‘തിരികെ തിരികെ വരൂ’…! പൊട്ടിക്കരയാന്‍ കഴിയാതെ വേദന ഉറഞ്ഞു കട്ട പിടിച്ച നെഞ്ചുമായി നാല് വര്‍ഷങ്ങള്‍- ഇഷാന്‍ ദേവ്

നാല് വര്‍ഷം മുമ്പാണ് അര്‍ധരാത്രിയിലെ വാഹനാപകടം വയലിനിസ്റ്റ് ബാലഭാസ്‌കറിനും കുഞ്ഞ് മകളെയും എന്നെന്നേക്കുമായി കവര്‍ന്നത്. ഇന്നും ആ നഷ്ടങ്ങളെ ഉള്‍കക്കൊണ്ട് കൊണ്ട് ലക്ഷ്മി സാധാരണ ജീവിതത്തിലേക്ക് എത്തുന്നതേയുള്ളൂ. ബാലുവിന്റെ 4ാം ചരമവാര്‍ഷികത്തില്‍ വികാരനിര്‍ഭരമായ കുറിപ്പ് പങ്കിട്ടിരിക്കുകയാണ് സംഗീതസംവിധായകനും ഗായകനുമായ ഇഷാന്‍ ദേവ്. ഇരുവരും അടുത്ത സുഹൃത്തുക്കളായിരുന്നു.

ഒരുമിച്ചു നടന്ന സൗഹൃദവീഥികളില്‍ ഇന്ന് ഒറ്റയ്ക്കു നടക്കേണ്ടി വരുമ്പോള്‍ വല്ലാത്ത ശൂന്യത തോന്നുന്നുവെന്ന് ഇഷാന്‍ പറയുന്നു. ‘തിരികെ തിരികെ തിരികെ വരൂ’ എന്ന നോവിക്കും ഈണത്തിനൊപ്പം ബാലഭാസ്‌കറിന്റെ ഓര്‍മച്ചിത്രങ്ങള്‍ ചേര്‍ത്തുള്ള വിഡിയോയും ഇഷാന്‍ പങ്കുവച്ചിട്ടുണ്ട്.

‘ഉറക്കെ പാടാനും പൊട്ടിച്ചിരിക്കാനും പഠിപ്പിച്ച സുഹൃത്ത്. പൊട്ടിക്കരയാന്‍ പോലും കഴിയാതെ വേദന ഉറഞ്ഞു കട്ട പിടിച്ച നെഞ്ചുമായി നാല് വര്‍ഷങ്ങള്‍. ശരിക്കും, ഭൂമി ഒരു സ്വര്‍ഗ്ഗമായി മാറുന്നത് പ്രതിബന്ധങ്ങള്‍ ഇല്ലാണ്ട് ഉറ്റവരോടൊപ്പം ചിരിക്കാന്‍ കഴിയുമ്പോഴാണെന്ന് ഇഷാന്‍ പറയുന്നു.

ഉറ്റവരായി ജീവിതം വര്‍ണ്ണാഭമാക്കിയ സൗഹൃദനാളുകള്‍, ഇന്ന് വഴിയില്‍ ഒറ്റയായി നടക്കേണ്ടി വരുന്ന ശൂന്യത. കാലമേറെ കടന്നാലും മരണം വരെ നമ്മെ വിട്ട് പോകാതെ ചിലതുണ്ടാകും, ആ ചിലതില്‍ ഏറ്റവും മുകളില്‍ ആണ് എന്റെ ബാലുഅണ്ണന്‍’, ഇഷാന്‍ ദേവ് കുറിച്ചു.

2018 സെപ്റ്റംബര്‍ 25നാണ് ബാലഭാസ്‌കറിനെയും മകളെയും കവര്‍ന്ന ദുരന്തമുണ്ടായത്. ഏകമകള്‍ തേജസ്വിനി സംഭവദിവസം തന്നെ മരിച്ചിരുന്നു. ചികിത്സയില്‍ കഴിയവേ ഒക്ടോബര്‍ 2ന് ബാലഭാസ്‌കറും മരണത്തിനു കീഴടങ്ങി. അപകടത്തില്‍ ഭാര്യ ലക്ഷ്മിക്ക് ഗുരുതര പരുക്കേറ്റിരുന്നു.

Anu B