ഇന്ന്‌ കൊല്ലം നാളെ കൊച്ചി

ഇന്ന്‌ കൊല്ലം നാളെ കൊച്ചി ആന പാപ്പാനെ ചവിട്ടിയരച്ചാൽ ചങ്ങലയ്ക്കിടുന്നത് ആനയെയാണ് . അല്ലാതെ കാടിന്റെ കുഞ്ഞിനെ പിടിച്ചു കൊണ്ടു വന്ന അമ്പല കമ്മറ്റിയേയല്ല. കതിനപുരയ്ക്ക് തീ പിടിച്ചാൽ കേസ് വെടിക്കെട്ട് സൂക്ഷിപ്പ്കാരന്റെ പേരിലാണ്.…

ഇന്ന്‌ കൊല്ലം നാളെ കൊച്ചി

ആന പാപ്പാനെ ചവിട്ടിയരച്ചാൽ ചങ്ങലയ്ക്കിടുന്നത് ആനയെയാണ് . അല്ലാതെ കാടിന്റെ കുഞ്ഞിനെ പിടിച്ചു കൊണ്ടു വന്ന അമ്പല കമ്മറ്റിയേയല്ല. കതിനപുരയ്ക്ക് തീ പിടിച്ചാൽ കേസ് വെടിക്കെട്ട് സൂക്ഷിപ്പ്കാരന്റെ പേരിലാണ്. അല്ലാതെ അവനെ ഈ കൊലക്കത്തി ഏൽപ്പിച്ച ദേവസ്വം ബോർഡിനല്ല.

കണ്ടു വളർന്ന സംസ്കാരം. ആരോ ചെയ്ത്‌ വെച്ച വിഴുപ്പിനെ ആചാരത്തിന്റെ പേരിൽ അറപ്പില്ലാതെ ചുമക്കുക. കാലങ്ങളായി ഇതാണല്ലോ വിശ്വാസത്തിന്റെ പേരിൽ നമ്മുടെ നാട്ടിൽ നടക്കുന്നത്. ഇതിനെതിരെ ആരെങ്കിലും പ്രതികരിച്ചാൽ അവനുടനെ നിരീശ്വരവാദിയായി മതവിരുദ്ധിയായി.4458b9f4-0566-48b9-b6e9-1de96fdaf76b

കൊല്ലത്ത്‌ നടന്ന ദുരന്തം കേരളത്തിന്റെ പല ഭാഗങ്ങളിലായി ഇതിന്‌ മുമ്പും നടന്നിട്ടുണ്ട്. നീറ്റലിന്റെ ആക്കം കൂട്ടുന്ന ആദ്യത്തെ ഒരാഴ്ച്ച ചാനലിന്‌ ആഘോഷിക്കാൻ ഒരു വാർത്ത. പുട്ടിന്‌ പീര പോലെ സർക്കാരിന്റെ വക ആശ്വാസ പ്രകടനവും സാമ്പത്തിക സഹായവും. എല്ലാ വർഷവും ഇങ്ങനെയൊരു ദുരന്തത്തിന് കാത്തിരിക്കാതെ ഇത്തരം അനാചാരങ്ങൾ നിർത്താലാക്കാൻ ഉറക്കെ പറയാൻ ശബ്ദമില്ലാതെ പോയതിവിടെ ആർക്കാണ്‌? ജനങ്ങൾക്കോ അതോ ജനങ്ങളുടെ നെഞ്ചിൽ പന്തലിട്ടിരിക്കുന്ന കന്നാലികൾക്കോ?

പാപ്പാന്മാർ ആനയ്ക്ക് ഇരയാകുന്നത് ശീലമായപ്പോൾ പറയെടുക്കാൻ നാട്‌ ചുറ്റലിൽ നിന്ന്‌ ആനയെ ഒഴിവാക്കി. വളരെ നല്ല കാര്യം. പക്ഷേ എഴുന്നള്ളിപ്പ് മാമാങ്കത്തിന്റെ പേരിൽ മണിക്കൂറുകളോളം അവയെ പൊള്ളുന്ന വെയിലത്ത്‌ നിർത്തുന്നത്‌ കാണും മുൻപെന്താ സുപ്രീം കോടതിയുടെ കണ്ണിൽ കരട് പോയോ?? കണ്ണ് തുറക്കാൻ ആവശ്യപ്പെടുമ്പോൾ പേരിന് തുറന്നെന്ന് വരുത്താൻ ഒരു കണ്ണ് മാത്രം തുറന്നിട്ട്‌ കാര്യമില്ല. ചുറ്റുമുള്ളവർ മണ്ടന്മാരല്ല.

വിശ്വാസത്തിന്റെ പേരിൽ ലക്കില്ലാതെ അരങ്ങേറുന്ന ഈ കോമരം തുള്ളലിന് കൊടുക്കേണ്ടി വരുന്ന വില നിരപരാധികളുടെ ജീവനാണ്. വേണ്ടത് നിയമമോ ഭരണകൂടമോ അല്ല. മാറി ചിന്തിക്കാനുള്ള ബോധമാണ്. അമ്പലവാസികളുടെ വീടിന്റെ തറക്കല്ലിന് ബലം കൂടുമ്പോൾ കനിയുന്നതാണ് ദൈവമെങ്കിൽ ആ ദൈവത്തിൽ എനിക്ക്‌ വിശ്വസിക്കാൻ തൽക്കാലം സൗകര്യപ്പെടില്ല.

-Jayasree Sadasivan

Jayasree Sadasivan
Jayasree Sadasivan

Leave a Reply