന്നെന്നും ഇന്ദുലേഖ പറഞ്ഞു.

ഭര്‍ത്താവിന് അസുഖമായിരുന്ന സമയത്തും അഭിനയിക്കേണ്ടി വന്നിട്ടുണ്ട്. അദ്ദേഹം ഐസിയുവിലായിരുന്ന സമയത്താണ് മെരിലാന്‍ഡിലെ കാര്‍ത്തികേയന്‍ സാര്‍ വിളിച്ചിട്ട് സീരിയല്‍ ഇയാള്‍ വന്നില്ലെങ്കില്‍ നിന്ന് പോവും. നഴ്സിനോട് എന്റെ അവസ്ഥ പറഞ്ഞ് മനസിലാക്കി കൊടുത്ത്, കുറച്ച് കാശൊക്കെ കൊടുത്താണ് പോയത്. അങ്ങനെയാണ് പോയി മേക്കപ്പിട്ട് അഭിനയിച്ചത്. ഭര്‍ത്താവ് അവിടെ കിടക്കുന്നു, ആ സമയത്തും അവള്‍ മുഖത്ത് ചായം തേച്ച് പോയി അഭിനയിക്കുന്നു എന്നായിരുന്നു ചിലരൊക്കെ തന്നെക്കുറിച്ച് ആ സമയത്ത് പറഞ്ഞിരുന്നതെന്നും ഇന്ദുലേഖ വേദനയോടെ ഓര്‍ക്കുന്നു.

ഇങ്ങനെ ഇരുന്നാല്‍ ശരിയാവില്ല, മോള്‍ക്ക് ഞാന്‍ മാത്രമേ ഉള്ളൂ എന്ന് തിരിച്ചറിഞ്ഞപ്പോള്‍ 15 ദിവസം കഴിഞ്ഞ് ഞാന്‍ ബാങ്ക് ജോലിക്ക് പോകാന്‍ തീരുമാനിച്ചു. അന്ന് ഞാന്‍ ഇറങ്ങിയ നേരത്ത് വീട്ടിന്റെ അപ്പുറത്ത് നിന്ന് ഒരാള്‍, ഹൂം ഇറങ്ങിയിട്ടുണ്ട് എന്ന് പറഞ്ഞ ആ വാക്ക് ഇപ്പോഴും എന്റെ കാതില്‍ മുഴങ്ങുന്നുണ്ട്. പക്ഷെ അത്തരം കുത്തു വാക്കുകളാണ് എന്നെ മുന്നോട്ട് നയിച്ചത്. പ്രൈവറ്റ് ബാങ്ക് ആയത് കൊണ്ട് പലപ്പോഴും വീട്ടിലെത്താന്‍ വൈകിയപ്പോഴും പല കഥകളും അടിച്ചിറക്കി. എല്ലാം എനിക്ക് എന്റെ മകളെ മാത്രം ബോധ്യപ്പെടുത്തിയാല്‍ മതിയല്ലോ എന്നുള്ളത് കൊണ്ട് അതിനോട് ഒന്നും പ്രതികരിക്കാന്‍ പോയില്ല. എനിക്ക് ആരോടും ഒരു പരാതിയും പരിഭവവും ഇല്ലെന്നും ഇന്ദുലേഖ പറഞ്ഞു.