‘വേദന കാരണം വയറ്റില്‍ പിടിച്ചാണ് ഇരിക്കുന്നത്, അത് കണ്ടു നില്‍ക്കാനാകില്ല’ ലക്ഷ്മിയെ കുറിച്ച് ഇഷാന്‍ ദേവ്

പ്രശസ്ത വയലിനിസ്റ്റും സംഗീത സംവിധായകനുമായിരുന്ന ബാലഭാസ്‌കറിന്റെ അപ്രതീക്ഷിത മരണത്തിന്റെ ഞെട്ടലില്‍ നിന്നും അദ്ദേഹത്തിന്റെ ആരാധകരും പ്രിയപ്പെട്ടവരും ഇതുവരെ മുക്തമായിട്ടില്ല. അതേസമയം ബാലഭാസ്‌കറിന്റെ മരണത്തില്‍ തുടരന്വേഷണം ആവശ്യമില്ലെന്ന സിബിഐ റിപ്പോര്‍ട്ട് ശരിവെച്ചിരുന്നു കഴിഞ്ഞ ദിവസം തിരുവനന്തപുരം സിജെഎം കോടതി. ഈയവസരത്തില്‍ ബാലുവിന്റെ ഓര്‍മ്മകളില്‍ നെഞ്ചു നീറുകയാണ് സുഹൃത്ത് ഇഷാന്‍ ദേവ്. വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഇഷാന്‍ മനസു തുറന്നത്.

”എന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട അഞ്ച് പേരില്‍ ഒരാളാണ് ബാലഭാസ്‌കര്‍. അദ്ദേഹത്തിന്റെ കുടുംബവുമായും അതേ ബന്ധമാണ്. കോളജ് കാലം മുതല്‍ തുടങ്ങിയ സൗഹൃദമാണ്. എന്റെ സീനിയറായിരുന്നു. സംഗീതത്തില്‍ ഗുരുസ്ഥാനീയനും. എന്റെ മകളെ എഴുത്തിനിരുത്തിയത് ബാലഭാസ്‌ക്കറാണ്. ഒരു സംഗീത ഉപകരണം പോലും ബാലഭാസ്‌കര്‍ അറിയാതെ ഞാന്‍ വാങ്ങിയിട്ടില്ല. അത്ര അടുപ്പമായിരുന്നു. അദ്ദേഹത്തിനും അങ്ങനെയായിരുന്നുവെന്ന് ഇഷാന്‍ പറയുന്നു. ലക്ഷ്മിച്ചേച്ചിയുമായും അതേ സൗഹൃദമാണ്. സ്വാഭാവികമായും പ്രിയസുഹൃത്തിന്റെ മരണ ശേഷം അദ്ദേഹത്തിന്റെ ഭാര്യ ഇത്തരത്തില്‍ ഒരു ആക്രമണം നേരിടുമ്പോള്‍ അവര്‍ക്കൊപ്പം നില്‍ക്കുക എന്റെയും എന്റെ കുടുംബത്തിന്റെയും കടമയാണെന്നും ഇഷാന്‍ പറഞ്ഞു.

ഇത്ര വലിയ ഒരു അപകടത്തില്‍ പെട്ട ആള്‍ക്കുള്ള എല്ലാ ആരോഗ്യ പ്രശ്‌നങ്ങളും ലക്ഷ്മിച്ചേച്ചിക്കുണ്ട്. കയ്യിലും കാലിലും കമ്പിയിട്ടിരിക്കുകയാണ്. വയറ്റില്‍ പരുക്കുണ്ട്. മരുന്നുകള്‍ കഴിച്ചുകൊണ്ടിരിക്കുന്നു. ഇത്രകാലത്തിനിടെ അവരുടെ ചികിത്സയെക്കുറിച്ച്, അതെങ്ങനെ നടന്നു പോകുന്നുവെന്ന് ഇവിടെ ആരെങ്കിലും തിരക്കിയോ. എല്ലാവര്‍ക്കും താല്‍പര്യം അവരുടെ ജീവിതത്തെ മോശമാക്കി ചിത്രീകരിക്കാനും ബാലഭാസ്‌ക്കര്‍ കള്ളക്കടത്തുകാരനാണോ എന്നു ചികയാനുമാണ്.

ഞാന്‍ ഒടുവില്‍ കാണുമ്പോഴും ചേച്ചിക്ക് നടക്കാന്‍ പോലും വയ്യാത്ത അവസ്ഥയിലായിരുന്നു. സംസാരിക്കുന്നതിനിടെ വേദന കാരണം പലവട്ടം കാലില്‍ പിടിക്കും. വേദന കാരണം വയറ്റില്‍ പിടിച്ചാണ് ഇരിക്കുന്നത്. അത് കണ്ടു നില്‍ക്കാനാകില്ല. അത്ര സങ്കടകരമാണ്. ഇപ്പോള്‍ ചേച്ചി സ്വന്തം വീട്ടിലാണ്. ഭര്‍ത്താവും കുഞ്ഞും നഷ്ടപ്പെട്ട ഒരു സ്ത്രീയുടെ വേദന ഒന്ന് ഊഹിച്ചു നോക്കൂ. അതിനിടെയാണ് ഇത്തരം വ്യാജ പ്രചരണങ്ങള്‍.

ചേച്ചിക്കതില്‍ വളരെ വേദനയുണ്ട്. ഇതൊക്കെ ന്യൂസ് മാത്രമാണ്, വിട്ടുകള ചേച്ചീ എന്ന് ആശ്വസിപ്പിക്കുകയാണ് ഞങ്ങള്‍. എന്റെ ഭാര്യ എന്നും വിളിച്ചു സംസാരിക്കും. ചേച്ചി അവളോട് പഴയ കാര്യങ്ങളെക്കുറിച്ച് സംസാരിക്കും. ചിലപ്പോള്‍ കരയും. ആരോഗ്യത്തെക്കുറിച്ച് പറയും. ഇപ്പോഴും ചേച്ചി ചികിത്സയിലാണ്. മാനസികമായും ശാരീരികമായും അവര്‍ വളരെയധികം വേദന അനുഭവിക്കുന്നുണ്ട്. അപ്പോഴാണ് മനുഷ്യത്വമില്ലാത്ത കുറേയേറെപ്പേരുടെ ഇത്തരം നുണപ്രചരണങ്ങള്‍. കഷ്ടമാണ്. അവരെ ഇനിയെങ്കിലും വെറുതെ വിടണം. അഭ്യര്‍ഥനയാണെന്നും അദ്ദേഹം പറയുന്നു.

Gargi